
ശരീരം നിറയെ പുള്ളിപ്പുലിക്ക് സമാനമായ പുളളികളോടെ വരണ്ട കാടുകളില്‍ മാത്രം കാണപ്പെടുന്ന തവളയാണ് സാന്റ ഫെ തവളകൾ. ഒരു നൂറ്റാണ്ട് മുന്‍പാണ് സാന്റെ ഫെ തവളകളെ ഗവേഷകര്‍ കണ്ടെത്തുന്നതെങ്കിലും ഇവയുടെ ഇണചേരല്‍ പോലുള്ള വിവരങ്ങള്‍ ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്നു. ഇപ്പോഴിതാ തവളകളുടെ പ്രത്യുത്പാദനമടക്കമുള്ള വിവരങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം വനിതാ ഗവേഷകര്‍. അര്‍ജന്റീനിയന്‍ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍.
അര്‍ജന്റീന, ബൊളീവിയ, പാരഗ്വായ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ വരണ്ട കാടുകളിലൊന്നായ ഡ്രൈ ചാക്കോയിലാണ് സാന്റഫെ തവളകള്‍ കാണപ്പെടുന്നത്. 50 ഡിഗ്രിയിലധികം വരുന്ന കൊടും ചൂടിനേയും വിഷപ്പാമ്പുകളെയും അതിജീവിച്ചാണ് വനിതാ ഗവേഷകര്‍ ശാസ്ത്രലോകത്തിന് ഉതകുന്ന സുപ്രധാന കണ്ടെത്തല്‍ നടത്തിയത്.

അപൂര്‍വമായ സാന്റ ഫെ തവളകളുടെ സംരക്ഷണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സാന്റ ഫെ പ്രൊജക്ടിന് നേതൃത്വം നല്കുന്ന ഗവേഷക ഐസിസ് ഇബനേസ് പറയുന്നു. ഇവയുടെ സംരക്ഷണം സാധ്യമാകണമെങ്കില്‍ പ്രജനന രീതിയെക്കുറിച്ചും മറ്റും കൂടുതലറിയേണ്ടതുണ്ട്. ഇതിന് സഹായകമാകുന്നതാണ് ഗവേഷകസംഘത്തിന്റെ കണ്ടെത്തലുകള്‍
മണ്ണിനടിയിലോ, പൊത്തുകളിലോ മറഞ്ഞിരിക്കുന്ന സാന്റ ഫെ തവളകള്‍ ഇണചേരലിന് വേണ്ടി മാത്രമാകും പുറത്തെത്തുക. രാത്രികാലങ്ങളില്‍ പുറത്തെത്തുന്ന ഇവ ഇണചേരലിന് വേണ്ടി കുളങ്ങളില്‍ നിന്നോ മറ്റോ ഉയര്‍ന്ന ശബ്ദമുണ്ടാക്കും. പിന്നെ പെണ്തവളകള്ക്കൊപ്പം തിരികെ മണ്ണിനടിയിലെ തന്റെ വാസസ്ഥലത്തേക്ക് മടങ്ങും. രാത്രിയില്‍ മണിക്കൂറുകളോളം കുഴിയെടുത്താണ് ഗവേഷകസംഘം മണ്ണിനടിയില്‍ നിന്ന് മുട്ടകളും വാല്മാക്രികളെയും കണ്ടെത്തിയത്.

അസഹനീയമായ ചൂട് മൂലം ഈ ഡ്രൈ ചാക്കോവനമേഖലയെ ഭൂമിയുടെ നരകമെന്നും വിളിക്കാറുണ്ട്. മഴ താരത്യമേന കുറവുള്ള ഇവിടെ താപനില പകല്‍സമയങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഇന്ന് വനനശീകരണതോത് ലോകത്ത് ഏറ്റവും കൂടുതലുള്ള വനമാണ് ഡ്രൈ ചാക്കോ. വന്‍തോതിലുള്ള വനനശീകരണം പ്രദേശത്തെ ആവാസ വ്യവസ്ഥയെ കാര്യമായി ബാധിക്കുകയും ജീവിവര്‍ഗങ്ങള്‍ വംശനാശഭീഷണി നേരിടുകയും ചെയ്യുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും, ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റങ്ങളും സാന്റഫെ തവളകള്‍ക്കും ഭീഷണിയാവുകയാണ്. സാന്റ ഫെ തവളകളുടെ സംരക്ഷണത്തിലൂടെ ചാക്കോ കാടുകളുടെ ജൈവൈവിധ്യസംരക്ഷണം കൂടിയാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും ഗവേഷക സംഘം അഭിപ്രായപ്പെട്ടു.
Content Highlights: more details of of rare 'leopard-print' frog revealed
Published: 03 Jul 2023, 07:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented