മണിപ്പൂർ: തുടർച്ചയായി 101 മണിക്കൂർ പറന്ന് 5,700 കിലോമീറ്റർ ദൂരം പിന്നിട്ട് ഇന്ത്യയിൽനിന്നുള്ള രണ്ട് അമൂർ ഫാൽക്കണുകൾ സൊമാലിയയിലെത്തി. മണിപ്പൂരിലെ താമെങ്‌ലോങ്ങിൽനിന്ന് യാത്ര തുടങ്ങിയ അലാങ്, അപാപാങ് എന്നീ പക്ഷികളാണ് ആഫ്രിക്കൻ തീരത്തെത്തിയത്. പക്ഷികളുടെ യാത്ര സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

To advertise here,

മണിപ്പൂർ വനംവകുപ്പ്, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന പഠനത്തിന്റെ ഭാഗമായാണ് ഈ പക്ഷികളെ ഉപഗ്രഹസഹായത്തോടെ നിരീക്ഷിക്കുന്നത്. ഇരുപക്ഷികളും സൊമാലിയയിലെത്തിയ വിവരം ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഡോ. സുരേഷ് കുമാറും പങ്കുവെച്ചു.

പെൺപക്ഷിയായ അലാങ് ഏകദേശം 5,700 കിലോമീറ്ററാണ് 101 മണിക്കൂർ കൊണ്ട് പിന്നിട്ടത്. ആൺപക്ഷിയായ അപാപാങ് ഈ സമയത്തിനുള്ളിൽ 5,400 കിലോമീറ്ററോളം പറന്നെത്തി.

23 രാജ്യങ്ങളിലൂടെ 20,000 കിലോമീറ്റർ യാത്ര

അമൂർ ഫാൽക്കണുകളുടെ ദേശാടനയാത്രയുടെ ഭാഗമായി ഇതുവരെ ഏകദേശം 20,000 കിലോമീറ്റർ ദൂരം പിന്നിട്ടതായാണ് ഉപഗ്രഹ നിരീക്ഷണ വിവരങ്ങൾ വ്യക്തമാക്കുന്നത്. 23 രാജ്യങ്ങളിലൂടെയാണ് ഇവയുടെ യാത്ര. 

2025-26-ലെ ശൈത്യകാലം ദക്ഷിണാഫ്രിക്കയിൽ ചെലവഴിച്ച അപാപാങും അലാങും 2026 ഏപ്രിൽ-മേയ് മാസങ്ങളിൽ അറബിക്കടൽ കടന്ന് ഇന്ത്യയിലെത്തി. ഒക്ടോബർ 22-ന് മണിപ്പൂരിലെ ചിയുലുവാനിൽ തിരിച്ചെത്തിയ ഇവ നവംബറിൽ വീണ്ടും ആഫ്രിക്കയിലേക്ക് യാത്രതിരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ സൊമാലിയയിലെത്തിയത്.

150-200 ഗ്രാം മാത്രം ഭാരം

ഏകദേശം 26 മുതൽ 30 സെന്റിമീറ്റർവരെ നീളവും 150 മുതൽ 200 ഗ്രാം വരെ ഭാരവുമുള്ള ചെറിയ ഇരപിടിയൻ പക്ഷികളാണ് അമൂർ ഫാൽക്കണുകൾ. ഉപഗ്രഹ നിരീക്ഷണത്തിനായി ഘടിപ്പിച്ച ഉപകരണങ്ങൾക്ക് 3.5 മുതൽ നാല് ഗ്രാം വരെയാണ് ഭാരം. പക്ഷികളുടെ ശരീരഭാരത്തിന്റെ മൂന്ന് ശതമാനത്തിൽ താഴെയാണ് ഇത്.

മണിപ്പൂരിലെ മുളങ്കാടുകൾ പ്രധാന താവളം

ദേശാടനത്തിനിടെ മണിപ്പൂരിലെ താമെങ്‌ലോങ് മേഖലയിലെ ബരാക്, ഇറാങ് നദികളുടെ തീരത്തുള്ള മുളങ്കാടുകളിലാണ് അമൂർ ഫാൽക്കണുകൾ കൂട്ടത്തോടെ തങ്ങുന്നത്. വടക്കുകിഴക്കൻ ഇന്ത്യയിൽ കാണപ്പെടുന്ന ചിതലുകൾ ഉൾപ്പെടെയുള്ള പ്രാണികളാണ് ഇവയുടെ ഭക്ഷണം. 

കാലാവസ്ഥാ വ്യതിയാനവും ആശങ്കയാകുന്നു

കാലാവസ്ഥാ വ്യതിയാനം അമൂർ ഫാൽക്കണുകളുടെ ദേശാടനത്തെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് ശാസ്ത്രജ്ഞർ പഠനം നടത്തിവരികയാണ്. അന്തരീക്ഷ താപനില ഉയരുന്നത് ഇവയുടെ പ്രജനന മേഖലകളിലെ പ്രാണികളുടെയും ചെറുജീവികളുടെയും ലഭ്യതയെയും സമയക്രമത്തെയും ബാധിച്ചേക്കാം. മൺസൂൺ പാറ്റേണിലുണ്ടാകുന്ന വ്യതിയാനങ്ങളും കാറ്റിന്റെ ഗതിയിലുണ്ടാകുന്ന മാറ്റങ്ങളും ദീർഘദൂര പറക്കലിനെ സ്വാധീനിച്ചേക്കാം.

സംരക്ഷണത്തിന് നാട്ടുകാരുടെ പങ്ക്

അമൂർ ഫാൽക്കണുകളുടെ സംരക്ഷണത്തിൽ മണിപ്പൂരിലെയും നാഗാലാൻഡിലെയും ഗ്രാമീണ സമൂഹങ്ങൾക്കും ഗ്രാമസഭകൾക്കും നിർണായക പങ്കുണ്ട്. ഒരുകാലത്ത് വലിയ തോതിൽ വേട്ടയാടപ്പെട്ടിരുന്ന ഈ പക്ഷികളെ സംരക്ഷിക്കാൻ നാട്ടുകാരും വനംവകുപ്പും ചേർന്ന് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഫലമായി പല മേഖലകളിലും കൂട്ടവേട്ട അവസാനിപ്പിക്കാൻ കഴിഞ്ഞു.

2024-ൽ കൺസർവേഷൻ സയൻസ് ആൻഡ് പ്രാക്ടീസ് എന്ന ജേണലിൽ പക്ഷികളുടെ സംരക്ഷണത്തിൽ പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച പഠനം  പ്രസിദ്ധീകരിച്ചിരുന്നു.