പാലക്കാട്: പറമ്പിക്കുളം കടുവ സങ്കേതത്തിൽ (പി.ടി.ആർ.) നടത്തിയ വാർഷിക ജന്തുജാല കണക്കെടുപ്പിൽ 15 പുതിയ ജീവികളുടെ സാന്നിധ്യം കണ്ടെത്തി. ഏഴുതരം പക്ഷികൾ, അഞ്ചിനം ചിത്രശലഭങ്ങൾ, മൂന്നിനം തുമ്പികൾ എന്നിവയാണ് സങ്കേതത്തിൽ പുതുതായി വാസമാരംഭിച്ചത്.

To advertise here,

പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ, സംസ്ഥാന വനംവകുപ്പ്‌, തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (ടി.എൻ.എച്ച്.എസ്.) എന്നിവയുടെ സഹകരണത്തോടെയായിരുന്നു സർവേ. ഫെബ്രുവരി ആറുമുതൽ ഒൻപതുവരെയായിരുന്നു ഇത്.

സങ്കേതത്തിലെ 11 കേന്ദ്രങ്ങളിൽ നാലുദിവസം താമസിച്ചാണ് പഠനം നടത്തിയത്. ആകെ 206 ഇനം പക്ഷികളെ കണ്ടെത്തി. പെയിൻഡ് സ്പർഫൗൾ (പുള്ളി മുള്ളൻ കോഴി), റൂഫസ് ബെല്ലിഡ് ഹോക്ക് ഈഗിൾ (ചെമ്പനെറിയൻ), ഇന്ത്യൻ ഗ്രേ ഹോൺബിൽ (നാട്ടുവേഴാമ്പൽ), വൈറ്റ് ബെല്ലിഡ് ഷോലക്കിളി (ആനമലൈ ഷോലക്കിളി), ടൈഗ ഫ്ലൈ ക്യാച്ചർ, പ്ലെയിൻ പ്രിനിയ (വയൽക്കുരുവി), ഗ്രീൻ ലീഫ്‌വാർബ്ലർ (കടുംപച്ച പൊടിക്കുരുവി) എന്നിവയാണ് പുതിയ പക്ഷികൾ. ഇതോടെ സങ്കേതത്തിൽ കാണപ്പെട്ട പക്ഷികളുടെ എണ്ണം 302 ആയി.

ചിത്രശലഭങ്ങൾ 187 ഇനം

187 ഇനം ചിത്രശലഭങ്ങളെയാണ് ആകെ കണ്ടെത്തിയത്. ലോങ്‌ ബ്രാൻഡഡ് ബുഷ്-ബ്രൗൺ (ചിന്നത്തവിടൻ), ഷോട്ട് സിൽവ്‌ലൈൻ (ചെമ്പൻ വെള്ളിവരയൻ, സ്‌കാർസ് ഷോട്ട് സിൽവ്‌ലൈൻ (നീലച്ചെമ്പൻ വെള്ളിവരയൻ), വൈറ്റ്-ഡിസ്ക് ഹെഡ്‌ജ്ബ്ലൂ (ഇരുളൻ വേലിനീലി), പളനി ഡാർട്ട് (പളനിപ്പൊട്ടൻ) എന്നിവയാണ് പുതുതായി രേഖപ്പെടുത്തിയ ചിത്രശലഭങ്ങൾ. ഫൈവ് ബാർ സ്വോർഡ്‌ടെയിൽ (വരയൻ വാൾ വാലൻ), സ്പോട്ട് വാൾടെയിൽ (പള്ളിവാൽ വാലൻ), സതേൺ ബേഡ്‌വിങ്‌ (ഗരുഡശലഭം), മലബാർ ബാൻഡഡ് സ്വല്ലോ ടെയിൽ (പുള്ളിവാലൻ), സഹ്യാദ്രി ഗ്രാസ് യെല്ലോ (മഞ്ഞ പാപ്പാത്തി), നീലഗിരി ടൈഗർ (നീലഗിരി കടുവ), സതേൺ ബ്ലൂ ഓക്ക്‌ലീഫ് (ഓക്കിലശലഭം), കനറാ സ്വിഫ്റ്റ് (കാനറ ശരശലഭം), ബ്ലാക്ക് ആംഗിൾ എന്നീ ശ്രദ്ധേയ കൂട്ടിച്ചേർക്കലോടെ റിസർവിൽ ഇതുവരെ കാണപ്പെട്ട ചിത്രശലഭങ്ങളുടെ എണ്ണം 273 ആയി.

39 ഇനം തുമ്പികൾ

തുമ്പികൾക്ക് ഫെബ്രുവരി നല്ല കാലമല്ലെങ്കിലും 39 ഇനത്തെ കാണാനായി. ഇതോടെ ടൈഗർ റിസർവിലെ ആകെ കണ്ടെത്തിയ തുമ്പികളുടെ ഇനം 69 ആയി. ബ്രൗൺ ഡാർനർ (തവിടൻ ചാത്തൻ), പാരക്കീറ്റ് ഡാർനർ (മരതകച്ചാത്തൻ), വെസ്റ്റാലിസ് സബ്മൊന്റാന (കാട്ടുതണൽത്തുമ്പി) എന്നിവയാണ് പുതിയവ.

വരണ്ട സീസണിൽപ്പോലും 15 പുതിയ ജീവിവർഗത്തെ കണ്ടെത്തിയത് പ്രദേശത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യത്തെ സൂചിപ്പിക്കുന്നതായി പറമ്പിക്കുളം ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ആർ. സുജിത്ത് പറഞ്ഞു.

ടി.എൻ.എച്ച്.എസ്. റിസർച്ച് അസോസിയേറ്റ്‌സുമാരായ ഡോ. കലേഷ് സദാശിവൻ, ടോംസ് അഗസ്റ്റിൻ, ബൈജു കെ, അനില വി.എം. എന്നിവരുടെ നേതൃത്വത്തിൽ സർവേ ക്രോഡീകരിച്ചു.

റേഞ്ച് ഓഫീസർ ജെ.കെ. സുധിൻ, പറമ്പിക്കുളം കടുവാസങ്കേതത്തിലെ കൺസർവേഷൻ ബയോളജിസ്റ്റ് വിഷ്ണു വിജയൻ എന്നിവർ സംസാരിച്ചു. വിവിധ ജില്ലകളിലെ സന്നദ്ധപ്രവർത്തകരും സർവേയുമായി സഹകരിച്ചു.