കണ്ണൂര്‍: വംശനാശഭീഷണി നേരിടുന്ന അപൂര്‍വ ഭൂഗര്‍ഭമത്സ്യയിനത്തെ കണ്ണൂരില്‍ കണ്ടെത്തി. പ്രാദേശികമായി ചേറ്റുപാമ്പ് അല്ലെങ്കില്‍ കട്ടപ്പുളവന്‍ എന്ന പേരിലറിയപ്പെടുന്ന ഇനത്തെയാണ് മയ്യിലിലെയും തലശ്ശേരി ഭാഗങ്ങളിലെയും വയലുകളില്‍ കണ്ടെത്തിയത്.

To advertise here,

വയലുകളിലും ചതുപ്പുകളിലും ഒന്നുമുതല്‍ രണ്ടുവരെ അടിതാഴെയാണ് ഈ മത്സ്യങ്ങള്‍ കഴിയുന്നത്. പാമ്പിനോട് സാമ്യമുള്ളതിനാല്‍ പാമ്പാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. പരമാവധി നീളം 25-30 സെന്റിമീറ്റര്‍. നെല്‍ക്കൃഷിക്കായി വയല്‍ ഉഴുതുമറിക്കുമ്പോഴാണ് പൊതുവില്‍ ഇവയെ കാണുന്നത്.

ഒഫിക്തിസ് ഫോസോറിയസ് എന്നതാണ് ശാസ്ത്രീയനാമം. മുന്‍ പഠനപ്രകാരം തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ ഏഴ് കേന്ദ്രങ്ങളില്‍നിന്നായി ഇവയെ ലഭിച്ചിട്ടുണ്ട്.

കോയമ്പത്തൂര്‍ ആസ്ഥാനമായ സൂ ഔട്ട് റീച്ച് എന്ന പരിസ്ഥിതി സംരക്ഷണ സംഘടനയുടെ ഗ്രാന്റ് ഉപയോഗിച്ച് മലബാര്‍ ചതുപ്പ് ഈല്‍ മത്സ്യങ്ങളുടെസാന്നിധ്യം, സംരക്ഷണം, ജനിതകം എന്ന വിഷയത്തില്‍ പഠനം നടത്തിയത് മഹാരാജാസ് കോളേജില്‍ ജന്തുശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന മയ്യില്‍ കടൂരിലെ പി. ശ്രീബിന്‍ ആണ്.

13 ഇനം ഭൂഗര്‍ഭ മത്സ്യയിനം

ഇന്ത്യയിലെ പ്രധാന ഭൂഗര്‍ഭമത്സ്യ വൈവിധ്യകേന്ദ്രമായ കേരളത്തില്‍ ഇതുവരെ 13 ഇനം ഭൂഗര്‍ഭമത്സ്യയിനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഹോളിവുഡ് താരം ലിയനാഡോ ഡികാപ്രിയോ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചതിലൂടെ ലോകശ്രദ്ധ നേടിയ 'പാതാള പൂന്താരകന്‍', 'ഭൂഗര്‍ഭ വരാലുകള്‍' എന്നീ മത്സ്യയിനങ്ങള്‍ ഇതില്‍ പെടുന്നു. പൂന്താരകന്‍ വിഭാഗത്തില്‍പ്പെട്ട 'പാന്‍ജിയോ ബുജിയ'യെ ഏതാനും മാസം മുന്‍പ് ശ്രീബിന് നന്മണ്ടയില്‍നിന്ന് ലഭിച്ചിരുന്നു.

വന്യജീവി നിയമപ്രകാരം സംരക്ഷിതപട്ടികയില്‍പ്പെടുത്തിയ ഭൂഗര്‍ഭ വരാലുകളെ ശ്രീബിന്‍ പഠനകാലത്ത് മലപ്പുറത്തെ വയലുകളില്‍ കണ്ടിട്ടുണ്ട്.

ചേറ്റുപാമ്പ് പോലുള്ള വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും പങ്കുവയ്ക്കാനും കര്‍ഷകര്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍ എന്നിവരടങ്ങുന്ന വിപുലമായ പൗരശാസ്ത്ര സംവിധാനങ്ങള്‍ വേണമെന്നും ഇത്തരം മത്സ്യയിനങ്ങളെക്കുറിച്ച് കൂടുതല്‍ തുടര്‍പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും ശ്രീബിന്‍പറയുന്നു.