ആഗോളതാപനത്തെ തുടര്‍ന്ന് സമുദ്രോപരിതലത്തില്‍ താപനില ഉയരുന്നത് നീരാളികളെയും ബാധിക്കുന്നതായി പഠനം. സമുദ്രോപരിതലത്തില്‍ താപനില ഉയരുന്നത് നീരാളികളുടെ കാഴ്ചശക്തിയെ ബാധിക്കുമെന്നും അതുവഴി അവയുടെ അതിജീവന ശേഷി കുറയുമെന്നുമാണ് പഠനം പറയുന്നത്. നീരാളികളുടെ നിലനില്‍പ്പ് ഭീഷണി ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് ഗ്ലോബല്‍ ചേഞ്ച് ബയോളജിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

To advertise here,

നീരാളിയുടെ തലച്ചോറിന്റെ 70 ശതമാനവും കാഴ്ചശക്തിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്. പരസ്പരമുള്ള ആശയവിനിമയം, വേട്ടക്കാര്‍, ഇര എന്നിവയെ തിരിച്ചറിയാനുമെല്ലാം സഹായിക്കുന്നത് കണ്ണാണ്. അതിനാൽ തന്നെ താപനില ഉയരുന്നതു മൂലമുള്ള കാഴ്ച്ചക്കുറവ് ഇവയുടെ അതിജീവനത്തിന് വെല്ലുവിളി ഉയർത്തും.

placeholder
Photo: twitter.com/qiazhua

വ്യത്യസ്ത താപനിലയിൽ ജീവിക്കുന്ന നീരാളികളിൽ അതിജീവനതോത് വ്യത്യസ്ത രീതിയിലാണെന്നും പഠനം കണ്ടെത്തി. താപനില ഉയരുന്നത് നീരാളികളുടെ കാഴ്ചശക്തിയെ ബാധിക്കുന്നുവെന്നും ഗര്‍ഭിണികളായ നീരാളികളും അവയുടെ കുഞ്ഞുങ്ങളും കടുത്ത താപനിലയില്‍ ചത്തൊടുങ്ങുന്നതും ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

നീരാളികളുടെ മുട്ടകളെയും അവയുടെ അമ്മ നീരാളികളെയും 19 ഡിഗ്രി സെല്‍ഷ്യസ്, 22 ഡിഗ്രി സെല്‍ഷ്യസ്, 25 ഡിഗ്രി എന്നിങ്ങനെ വ്യത്യസ്ത താപനിലകളിൽ ക്രമീകരിച്ച് പഠിച്ചു. ചൂട് കൂടുന്നതിന് അനുസരിച്ച് കാഴ്ചശക്തിയെ സഹായിക്കുന്ന പ്രോട്ടീനുകളുടെ ഉത്പാദനം നീരാളികളുടെ ശരീരത്തിൽ കുറയുന്നതായും പഠന സംഘം കണ്ടെത്തി. 2100 ആവുമ്പോൾ സമുദ്രത്തിന് 25 ഡിഗ്രി സെൽഷ്യസ് ചൂടുണ്ടാവുമെന്നാണ് പ്രചവചനം. 25 ഡിഗ്രി സെല്‍ഷ്യസില്‍ കാഴ്ചശക്തിക്ക് ഗുണകരമാകുന്ന കുറഞ്ഞ പ്രോട്ടീനുകള്‍ മാത്രമാണ് ഉത്പാദിപ്പിക്കപ്പെട്ടത്. 25 ഡിഗ്രി സെല്‍ഷ്യസിൽ മുട്ടകളില്‍ ഭൂരിഭാഗവും വിരിഞ്ഞില്ല. മുട്ട അതിന്റെ വളര്‍ച്ചയുടെ ആദ്യ ഘട്ടത്തിലായിരിക്കുമ്പോള്‍ തന്നെ അമ്മ നീരാളി മരിച്ചതാണ് ഒരുപരിധി വരെ ഇതിന് കാരണമെന്നും ഗവേഷകര്‍ പറയുന്നു. "2100-ഓടെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത് പോലെയുള്ള സംഭവവികാസങ്ങളുണ്ടാക്കുമോയെന്നത് ഉറപ്പില്ല, എന്നാല്‍ ആഗോള താപനം തീര്‍ച്ചയായും നീരാളികള്‍ക്ക് വെല്ലുവിളി തന്നെയാണ്", ഗവേഷകര്‍ വിശദീകരിക്കുന്നു. 

മൂന്നോ അല്ലെങ്കിൽ അത്ര തന്നെയോയുള്ള ഡി​ഗ്രി സെൽഷ്യസ് വർധനവ് പോലും ഈ ജീവികളുടെ നാശത്തിന് കാരണമാകുമെന്നാണ് പഠനത്തിന്റെ സഹരചയിതാവ് പ്രതികരിച്ചത്.