
കേരളത്തിലുണ്ടായ കടലേറ്റത്തിന് പിന്നില്‍ 'കള്ളക്കടല്‍' (swell) പ്രതിഭാസമെന്ന് വിദഗ്ധര്‍. ഇന്ത്യയിലെ പടിഞ്ഞാറന്‍ തീരപ്രദേശത്തിന് സമീപത്തിലൂടെ ചുഴലിക്കാറ്റുകള്‍ പോകുന്നതിനോടുനബന്ധിച്ച് ഇത്തരം പ്രതിഭാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ടെന്നാണ് പനങ്ങാട് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിലെ (കുഫോസ്) ഡീനും ഓഫ് ഓഷ്യന്‍ ആന്‍ഡ് സയന്‍സ് ടെക്നോളജി ഫാക്കല്‍റ്റിയുമായ ഡോ. സുരേഷ്കുമാര്‍ പറയുന്നു.
ഇപ്പോഴുണ്ടായ കള്ളക്കടലിന് കാരണം മഡഗാസ്കര്‍ തീരത്ത് രൂപപ്പെട്ട ചുഴലിയാണെന്നാണ് നിഗമനം. അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമൊക്കെയായി കള്ളക്കടല്‍ പ്രതിഭാസം തിരിച്ചറിയുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ കള്ളക്കടലിനുള്ള സാധ്യതയും തിരിച്ചറിഞ്ഞിരുന്നു.
ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് (ഇന്‍കോയിസ്) ആണ് ഇത്തരം സാഹചര്യങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചത്. ഇത്തരമൊരു സാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ സമുദ്ര ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്കും എല്ലാം ഈ വിവരങ്ങള്‍ ഇന്‍കോയിസ് പങ്കുവെയ്ക്കും.
കള്ളക്കടല്‍ പ്രതിഭാസമുണ്ടായാല്‍ വലിയ തിരമാലകളുണ്ടാകും. വേലിയേറ്റ സമയം കൂടിയാവുമ്പോള്‍ തിരകളുടെ ശക്തി വീണ്ടും പതിന്മടങ്ങാവും. എന്നാല്‍ നിലവില്‍ വേലിയേറ്റത്തിനുള്ള സാധ്യത വിലയിരുത്തിയിട്ടില്ല. കടല്‍ത്തീരങ്ങളില്‍ ചെളി അടിയാനുളള സാധ്യതയും കള്ളക്കടല്‍ പ്രതിഭാസത്തിലൂടെ ഉണ്ടായേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതേ പറ്റി കൂടുതല്‍ പഠനങ്ങള്‍ അനിവാര്യമാണെന്നും വിദഗ്ധര്‍ പറയുന്നു. ലക്ഷദ്വീപ് പോലുള്ള ദ്വീപ്സമൂഹങ്ങളെയാണ് കളളക്കടല്‍ ഗുരുതരമായി ബാധിക്കുകയെന്നും വിലയിരുത്തപ്പെടുന്നു.
ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം
'കള്ളക്കടല്‍' പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (01-04-2024) രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗം സെക്കന്‍ഡില്‍ 05 സെന്റി മീറ്ററിനും 20 സെന്റി മീറ്ററിനും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
'കള്ളക്കടല്‍' പ്രതിഭാസത്തിന്റെ ഭാഗമായി തെക്കന്‍ തമിഴ്നാട് തീരത്ത് ഇന്ന് (01-04-2024) രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗം സെക്കന്‍ഡില്‍ 05 സെന്റി മീറ്ററിനും 30 സെന്റി മീറ്ററിനും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.
പ്രധാന നിർദേശങ്ങൾ-
- കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
- മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
Content Highlights: swell phenomenon in kerala coast
Published: 01 Apr 2024, 02:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented