
ലോകത്തിലെ ഏറ്റവും വലിയ പല്ലിവര്‍ഗമാണ് കൊമോഡോ ഡ്രാഗണുകള്‍. തികഞ്ഞ മാംസാഹാരിയായ കൊമോഡോ ഡ്രാഗണുകള്‍ മറ്റ് ഉരഗവര്‍ഗങ്ങളേക്കാള്‍ അക്രമോത്സുകമായാണ് തന്റെ ഇരയെ ഭക്ഷിക്കാറ്. ഇരയെ ഇരുകൈകൊണ്ടും മുറുകെപ്പിടിച്ച്, കടിച്ചുപറിച്ച് വലിയ കഷണങ്ങളായി ഭക്ഷിക്കുന്നതിന് ഇവയെ സഹായിക്കുന്നത് വായിലുള്ള അറുപതോളം വരുന്ന കൂര്‍ത്ത പല്ലുകളാണ്. ഈ നീണ്ടുകൂര്‍ത്ത പല്ലുകളുടെ അഗ്രം ഇത്രയും മൂര്‍ച്ചയുള്ളതാക്കുന്നത് ഇരുമ്പിന്റെ അംശം ആണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.
ഇന്‍ഡൊനീഷ്യന്‍ ദ്വീപസമൂഹങ്ങളിലാണ് കൊമോഡോകളെ പ്രധാനമായും കണ്ടുവരുന്നത്. ലോകത്ത് ആകെ 3500 കൊമോഡോകളാണ് ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ ഇവ സംരക്ഷിത ജീവിവര്‍ഗമാണ്. ഏറ്റവും പതിയെ പരിണാമം സംഭവിക്കുന്ന ജീവികളാണ് കൊമോഡോകള്‍ എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. പൂര്‍ണവളര്‍ച്ചയെത്തുന്ന കൊമോഡോകള്‍ക്ക് മൂന്നുമീറ്റര്‍ വരെ നീളവും കുറഞ്ഞത് 80 കിലോ വരെ ഭാരവും ഉണ്ടാവും. ശരീരത്തിന്റെ നീളത്തോളം തന്നെയായിരിക്കും വാലിന്റെയും നീളം.
ജന്തുലോകത്തെ അപകടകാരികളായ ഇരപിടിയന്മാരില്‍ ഒന്നായാണ് കൊമോഡോ ഡ്രാഗണുകളെ വിലയിരുത്തപ്പെടുന്നത്. ചത്ത മൃഗങ്ങളാണ് പ്രധാനഭക്ഷണമെങ്കിലും എലികളെയും മുയലുകളെയും മുതല്‍ മാനുകളെയും ആടുകളെയും വരെ ഇവ ഭക്ഷണമാക്കാറുണ്ട്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടാനും നാലുമീറ്റര്‍ വരെ ചാടാനുമുള്ള കഴിവ് ഇവയ്ക്കുണ്ട്. ഇരയുടെ കഴുത്തില്‍ ചാടിക്കടിച്ചാണ് കൊമോഡോകള്‍ അവയെ കൊല്ലുക. ഇരയെ കടിച്ചുമുറിച്ചു കഴിക്കാന്‍ കൊമോഡോകളെ സഹായിക്കുന്നത് പല്ലിന്റെ അറ്റത്തുള്ള ഇരുമ്പ് അഗ്രമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
ആദ്യമായാണ് ഒരു ജീവിയുടെ പല്ലില്‍ ഇരുമ്പിന്റെ അംശം കണ്ടെത്തുന്നതെന്ന് നേച്ചര്‍ എക്കോളജി ആന്‍ഡ് എവല്യൂഷന്‍ എന്ന ജേണലില്‍ ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കിങ്‌സ് കോളേജ് ഓഫ് ലണ്ടനിലെ ഡെന്റല്‍ ബയോസയന്‍സ് വിഭാഗം അധ്യാപകനായ ആരോണ്‍ ലേബ്ലാന്‍കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനത്തിന് പിന്നില്‍. കൊമോഡോകളുടെ പല്ലുകളുടെ അഗ്രത്തുള്ള ഓറഞ്ച് നിറമാണ് ഗവേഷകരെ ഇതേക്കുറിച്ചുള്ള പഠനത്തിലേക്ക് നയിച്ചത്.
Read more at: പരസ്പരം പോരടിക്കുന്ന ഡ്രാഗണുകള്‍; മനുഷ്യനെ വരെ ഭക്ഷണമാക്കുന്ന ഭീകരന്മാരെ അറിയാം ....
കൊമോഡോകളുടെ പല്ലിന്റെ അഗ്രത്തേക്ക് വരുമ്പോള്‍ ഇനാമലിനൊപ്പം ഇരുമ്പിന്റെ ഒരു ലെയര്‍ കൂടി വരുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍. മനുഷ്യര്‍ ഇരുമ്പിന്റെ ആയുധം കൊണ്ട് ഇറച്ചി മുറിക്കുന്നതിന് സമാനമായാണ് കൊമോഡോകളുടെ പല്ലുകളും പ്രവര്‍ത്തിക്കുക. അത്രയും മൂര്‍ച്ചയും ബലവും അവയുടെ പല്ലുകളുടെ അഗ്രങ്ങള്‍ക്കുണ്ടാവും. മാംസഭുക്കുകളായ ദിനോസറുകളുടെ പല്ലിനോട് ഏറെ സാമ്യമുള്ള പല്ലുകളാണ് കൊമോഡോകളുടേത് എന്നാണ് ഗവേഷകര്‍ പറയുന്നത്.
കൊമോഡോകളുടെ മൂര്‍ച്ചയുള്ള വളഞ്ഞ പല്ലുകള്‍ റിറാനോസോറസ് റെക്‌സ് ദിനോസറുകളുടെ പല്ലുകളോടാണ് ഏറ്റവും സാമ്യത പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ കൊമോഡോകള്‍ ഭക്ഷണം കഴിക്കാന്‍ ഈ പല്ലുകള്‍ ഉപയോഗിക്കുന്നതിലെ പഠനത്തിലൂടെ ഇത്തരം പല്ലുകള്‍ ഉണ്ടായിരുന്ന ദിനോസറുകളുടെ മുഴുവന്‍ ഭക്ഷ്യരീതിയെപ്പറ്റി വിലയിരുത്താനാകും എന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.
Read more at: സ്വന്തം വര്‍ഗത്തില്‍പ്പെട്ടവ ചത്താലും ഭക്ഷണമാക്കുന്ന ജീവികളെ കാണാൻ നടത്തിയ യാത്രയുടെ വിശേഷങ്ങൾ.....
Content Highlights: komodo dragons have iron coating in their teeth says study
Published: 26 Jul 2024, 03:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented