
ആവാസവ്യവസ്ഥയുടെ സന്തുലനം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് പാമ്പുകള്‍. അനേകായിരം വര്‍ഷങ്ങളായി നടക്കുന്ന പരിണാമ പ്രക്രിയകളില്‍ ഏറ്റവും കൂടുതല്‍ പരിണാമം സംഭവിച്ചിട്ടുള്ളതായി കണക്കാക്കപ്പെടുന്ന ജീവിവര്‍ഗവും പാമ്പുകള്‍ തന്നെയാണ്. പല്ലികളോട് സാദൃശ്യമുള്ള ഉരഗജീവികളില്‍നിന്നു പരിണമിച്ചുണ്ടായവയാണ് പാമ്പുകള്‍ എന്നാണ് ഈ വിഷയത്തില്‍ പഠനം നടത്തുന്ന ഗവേഷകര്‍ പറയുന്നത്.
പാമ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം കൗതുകമുണര്‍ത്തുന്നവയാണ്. അതില്‍ പ്രധാനപ്പെട്ട ഒരു വിഷയമാണ് പാമ്പുകളിലെ കാനിബലിസം (Cannibalism). സ്വന്തം വര്‍ഗത്തില്‍പെട്ട ജീവികളെ തന്നെ ഭക്ഷണമാക്കുന്ന രീതിക്കാണ് കാനിബലിസം എന്ന് പറയുന്നത്. സ്വന്തം ജീവിവര്‍ഗത്തെ ഭക്ഷണമാക്കുന്നതില്‍ മുന്‍പന്തിയിലുള്ളവരാണ് പാമ്പുകള്‍. കാടുകളില്‍ മാത്രമല്ല കൂടുകളിലാണെങ്കിലും പാമ്പുകള്‍ മറ്റു പാമ്പുകളെ ആഹാരമാക്കാറുണ്ടെന്ന് നിരവധി പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്തായിരിക്കാം ഇതിനുപിന്നിലുള്ള കാരണം?
പാമ്പുകളെ ഭക്ഷണമാക്കുന്ന ജീവികളെ പൊതുവില്‍ പറയുന്ന പേരാണ് ഒഫിയോഫജി (Ophiophagy). മിക്കവാറും പക്ഷിവര്‍ഗങ്ങളാണ് പാമ്പുകളെ ഭക്ഷണമാക്കാറുള്ളത്. എന്നാല്‍, പാമ്പുകള്‍ എന്തിനാണ് പാമ്പുകളെ തന്നെ ഭക്ഷണമാക്കുന്നത്? ഭക്ഷണം എന്നതിലുപരി പല കാര്യങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ വിഷയത്തില്‍ നടന്നിട്ടുള്ള പഠനങ്ങളില്‍ തെളിഞ്ഞുവന്നിട്ടുള്ള കൗതുകകരമായ ചില വിവരങ്ങള്‍ പരിശോധിക്കാം.
ഭക്ഷണക്ഷാമം, മാനസികസമ്മര്‍ദ്ദം, അതിര്‍ത്തി തര്‍ക്കം ഇവയൊക്കെയാവാം പാമ്പുകളെ സ്വന്തം വര്‍ഗത്തില്‍പെട്ടവയെ തന്നെ ഭക്ഷണമാക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇഴജന്തുക്കളില്‍ വലിപ്പത്തിലും വിഷത്തിലും മുമ്പനായ രാജവെമ്പാല തന്നെയാണ് ലോകത്തിലെ ഏറ്റവും പ്രധാന പാമ്പുതീനി എന്നാണ് പഠങ്ങള്‍ പറയുന്നത്. ഒഫിയോഫഗസ് ഹന്നാഹ് (Ophiophagus hannah) എന്നാണ് രാജവെമ്പാലയുടെ ശാസ്ത്രീയനാമം. പേരിന്റെ അര്‍ത്ഥം തന്നെ പാമ്പുതീനി എന്നാണ്.
പേര് സൂചിപ്പിക്കുംപോലെ തന്നെ പാമ്പുതീനികളില്‍ പ്രധാനി രാജവെമ്പാല തന്നെയാണ്. അത്യാവശ്യം, ഒരാളെക്കൊല്ലാന്‍ തക്ക വിഷമുള്ള അണലിവര്‍ഗത്തില്‍ പെട്ട പാമ്പുകളെയടക്കം രാജവെമ്പാല ആഹാരമാക്കാറുണ്ട്. തന്റെ അധീനതയിലുള്ള പ്രദേശത്തെ ഭക്ഷണലഭ്യത പങ്കിട്ടുപോകാതിരിക്കാനാണ് പാമ്പുകള്‍ ഇത്തരത്തില്‍ മറ്റു പാമ്പുകളെ ഭക്ഷിക്കുന്നത് എന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
18 അടി നീളംവരെ വലിപ്പംവയ്ക്കുന്ന രാജവെമ്പാലയെ ഈ അസാധാരണ വലിപ്പം തന്നെയാണ് ഇരപിടിക്കലിന് സഹായിക്കുന്നതും. വലിപ്പത്തില്‍ തനിക്കൊപ്പമെത്താത്ത എല്ലാ പാമ്പുകളേയും രാജവെമ്പാല ആഹാരമാക്കാറുണ്ട്. ഇരയെ തന്റെ വലിയ ശരീരംകൊണ്ട് വരിഞ്ഞുമുറുക്കി വിഷം കുത്തുവെച്ച് കൊന്നാണ് രാജവെമ്പാല അകത്താക്കുന്നത്. വിഷമുള്ള മറ്റ് പാമ്പുകളെ ഭക്ഷണമാക്കുമ്പോള്‍ ഇവയ്ക്ക് വിഷം ഏല്‍ക്കാറില്ലേ എന്ന സംശയവും ഗവേഷകരില്‍ ഉണ്ടായിരുന്നു.
എന്നാല്‍, ഈ വിഷം ബാധകമാകാത്ത രീതിയിലേക്ക് പരിണാമകാലം അവയെ എത്തിച്ചിട്ടുണ്ടാവാം എന്നാണ് കരുതുന്നത്. ഏറ്റവും കൂടുതല്‍ പരിണാമം സംഭവിച്ചിട്ടുള്ള ജീവിവര്‍ഗമായാണ് പാമ്പുകളെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. കാലുകളും മറ്റുമുള്ള പാമ്പുകള്‍ ഉണ്ടായിരുന്നതായി പലയിടത്തും സൂചനകളുണ്ട്. Najash rionegrina പാമ്പുകള്‍ ഉദാഹരണമാണ്. ഇതിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും നടക്കുന്നു.

വടക്കേ അമേരിക്കയില്‍ കാണപ്പെടുന്ന ഈസ്റ്റേണ്‍ കിങ് സ്നേക്ക് (Lampropeltis getula) എന്ന ഇനമാണ് പാമ്പുതീറ്റക്കാരിലെ മറ്റൊരു പ്രധാനി. വനപ്രദേശങ്ങള്‍ മുതല്‍ പുല്‍ത്തകിടികളില്‍ വരെ ഇവയെ കാണാറുണ്ട്. സ്വാഭാവികമായ ഇരകളെയും ആ ഇരകളെ ഭക്ഷിക്കാന്‍ വരുന്ന മറ്റ് പാമ്പുകളെയും ആഹാരമാക്കുന്നതിലൂടെ തന്റെ ആവാസവ്യവസ്ഥയില്‍ ഒരു കാലത്തും ഇരയ്ക്ക് ക്ഷാമം വരുന്നില്ലെന്ന് ഉറപ്പാക്കുന്നു. മറ്റ് ഇരകളെപ്പോലെ തന്നെ പാമ്പുകളെയും ഇവ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചാണ് കൊല്ലാറ്.
ആഫ്രിക്കന്‍ ശിലാനാഗങ്ങൾ(ആഫ്രിക്കന്‍ റോക്ക് പൈത്തൺ) വനപ്രദേശത്തായിരിക്കുന്ന സമയത്ത് മറ്റ് പാമ്പുകളെ ഭക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്വാഭാവികമായ ഭക്ഷണത്തിന് പഞ്ഞം വരുന്ന ഘട്ടത്തിലാണ് ഇവ വര്‍ഗഭോജികളായി മാറുന്നത് എന്നാണ് 2013-ല്‍ ദക്ഷിണാഫ്രിക്കയില്‍ ഇവയെ ചുറ്റിപ്പറ്റി നടത്തിയ നിരീക്ഷണ പഠനത്തില്‍നിന്നു മനസിലായത്.
ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ പാമ്പുകളില്‍ ഒന്നാണ് ആഫ്രിക്കന്‍ ശിലാനാഗങ്ങൾ. 20 അടിവരെയാണ് ഇവയ്ക്ക് നീളം വയ്ക്കാറ്. ഈ വലിപ്പക്കൂടുതല്‍ കൊണ്ടുതന്നെ അവയുടെ ആവാസവ്യവസ്ഥയിലുള്ള മറ്റ് പാമ്പുകളെ കൊന്നുതിന്ന് തങ്ങളുടെ സ്വാഭാവിക ഭക്ഷണത്തിന് മുട്ട് വരുന്നില്ല എന്ന കാര്യം ഉറപ്പുവരുത്താനും ഇവയ്ക്കാവുന്നു. മാത്രമല്ല, തങ്ങളുടെ അതിര്‍ത്തിയിലേക്ക് മറ്റ് വിഭാഗത്തിലുള്ള പാമ്പുകള്‍ കടന്നുകയറുന്നില്ലെന്ന് ഉറപ്പുവരുത്താനും ഇവയ്ക്കാവുന്നു.
തിങ്ങിനിറഞ്ഞ അവസ്ഥയിലും അനുയോജ്യമല്ലാത്ത ഇടങ്ങളിലും താമസിപ്പിക്കുമ്പോഴാണ് കാട്ടിലല്ലാത്ത അവസരങ്ങളില്‍ പാമ്പുകള്‍ അന്യോന്യം ആക്രമിക്കുകയും ഭക്ഷിക്കുകയും ചെയ്യാറ്. 2021-ല്‍ Herpetological Review എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ചെറുതും പതുങ്ങിയിരിക്കാന്‍ ഇടമില്ലാത്തതുമായ കൂടുകളിലിട്ട് വളര്‍ത്തുന്ന പാമ്പുകളിലാണ് ഇത്തരത്തില്‍ അന്യോന്യമുള്ള ആക്രമണവും ഇരയാക്കലും കൂടുതലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇത്തരം സാഹചര്യങ്ങളില്‍ കഴിയുന്ന പാമ്പുകളില്‍ മാനസിക സമ്മര്‍ദ്ദം കൂടുതലായിരിക്കുമെന്നും ഇത് അവയെ കൂടുതല്‍ ആക്രമണകാരികളാക്കി മാറ്റുന്നുവെന്നും പഠനത്തില്‍ പറയുന്നു. മറ്റ് പാമ്പുകളെ ഭക്ഷണമാക്കുന്നതിലൂടെ ഒരു പ്രദേശത്തെ പാമ്പുകളുടെ എണ്ണത്തിലും മറ്റ് ജീവജാലങ്ങളുടെ എണ്ണത്തിലും കൃത്യമായ അനുപാതം നിലനിര്‍ത്താന്‍ ഇവയ്ക്കാവുന്നു. ഇത്തരത്തില്‍ ആവാസവ്യവസ്ഥയിലെ സന്തുലിതാവസ്ഥയെ ശരിയായി നിലനിര്‍ത്തുന്നതിലും 'പാമ്പുതീനി പാമ്പുകള്‍' വലിയ പങ്കുവഹിക്കുന്നു.
ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയ്ക്കനുസരിച്ച് പാമ്പുകള്‍ ഇരപിടിയ്ക്കുന്ന രീതിയും വ്യത്യാസപ്പെട്ടിരിക്കുന്നു. വനപ്രദേശത്തും പുല്‍ത്തകിടികളിലും മരുഭൂമികളിലുമുള്ള പാമ്പുകളുടെ ഇരപിടിക്കല്‍ രീതി തികച്ചും വ്യത്യസ്തമാണ്. നിബിഡവനത്തിലെ രാജവെമ്പാലയുടെ ആക്രമണരീതിയല്ല മരുഭൂമിയിലെ ഹോണ്‍ഡ് വൈപ്പറുകളുടേത്. ഇരപിടിത്തത്തില്‍ മാത്രമല്ല, ഇരകള്‍ക്കനുസൃതമായി ദഹനപ്രക്രിയയിലും മാറ്റം ഉണ്ട്.
ഉദാഹരണത്തിന്, ഈസ്റ്റേണ്‍ കിങ് സ്നേക്ക്. അതീവവിഷമുള്ള റാറ്റില്‍സ്നേക്ക് ഇനത്തില്‍പെട്ട പാമ്പുകളെപോലും അവ ഇരയാക്കാറുണ്ട്. റാറ്റില്‍സ്നേക്കിന്റെ വിഷത്തെ അതിജീവിക്കാനുള്ള സ്വാഭാവികശേഷി അവയുടെ ശരീരത്തിനുണ്ട്. പല്ലികളെയും എലികളെയും മറ്റ് ചെറുജീവികളെയും ആഹാരമാക്കുന്നതില്‍നിന്നു തീര്‍ത്തും വ്യത്യസ്തമാണ് വിഷവാഹകരായ പാമ്പുകളെ ഭക്ഷിക്കുന്നത്. ദഹനപ്രക്രിയയിലെ ഈ പ്രത്യേകത എത്രയോ കാലങ്ങളായുള്ള പരിണാമ പ്രവര്‍ത്തനത്തിലൂടെ അവ ആര്‍ജിച്ചതായിരിക്കാം.
കാടിന്റെ മാത്രമല്ല, മനുഷ്യന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും ഇടംപിടിച്ചിട്ടുള്ള വസ്തുതയാണ് പാമ്പിനെ തിന്നുന്ന പാമ്പുകള്‍. ലോകത്തിലെ സകല ജീവജാലങ്ങളുടെയും ജീചക്രത്തെ പ്രതിനിധീകരിക്കുന്ന ഒന്നാണ് ഔറോബോറസ് (Ouroboros) എന്ന പൗരാണിക ചിഹ്നം. വൃത്താകൃതിയില്‍ ഒരു പാമ്പ് അതിന്റെതന്നെ വാലില്‍ കടിക്കുന്നതാണ് ഈ ചിഹ്നം. ജീവിതത്തെയും മരണത്തെയും പുനര്‍ജന്മത്തെയും കാണിക്കുന്ന ചിഹ്നമാണ് ഔറോബോറസ്. ഈജിപ്ഷ്യന്‍, ഗ്രീക്ക് പുരാണങ്ങളില്‍ പുനര്‍ജന്മത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ചിഹ്നമാണ് ഔറോബോറസ്.
Content Highlights: cannibalism in snakes why do snakes eat snakes
Published: 16 Aug 2024, 11:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented