കുമളി (ഇടുക്കി): പെരിയാർ കടുവാ സങ്കേതത്തിലെ ആദ്യഘട്ട ഉഭയ-ഉരഗജീവി സർവേയിൽ ആകെ 149 ഇനങ്ങളെ കണ്ടെത്തി. 67 ഉഭയജീവി ഇനങ്ങളെയും 82 ഉരഗജീവി ഇനങ്ങളെയുമാണ് കണ്ടെത്തിയത്.

To advertise here,

പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനും, ആരണ്യകം നേച്ചർ ഫൗണ്ടേഷനും സംയുക്തമായാണ് സർവേ നടത്തിയത്. വനമേഖലയിലെ 21 ഇടങ്ങളിലായിരുന്നു സർവേ.

ഡോ. സന്ദീപ്ദാസ്, ഡോ. രാജ്കുമാർ എന്നിവർ നയിച്ച സർവേയിൽ ചൂരലാമ എന്ന കെയ്ൻ ടർട്ടിൽ, കാട്ടാമ എന്ന ട്രാവൻകൂർ റ്റോർറ്റോയ്സ്, ഷോർട്ട് ടെയിൽഡ് കുർകി എന്ന കുട്ടിവാലൻ ചുരുട്ട എന്നിവ ഉൾപ്പെടെ വംശനാശഭീഷണി നേരിടുന്ന 12 ഇനങ്ങളെ കണ്ടെത്തി.

placeholder
പെരിയാര്‍ കടുവ സങ്കേതത്തില്‍ കണ്ടെത്തിയ ആമ

ഡറെലി കുറിമൂക്കൻ എന്ന ഡാരെൽ കോറസ് ഫ്രോഗ്‌, കേരള ചാട്ടക്കാരൻ എന്ന കേരള സ്കിറ്ററിങ് ഫ്രോഗ്‌, ജലധാര ചാട്ടക്കാരൻ എന്ന ജലധാര സ്കിറ്ററിങ് ഫ്രോഗ്‌, നിൽഫമാരി നാരോ മൗത്ത് ഫ്രോഗ്‌, നാരായൻ സിസിലിയൻ എന്നീ ഉഭയജീവികളും, റാഷിദി പല്ലി എന്ന റാഷിദി ഡേ ഗെക്കോ, മേഘമല ദ്രാവിഡഗെക്കോ, ബെഡോമ് ഡ്രാവിഡോഗെക്കോ എന്നീ ഉരഗങ്ങളും അടക്കം എട്ടിനങ്ങളെ പെരിയാർ കടുവാ സങ്കേതത്തിന്റെ ജീവിപട്ടികയിലേക്ക് അധികമായി ചേർത്തു.

placeholder
പെരിയാര്‍ കടുവ സങ്കേതത്തില്‍ കണ്ടെത്തിയ അപൂര്‍വ ഇനം തവള

സർവേയിൽ രേഖപ്പെടുത്തിയ അറുപത്തിയേഴിൽ അൻപത്തിമൂന്നും (എൺപത് ശതമാനം ഉഭയജീവികളും) ലോകത്തിൽ പശ്ചിമഘട്ടത്തിൽമാത്രം കാണപ്പെടുന്നവയാണെന്ന് ഡോ. സന്ദീപ്ദാസ് അഭിപ്രായപ്പെട്ടു. പെരിയാറിന്റെ ജൈവവൈവിധ്യം പൂർണമായി പഠിക്കുന്നതിന് തുടർസർവേകൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർവേയിൽ കാലിക്കറ്റ് സർവകലാശാല, കണ്ണൂർ സർവകലാശാല, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഏട്രീ-ബാംഗ്ലൂർ എന്നിവയുടേയും, മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, സർപ്പ, സ്‌നേക്ക്പീഡിയ തുടങ്ങിയ പ്രാദേശിക സംഘടനകളുടേയും പ്രതിനിധികൾ ഉണ്ടായിരുന്നു.

placeholder

പെരിയാർ കടുവാ സങ്കേതത്തിലെ അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ആർ.ലക്ഷ്മി, പെരിയാർ വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ് എന്നിവർ സർവേയ്ക്ക് സൗകര്യം ഒരുക്കി.

തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ഇ. സിബി, വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ കെ. നായർ, റിസർച്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ലിബിൻ ജോൺ, ഫ്ളയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രിയ ടി. ജോസഫ്, കൺസർവേഷൻ ബയോളജിസ്റ്റുമാരായ രമേശ്ബാബു, ആൽബി ജെ. മറ്റത്തിൽ, നേച്ചർ എജുക്കേഷൻ ഓഫീസർ കുമാരി സേതുപാർവതി തുടങ്ങിയവർ നേതൃത്വംനൽകി.