കോഴിക്കോട്: പശ്ചിമഘട്ട മലനിരകളിൽനിന്ന് രണ്ട് പുതിയ ഇനം മണ്ണിരയെ ഗവേഷകർ കണ്ടെത്തി. അപൂർവമായ ഈ സ്പീഷീസുകൾക്ക് മൊണീലിഗാസ്റ്റർ ഗിരീഷി, ദ്രവീഡ റെയ്‌നോൾസൈ എന്നിങ്ങനെയാണ് പേരുനൽകിയിട്ടുള്ളത്. 2024 ഡിസംബർ മുതൽ നടത്തിയ ഗവേഷണങ്ങൾക്കൊടുവിലാണ്‌ ഇവയെ കണ്ടെത്തിയത്. കടന്നലുകളെക്കുറിച്ച് ഒട്ടേറെ ഗവേഷണങ്ങൾ നടത്തിയിട്ടുള്ള കോഴിക്കോട് സുവോളജിക്കൽ സർവേ കേന്ദ്രം ഡബ്ല്യു.ജി.ആർ.സി.യിലെ ഡോ. പി. ഗിരീഷ് കുമാറിന്റെ ബഹുമാനാർഥമാണ് ‘മൊണീലിഗാസ്റ്റർ ഗിരീഷി’ എന്ന പേരുനൽകിയത്. പ്രഗല്‌ഭ കനേഡിയൻ ശാസ്ത്രജ്ഞനായ റെയിനോൾഡ്‌സ് ഐയുടെ പേരിലാണ് ‘ദ്രവീഡ റെയ്‌നോൾസൈ’ എന്ന് നാമകരണംചെയ്തത്.

To advertise here,

ഡോ. പ്രശാന്ത് നാരായണൻ, ഡോ. ആർ. പലിവാൽ, ഡോ. അനൂപ് ദാസ്, ഡോ. വി.പി. സൈലസ്, ഡോ. നവീൻ ബാബു, ഡോ. എ.പി. തോമസ്, ഡോ. ജെ.എം. ജുൽക്ക, ഫാഹിസ് എന്നിവരടങ്ങിയ ഗവേഷണസംഘമാണ് ഇവയെ കണ്ടെത്തിയത്. മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസ്, സൊലാനിലെ ഷൂലിനി യൂണിവേഴ്‌സിറ്റി ഓഫ് ബയോടെക്‌നോളജി, മമ്പാട് എം.ഇ.എസ്. കോളേജ്, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ ഗവേഷകരാണിവർ.

നിത്യഹരിത വനപ്രദേശമായ ചെമ്പൊട്ടിയിൽനിന്നാണ് മൊണീലിഗാസ്റ്റർ ഗിരീഷി ഇനത്തെ കണ്ടെത്തിയത്. ദ്രവീഡ റെയ്‌നോൾസൈയെ സീസ്പാറയ്ക്കടുത്ത് തിരിച്ചറിഞ്ഞു. മൊണീലിഗാസ്റ്റർ ഇനം കേരളത്തിലും തമിഴ്‌നാട്ടിലും മാത്രം കാണപ്പെടുന്നവയാണെന്ന് കരുതപ്പെടുന്നു. 16 ഇനങ്ങൾ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ.

ഇപ്പോൾ കണ്ടെത്തിയ രണ്ടിനങ്ങളും തമ്മിൽ ബാഹ്യവ്യത്യാസമില്ലെങ്കിലും ആന്തരികമായ വ്യത്യാസങ്ങളുണ്ട്. അപൂർവ ജീവിവർഗങ്ങളുടെയും സസ്യജാലത്തിന്റെയും കലവറയായ സഹ്യപർവതത്തിൽ ഇനിയും ഇത്തരം ധാരാളം മണ്ണിര ഇനങ്ങൾ ഉണ്ടാവുമെന്ന് ഡോ. പ്രശാന്ത് നാരായണൻ പറഞ്ഞു. ഇതേക്കുറിച്ച് അധികം പഠനങ്ങൾ ഇതുവരെ നടന്നിട്ടില്ല. ഈ മേഖല സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് ഇത് വിരൽചൂണ്ടുന്നു.

ചൈനയിലും ജപ്പാനിലും മറ്റും ബയോടെക്‌നോളജി പഠനങ്ങളുടെ അടിസ്ഥാനത്തിൽ മണ്ണിരകളിൽനിന്ന് അലോപ്പതിമരുന്നുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയിൽ സിദ്ധ ചികിത്സാവിഭാഗത്തിൽമാത്രമേ മണ്ണിരകളെ ഉപയോഗിക്കുന്നുള്ളൂ. പുതിയ ഇനം മണ്ണിരകൾക്ക് വൈദ്യശാസ്ത്ര- ബയോടെക്‌നോളജി പ്രാധാന്യമുണ്ടോ എന്നത് പഠനവിഷയമാക്കേണ്ടതുണ്ടെന്നും ഗവേഷകർ പറഞ്ഞു.