ഭോപ്പാല്‍: ദക്ഷിണാഫ്രിക്കയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളിലൊന്നിനെ ഗാന്ധിസാഗര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റി. ധീര എന്ന് വിളിപ്പേരുള്ള ഏഴര വയസ്സ് പ്രായമുള്ള പെണ്‍ചീറ്റയെയാണ് മധ്യപ്രദേശില്‍ തന്നെയുള്ള ഗാന്ധിസാഗര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയത്. 

To advertise here,

പ്രൊജക്ട് ചീറ്റ എന്ന ബൃഹത്ത് പദ്ധതിയുടെ കീഴില്‍ ഇത് രണ്ടാം തവണയാണ് ചീറ്റകളെ കുനോയില്‍ നിന്ന് ഗാന്ധിസാഗറിലേക്ക് മാറ്റുന്നത്. പ്രത്യേകം ശീതീകരിച്ച വാഹനത്തില്‍ വെറ്ററിനറി വിദഗ്ധരും മറ്റും അടങ്ങുന്ന സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തില്‍ ഏഴ് മണിക്കൂര്‍ സമയമെടുത്താണ് ധീരയെ കുനോയില്‍ നിന്ന് ഗാന്ധിസാഗറിലെത്തിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് കുനോ ദേശീയോദ്യാനത്തില്‍ നിന്നുള്ള രണ്ട് ആണ്‍ചീറ്റകളെ ഗാന്ധിസാഗര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടിരുന്നു. 

2023 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് കുനോ ദേശീയോദ്യാനത്തിലെത്തിച്ച 12 ചീറ്റകളിലൊന്നാണ് ധീര. 1952-ല്‍ രാജ്യത്ത് വംശമറ്റ ചീറ്റകളുടെ രണ്ടാം ബാച്ചാണ് 2023 ഫെബ്രുവരിയിലെത്തിയത്. അതിനുമുന്‍പേ എട്ടുചീറ്റകളടങ്ങുന്ന ആദ്യ ബാച്ച് നമീബിയയില്‍ നിന്ന് 2022 സെപ്റ്റംബറില്‍ കുനോയിലെത്തിയിരുന്നു. നിലവില്‍ 27 ചീറ്റകളാണ് ഇന്ത്യയിലാകെയുളളത്.