ന്യൂഡല്‍ഹി: ഒരു നദീതടത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിക്ക് പരിസ്ഥിതി ആഘാത പഠനമോ വൈദ്യുതശേഷി പഠനമോ നടത്തുന്നതിന് മുമ്പുതന്നെ തത്ത്വത്തിലുള്ള അംഗീകാരം നല്‍കാമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം. വ്യവസായവികസനം സുഗമമാക്കുന്നതിന്റെ ഭാഗമായുള്ള ഈ നിര്‍ദേശം പരിസ്ഥിതിയെ വില കുറച്ചുകാണുന്നതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷമുണ്ടാക്കുന്നതുമാണെന്നാണ് പരിസ്ഥിതിവിദഗ്‌ധരുടെ ആശങ്ക.
നിലവില്‍ പദ്ധതികളുടെ പരിസ്ഥിതി ആഘാതപഠനം സമയമേറെ എടുക്കുന്ന പ്രക്രിയയാണ്. അതൊഴിവാക്കാനാണ് തത്ത്വത്തിലുള്ള അനുമതി ആദ്യം നല്‍കിയശേഷം പിന്നീട് ആഘാതപഠനങ്ങളിലേക്ക് കടന്നാല്‍ മതിയെന്ന നിര്‍ദേശം എന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. ഒരു നദീതടത്തില്‍ ആദ്യമായി ആവിഷ്കരിക്കുന്ന പദ്ധതിക്കേ ഇത്തരത്തില്‍ മുന്‍കൂറായി അനുമതിയാകാവൂ എന്നാണ് വ്യവസ്ഥ. അംഗീകാരം നേടിയ ശേഷം നിര്‍മാണം ആരംഭിക്കുകയും അന്തിമ അംഗീകാരത്തിനുമുമ്പായി പരിസ്ഥിതി ആഘാതപഠനവും വൈദ്യുതശേഷി പഠനവും പൂര്‍ത്തീകരിക്കുകയും ചെയ്യുക എന്നാണ് പുതിയ നിര്‍ദേശം. അതേസമയം, ഒരേ നദീതടത്തില്‍ നിര്‍ദേശിക്കുന്ന രണ്ടാമത്തെയോ മൂന്നാമത്തെയോ പദ്ധതിയാണെങ്കില്‍ ഇത്തരത്തില്‍ അംഗീകാരം നല്‍കാനാവില്ല. ആഘാതപഠനങ്ങള്‍ നടത്തിയശേഷമേ തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയുകയുള്ളൂ. പരിസ്ഥിതി മന്ത്രാലയം ഡിസംബര്‍ 27-ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച കുറിപ്പിലാണ് പുതിയ നിര്‍ദേശങ്ങള്‍.
മുന്‍ ഉത്തരവില്‍ വെള്ളം ചേര്‍ത്തു
എല്ലാ പദ്ധതികള്‍ക്കും ആദ്യംതന്നെ പരിസ്ഥിതി ആഘാതപഠനം നിര്‍ബന്ധമാക്കി 2013-ല്‍ കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. അതൊഴിവാക്കിയാണ് കേന്ദ്രത്തിന്റെ പുതിയനീക്കം. നദീതടവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാരുകളുടെ പക്കല്‍ ലഭ്യമായ വിശദാംശങ്ങളെല്ലാം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറണമെന്നും കേന്ദ്രം കുറിപ്പില്‍ നിര്‍ദേശിച്ചിട്ടുണ്ട്.കേരളത്തില്‍ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികളുടെ പരിസ്ഥിതി ആഘാതപഠനം നേരത്തേതന്നെ പൂര്‍ത്തിയായതാണ്. എന്നാല്‍, പരിസ്ഥിതിപ്രവര്‍ത്തകരുടെ എതിര്‍പ്പ് കാരണം പദ്ധതി ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്.
പരിസ്ഥിതിയെ ലഘൂകരിച്ച് കാണലെന്ന് പരിസ്ഥിതിവിദഗ്ധര്‍
പുതിയ നിർദേശം പരിസ്ഥിതിയെ ലഘൂകരിച്ച് കാണലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതുമാണെന്ന് തിരുവനന്തപുരം സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് ആന്‍ഡ് സ്റ്റഡീസിലെ മുന്‍ ശാസ്ത്രജ്ഞനും പരിസ്ഥിതി വിദഗ്‌ധനുമായ ഡോ. കെ.വി. തോമസ് മാതൃഭൂമിയോട് പറഞ്ഞു. നിലവില്‍ത്തന്നെ ഒരു പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനം നടത്തുന്നത് പദ്ധതി നടപ്പാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ്. ഇനി തത്ത്വത്തിലുള്ള മുന്‍കൂര്‍ അനുവാദത്തിന് ശേഷം പഠനം നടത്തുമ്പോള്‍ പഠനത്തില്‍ പക്ഷപാതിത്വം കൂടുകയേ ഉള്ളൂ. പരിസ്ഥിതിയുടെ പ്രാധാന്യത്തെ വില കുറച്ച് കാണാനേ ഇതുപകരിക്കൂവെന്നും ഡോ. തോമസ് പറഞ്ഞു.
Content Highlights: no study needed for first power project on river
Published: 02 Jan 2024, 10:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented