തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ ചെങ്കോട്ടവിടവുകടന്ന് കല്ലാർ പിലിഗിരിയൻ തവളകളെ റാന്നി വനമേഖലയിൽ കണ്ടെത്തി. ഭൂമിശാസ്ത്രപരമായ പ്രത്യേകതയാൽ പശ്ചിമഘട്ടത്തിന് വടക്ക് ഇവയെ കാണാനാകില്ലെന്നായിരുന്നു വിലയിരുത്തൽ. ചെങ്കോട്ട, പാലക്കാട്, ഗോവ എന്നിവിടങ്ങളിൽ പശ്ചിമഘട്ടത്തിനുള്ള വിടവ് സാധാരണജീവികളുടെ സഞ്ചാരത്തെയും പ്രജനനത്തെയും ബാധിക്കുന്നുവെന്ന ധാരണ റാന്നിയിൽ ഇവയെ കണ്ടെത്തിയതോടെ മാറുകയാണ്.
റാന്നി ഫോറസ്റ്റ് ഡിവിഷനിലെ കണമല, വടശ്ശേരിക്കര, ഗുഡ്രിക്കൽ റേഞ്ചിലെ നാറാണംതോട്, നിലയ്ക്കൽ പ്രദേശങ്ങളിൽനിന്നാണ് ഇവയെ കണ്ടെത്തിയത്. രൂപശാസ്ത്രപരമായും ഡി.എൻ.എ. വിശകലനത്തിലൂടെയുമാണ് ഇവ കല്ലാർ പിലിഗിരിയൻ തവളകളാണെന്നുറപ്പിച്ചത്. വെള്ളച്ചാട്ടങ്ങൾക്കും അരുവികൾക്കും സമീപത്തെ നനവുള്ള ചെറുകല്ലുകളിലാണ് ഇവയെ സാധാരണ കാണാറുള്ളത്.
മണ്ണെടുപ്പ്, പ്രളയം തുടങ്ങിയ സാഹചര്യങ്ങൾ ഇവയുടെ സഞ്ചാരത്തെ സ്വാധീനിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. ഇണയെ ആകർഷിക്കാനുംമറ്റും നൃത്തച്ചുവടുകൾക്കുസമാനമായി പിൻകാലുകൾ ചലിപ്പിക്കുന്നതിനാൽ നൃത്തത്തവള എന്നും ഇവയ്ക്ക് പേരുണ്ട്. ചെറുപ്രാണികളാണ് ആഹാരം. 2022-ലെ ലോക ഉഭയജീവി കണക്കെടുപ്പിൽ വംശനാശഭീഷണി നേരിടുന്ന തവളവർഗത്തിലെ അഞ്ചാമത്തെ ജനുസ്സാണ് കല്ലാർ പിലിഗിരിയൻ.
കോട്ടയം ബി.സി.എം. കോളേജ് സുവോളജി വിഭാഗം മേധാവി പ്രിയാ തോമസ്, മൂവാറ്റുപുഴ നിർമലാ കോളേജ് സുവോളജി അധ്യാപകൻ ഡോ. ജിജി കെ. ജോസഫ്, കേരള സർവകലാശാലയിലെ ഗവേഷണസംഘത്തിലെ ഡോ. സുജിത് പി. ഗോപാലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. തിരുവനന്തപുരം ജില്ലയിലെ കല്ലാർ മേഖലയിൽ 1942-ലാണ് കല്ലാർ പിലിഗിരിയനെന്നും കല്ലാർ ടോറന്റ് എന്നും വിളിക്കുന്ന തവളയെ ആദ്യം കണ്ടെത്തിയത്.
Content Highlights: kallar piligiriyan frog also found in ranni
Published: 12 Aug 2024, 07:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented