ഏകാന്തതയുടെ അപാരതീരത്തിരിക്കുകയാണ് ഡെല്ല എന്ന ഡോള്‍ഫിന്‍. കൂട്ടിനാരുമില്ലാത്തതിന്റെ സങ്കടം ചില്ലറയൊന്നുമല്ല ഡെല്ലയ്ക്ക്. പക്ഷെ തോറ്റുകൊടുക്കാന്‍ ഡെല്ലയെ കിട്ടില്ല. കൂട്ടുകാരില്ലെങ്കില്‍ ഡെല്ല തനിച്ച് സംസാരിക്കും. ബാള്‍ട്ടിക് സമുദ്രത്തില്‍ ഒറ്റപ്പെട്ടുപോയ ഡോള്‍ഫിന്‍ മാനസിക സംഘര്‍ഷത്തെ തോല്‍പ്പിക്കാന്‍ നോക്കുന്നത് ഇങ്ങനെയാണത്രേ. 

To advertise here,

2019 മുതലാണ് ബോട്ടില്‍നോസ് ഇനത്തില്‍പെട്ട ഒരു ഡോള്‍ഫിനെ ഡെന്മാര്‍ക്കിലെ സ്വെന്‍ബോള്‍ഗ്‌സണ്ട് ചാനലിന് സമീപത്ത് കണ്ടുതുടങ്ങിയത്. സാധാരണ കൂട്ടമായി ജീവിക്കുന്ന ഇവ തീരെ കടന്നെത്താത്ത സ്ഥലമാണിത്. പതിവായി കണ്ടുതുടങ്ങിയതോടെ നാട്ടുകാര്‍ അതിന് ഡെല്ല എന്ന് പേരിട്ടു. 

ഡോള്‍ഫിന്റെ സാന്നിധ്യം മറ്റ് സമുദ്രജീവികളെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠനം നടത്തിയ ഗവേഷകരാണ് ഡെല്ലയുടെ സംസാരം മനസ്സിലാക്കിയത്. ബയോ അക്കൂസ്റ്റിക്‌സ് എന്ന ജേണലിലൂടെ അവരത് പുറത്തുവിട്ടു. ബോട്ടില്‍ നോസില്‍ ഇനത്തില്‍പ്പെട്ട ഓരോ ഡോള്‍ഫിനും പ്രത്യേക ചൂളമടിരീതി ഉണ്ട്. ഡെല്ലയാകട്ടെ ഇത്തരം ഒട്ടേറെ ശബ്ദങ്ങളാണ് ഉണ്ടാക്കുന്നത്. ഇതോടെ തനിച്ചായിപ്പോയ ഡോള്‍ഫിന്‍ കൂട്ടത്തില്‍ ആളുണ്ടെന്ന് സ്വയം തോന്നിപ്പിക്കാന്‍ ആശയവിനിമയം നടത്തുകയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു ഗവേഷകര്‍.