അങ്ങനെ പെൻഗ്വിനുകളും പറഞ്ഞുതുടങ്ങിയിരിക്കുന്നു - ‘ലെറ്റ്‌സ് ബ്രേക്ക് അപ്’. പൊതുവേ ഏകപങ്കാളീവ്രതക്കാരായ പെൻഗ്വിനുകളിൽ വേർപിരിയൽ നിരക്ക് കൂടുന്നുണ്ടെന്നാണ് ഇക്കോളജി ആൻഡ് ഇവലൂഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. മെച്ചപ്പെട്ട പങ്കാളിയെ കിട്ടുന്നവ ആദ്യപങ്കാളിയെ ഉപേക്ഷിച്ചുപോകുന്നെന്നാണ് ഓസ്‌ട്രേലിയയിലെ ഫിലിപ്പ് ദ്വീപിലെ ആയിരത്തോളം പെൻഗ്വിൻ ജോഡിയിൽ 13 പ്രജനനകാലങ്ങളിലായി നടത്തിയ പഠനത്തിലെ കണ്ടെത്തൽ.

To advertise here,

250 വേർപിരിയലാണ് ഈ ആയിരം ജോഡിയിൽ പത്തുവർഷം കൊണ്ടുണ്ടായത്. മിക്കതും പ്രജനനകാലത്തിനുശേഷമാണ് സംഭവിക്കുന്നത്. പ്രത്യുത്‌പാദനത്തിന് ഭീഷണി നേരിടുന്നെന്ന് കണ്ടാൽ പുതിയ ഇണയെ തേടിപ്പോകുന്നതാണ് രീതി. ഭക്ഷ്യക്ഷാമം, ആവാസവ്യവസ്ഥയിലെ പ്രശ്നങ്ങൾ എന്നിങ്ങനെ പാരിസ്ഥിതികഘടകങ്ങളും ബന്ധങ്ങളിലെ സങ്കീർണതയ്ക്കും തകർച്ചയ്ക്കും കാരണമാകുന്നുണ്ടെന്ന് ഓസ്‌ട്രേലിയയിലെ മോണാഷ് സർവകലാശാലയിൽനിന്നുള്ള ഗവേഷണസംഘത്തിലെ തലവൻ പറഞ്ഞു.

കൂടുതൽ മികച്ച പങ്കാളിയെ കണ്ടെത്താനാവുമെങ്കിലും അതിന് കൂടുതൽസമയം ആവശ്യമാകുന്നതിനാൽ ഇത് പെൻഗ്വിനുകളുടെ പ്രത്യുത്‌പാദനത്തെ കാര്യമായി ബാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.