ഗാബറോണി: ബോട്‌സ്വാനയില്‍ ആനകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിന് പിന്നിലെ കാരണം കണ്ടെത്തി ഗവേഷകര്‍. ബാക്ടീരിയ സാന്നിധ്യമുള്ള ജലാശയങ്ങളില്‍ നിന്ന് ജലം കുടിച്ചതാകാം ആനകളുടെ മരണത്തിന് പിന്നിലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ജലാശയങ്ങളില്‍ കാണപ്പെടുന്ന സയനോബാക്ടീരിയ അഥവാ ബ്ലൂ ഗ്രീന്‍ ആല്‍ഗെയാണ് ബോട്‌സ്വാനയിലെ ആനകള്‍ക്ക് വില്ലനായി മാറിയത്. ആനകളെ കൂട്ടത്തോടെ ചരിഞ്ഞതായി കണ്ടെത്തിയ ഒകവംഗോ നദീതടപ്രദശത്തെ ജലാശയങ്ങളില്‍ 20 എണ്ണത്തില്‍ സയനോബാക്ടീരിയയുടെ സാന്നിധ്യം മുന്‍പത്തെക്കാള്‍ കൂടിയതായും കണ്ടെത്തി.
2020-ലാണ് ബോട്‌സ്വാനയില്‍ 350 ഓളം ആനകള്‍ ചരിയുന്നത്. ലോകത്തില്‍ ഏറ്റവുമധികം ആനകളുള്ളത് ബോട്‌സ്വാനയിലാണ്. ആനകൾ കൂട്ടത്തോടെ ചരിഞ്ഞത് എന്തുകൊണ്ടെന്ന് കണ്ടെത്താനാകാതെവന്നത് ഗവേഷകരെ ആശങ്കയിലാഴ്ത്തിയിരുന്നു. തുടര്‍ന്ന് ഏത് വിധേനയും ആനകള്‍ ചരിയാനുളള കാരണം കണ്ടെത്താനുള്ള ശ്രമങ്ങളിലായിരുന്നു ഗവേഷകര്‍. ആനകളുടെ കൊമ്പും മറ്റും മുറിച്ചുനീക്കാത്തതിനാൽ വേട്ടക്കാരല്ല ആനകളെ കൊന്നതെന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തി. പിന്നീടാണ് ജലാശയങ്ങൾ മലിനമായിരിക്കാനുള്ള സാധ്യതയേക്കുറിച്ച് ഗവേഷകര്‍ ചിന്തിക്കുന്നത്.
ആനകള്‍ കൂട്ടത്തോടെ ചരിഞ്ഞതിന് സമീപമുളള പ്രദേശങ്ങളിലെ ജലാശയങ്ങളുടെ ഉപഗ്രഹദൃശ്യങ്ങളുപയോഗിച്ച് ഗവേഷകര്‍ പരിശോധന നടത്തി. തുടര്‍ന്നാണ് ജലാശയങ്ങളിലെ സയനോബാക്ടീരിയയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെടുന്നത്. ഈ ജലാശയങ്ങളില്‍നിന്ന് ജലം കുടിച്ച് 88 മണിക്കൂറിനുള്ളില്‍ ആനകളുടെ മരണം സംഭവിച്ചിരുന്നുവെന്നാണ് ലണ്ടനിലെ കിങ്‌സ് കോളേജിലെ ഗവേഷകർ കണ്ടെത്തിയത്. ഇതുസംബന്ധിച്ച വിശദമായ പഠനറിപ്പോര്‍ട്ട് സയന്‍സ് ഓഫ് ദ ട്ടോട്ടല്‍ എന്‍വയോണ്‍മെന്റ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹാനികരമായ സയനോബാക്ടീരിയയ്ക്ക് അനുകൂലമായ കാലാവസ്ഥയാണ് നിലവില്‍ ബോട്‌സ്വാനയിലുള്ളത്. ഇത് വന്യജീവികള്‍ക്കടക്കം ഭീഷണിയാകുന്നു. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള കാരണങ്ങള്‍ മൂലം രാജ്യത്തെ വന്യജീവി സമ്പത്ത് ഭീഷണി നേരിടുകയാണ്. 1,30,000 ആനകളുടെ വാസസ്ഥലം കൂടിയാണ് ബോട്‌സ്വാന.
Content Highlights: answer found for the death of 350 elephants in botswana
Published: 21 Dec 2024, 11:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented