റാഞ്ചി: രാജ്യത്ത് ഏറ്റവുമൊടുവില്‍ നടന്ന കണക്കെടുപ്പില്‍ ഝാര്‍ഖണ്ഡില്‍ കാട്ടാനകളുടെ എണ്ണത്തില്‍ ഇടിവ്. 217 കാട്ടാനകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. 2017-ല്‍ ഇത് 678 ആയിരുന്നു. ഡിഎന്‍എ അടിസ്ഥാനപ്പെടുത്തിയുള്ള ആദ്യത്തെ കണക്കെടുപ്പില്‍ ഝാര്‍ഖണ്ഡിലെ കാട്ടാനകളുടെ എണ്ണം 149-നും 286-നും ഇടയിലാണ്. ഝാര്‍ഖണ്ഡ് കാട്ടാനകള്‍ക്ക് സുരക്ഷിതമല്ലാത്ത ഇടമായി മാറിയതായി മുന്‍ സംസ്ഥാന വന്യജീവി ബോര്‍ഡ് അംഗം ഡിഎസ് ശ്രീവാസ്തവ പറയുന്നു.
‘ഝാര്‍ഖണ്ഡ് ആനകള്‍ക്ക് സുരക്ഷിമല്ലാത്ത ഇടമായി മാറികഴിഞ്ഞു. അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥ നമ്മള് ഖനനങ്ങളിലൂടെയും റോഡ് നിര്‍മാണത്തിലൂടെയും നശിപ്പിച്ചു. അവരുടെ സുഗമമായ യാത്രയ്ക്ക് വഴിയൊരുക്കുന്ന ആനത്താരകള്‍ കൈയ്യേറുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. വനം നശിപ്പിക്കുന്നതിനോടൊപ്പം ഭക്ഷ്യദൗര്‍ലഭ്യം പോലുള്ള ഭീഷണികളും അവ നേരിടുന്നു’, ശ്രീവാസ്തവ പ്രതികരിച്ചു. ആനകളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ വേണ്ടത്ര നടപടികള്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഝാര്‍ഖണ്ഡിന്റെ ഭൂവിസ്തൃതിയുടെ 31.51 ശതമാനവും കാടാണ്. സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെട്ടതോടെ ആനകള്‍ പുതിയിടങ്ങളിലേക്ക് മാറുകയാണ്. ഇത് മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് വെല്ലുവിളിയാകുന്നു. അസുഖബാധ, വൈദ്യുതാഘാതം, വേട്ടയാടല്‍, തീവണ്ടി ഇടിക്കൽ എന്നിവ മൂലം 2004-നും 2017-നുമിടയില്‍ നിരവധി ആനകള്‍ സംസ്ഥാനത്ത് ചരിഞ്ഞു.
കാട്ടാനകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വൈല്‍ഡ്ലൈഫ്) എസ്.ആര് നടേഷ് വ്യക്തമാക്കി. കാടുകളില്‍ പുല്‍മേടുകള്‍ വികസിപ്പിക്കുന്നതിനൊപ്പം കാട്ടാനകള്‍ ആഹാരമാക്കുന്ന വിളകളും വനപ്രദേശത്ത് വളര്‍ത്തിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവുമൊടുവിലെ കാട്ടാനകളുടെ കണക്കെടുപ്പ് പ്രകാരം ഏറ്റവുമധികം ആനകളുള്ള സംസ്ഥാനം കര്‍ണാടകമാണ്. ഇവിടെ 6,013 ആനകളുണ്ട്. തൊട്ടുപിന്നാലെ അസമും (4,159) തമിഴ്നാടുമാണ് (3,136). ഝാര്‍ഖണ്ഡിന്റെ അയല്‍സംസ്ഥാനമായ ഒഡിഷയില്‍ 912 കാട്ടാനകളാണുള്ളത്. ചത്തീസ്ഗഢ് (451), പശ്ചിമബംഗാള്‍ (707), ബിഹാര്‍ (13) എന്നിങ്ങനെയാണ് കണക്കുകള്‍.
Content Highlights: Jharkhand's Wild Elephant Population Drops to 217 from 678
Published: 22 Oct 2025, 01:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented