മൂന്നാര്‍: ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ മൂന്നാറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സൂര്യകാന്തിക്കൃഷി വന്‍ വിജയം. മൂന്നാര്‍ - സൈലന്റ്വാലി റോഡിലുള്ള ഹോര്‍ട്ടികോര്‍പ്പിന്റെ പത്തു സെന്റോളം സ്ഥലത്താണ് സൂര്യകാന്തി വിത്തുകള്‍ പാകിയത്. സാധാരണ ചൂടുള്ള കാലവസ്ഥയുള്ള പ്രദേശങ്ങളിലാണ് ഇവ വളരുന്നതും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതും.

To advertise here,

മൂന്നാറിലെ തണുത്ത കാലാവസ്ഥയില്‍ ഇത്രയധികം സ്ഥലത്ത് ആദ്യമായാണ് സൂര്യകാന്തി കൃഷിചെയ്തത്. ഏറെ ആശങ്കയോടെയാണ് കൃഷിചെയ്തതെങ്കിലും ഒരു മാസം മുന്‍പ് ഇവ പൂത്തതോടെ ആശങ്ക മാറി. തമിഴ്‌നാട്ടിലും മറ്റും വ്യാവസായികമായി കൃഷി ചെയ്യുന്ന ഇടങ്ങളിലേക്കാള്‍ വലിയ പൂക്കളാണ് ഇവിടെ വിരിഞ്ഞത്. നാലു കിലോയിലധികം തൂക്കമുള്ള പൂക്കളാണ് ഓരോന്നും.

പൂക്കള്‍ നിറച്ച് വിത്തുകളുമുണ്ട്. സ്‌ട്രോബറി ഫാം സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് സൂര്യകാന്തിയുടെ വിത്തുകള്‍ ഇവിടെനിന്ന് വാങ്ങാം. പത്തുഗ്രാം വിത്തിന്റെ പായ്ക്കറ്റിന് 50 രൂപയാണ് വില. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കൃഷി വന്‍ വിജയമായതോടെ വ്യാവസായികാടിസ്ഥാനത്തില്‍ മൂന്നാര്‍, വട്ടവട മേഖലകളില്‍ സൂര്യകാന്തി കൃഷി ചെയ്യുന്നതിനുള്ള ആലോചനയിലാണ് ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍.

Content Highlights: sunflower farming becomes success in munnar