കോട്ടയം: കേരളത്തിന്റെ വനസമ്പത്തായ പെരിയാർ ടൈഗർ റിസർവിൽനിന്ന്‌ കാർബൺ ക്രെഡിറ്റ്‌ സ്വന്തമാക്കാനുള്ള പദ്‌ധതിയുമായി പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻ.ടി.സി.എ.), ഡൽഹി ആസ്‌ഥാനമായുള്ള ദി എനർജി ആൻഡ്‌ റിസോഴ്‌സ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ (ടെറി) പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ (പി.ടി.സി.എഫ്‌.) എന്നീ ഏജൻസികൾ ചേർന്നാണ്‌ പദ്ധതി തയ്യാറാക്കിയത്‌. മൂന്ന്‌ ഏജൻസികളും ചേർന്ന്‌ നേരത്തെ ധാരണാപത്രം ഒപ്പിട്ടിരുന്നു. പ്രോജക്‌ട്‌ അംഗീകാരത്തിനായി സർക്കാരിന്റെ പരിഗണനയിലാണ്‌.

To advertise here,

ജൈവ വൈവിധ്യത്തിന്റെ കലവറയായ പെരിയാർ വനമേഖല ഉപയോഗപ്പെടുത്തി അന്താരാഷ്‌ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഏജൻസികളിൽനിന്ന്‌ കാർബൺ ക്രെഡിറ്റ്‌ നേടാനാകുമെന്നാണ്‌ വിലയിരുത്തൽ. കാർബൺ ക്രെഡിറ്റ്‌ നൽകാൻ പ്രാപ്തമായ ഏജൻസികളെ കണ്ടെത്തുന്ന ചുമതല ദി എനർജി ആൻഡ്‌ റിസോഴ്‌സ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിനാണ്‌.

925 സ്‌ക്വയർ കിലോമീറ്ററാണ്‌ പെരിയാർ ടൈഗർ റിസർവിന്റെ വിസ്‌തൃതി. വനത്തിൽനിന്ന്‌ എത്ര കാർബൺ ക്രെഡിറ്റ്‌ സ്വന്തമാക്കാനാകുമെന്ന്‌ കണക്കാക്കാൻ ബയോ മാസ്‌ സർവേയും നടത്തിയിരുന്നു. പെരിയാർ വനമേഖല ഒരുവർഷം 1.90 ലക്ഷം ടൺ കാർബൺ ഡയോക്‌സൈഡ്‌ സംഭരിച്ച്‌ അന്തരീക്ഷ മലിനീകരണവും താപനവും കുറയ്‌ക്കുന്നുവെന്നാണ്‌ പ്രാഥമികപഠനം. ഒരുടൺ കാർബൺ ഡയോക്സൈഡ്‌ ഇല്ലാതാക്കുമ്പോൾ നാല്‌-അഞ്ച്‌ യു.എസ്‌. ഡോളർ ലഭ്യമാകുെമന്നാണ്‌ നിഗമനം.

പ്രോജക്ട്‌ യാഥാർഥ്യമായാൽ കിട്ടുന്ന പണം വനവുമായി ബന്ധപ്പെട്ട്‌ ഉപജീവനം നടത്തുന്നവരുടെ ക്ഷേമപ്രവർത്തനങ്ങൾ, വനസംരക്ഷണം, മനുഷ്യ-മൃഗ സംഘർഷം ലഘൂകരിക്കൽ എന്നിവയ്ക്ക്‌ വിനിയോഗിക്കാം. സംസ്ഥാന സർക്കാരിനോ പി.ടി.സി.എഫിനോ ഈ പദ്‌ധതിയിൽ ചെലവ്‌ വരുന്നില്ല.

കാർബൺ ക്രെഡിറ്റ് ഇങ്ങനെ 

ഐക്യരാഷ്ട്ര സഭയുടെ മാനദണ്ഡം അനുസരിച്ച്, അന്തരീക്ഷത്തിൽനിന്ന് നീക്കം ചെയ്യുന്നതോ വേർതിരിച്ച് ഇല്ലാതാക്കുന്നതോ ആയ ഒരുടൺ കാർബൺ ഡൈ ഓക്സൈഡിന് തുല്യമാണ് ഒരു കാർബൺ ക്രെഡിറ്റ്. മരങ്ങൾ വെച്ചുപിടിപ്പിച്ച് ഒരു ടൺ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽനിന്ന് ഇല്ലാതാക്കിയാൽ ഒരു കാർബൺ ക്രെഡിറ്റ് ലഭിക്കും. അനുവദിക്കപ്പെട്ടതിൽ കൂടുതൽ കാർബൺ പുറത്തുവിടുന്ന വ്യവസായ സ്ഥാപനങ്ങൾക്കും രാജ്യങ്ങൾക്കുമെല്ലാം വിലകൊടുത്ത് ഈ ക്രെഡിറ്റ് വാങ്ങാം. കാർബൺ ക്രെഡിറ്റ് കൈവശമുള്ള രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കുമെല്ലാം ഇതുകൊണ്ട് സാമ്പത്തിക ലാഭവും ഉണ്ടാകും.