ചെന്നൈ: ശിവഗംഗ ജില്ലയിലെ വേട്ടങ്കുടിപ്പട്ടി ഗ്രാമത്തിലെ ജനങ്ങള്‍ അന്‍പതിലേറെ വര്‍ഷമായി പടക്കംപൊട്ടിച്ച് ദീപാവലി ആഘോഷിക്കാറില്ല. ദേശാടനപ്പക്ഷികളോടുള്ള സ്‌നേഹവും കരുതലും അനുകമ്പയുമാണ് ഇതിനുപിന്നില്‍.

To advertise here,

ശിവഗംഗയില്‍നിന്ന് മധുര റോഡില്‍ തിരുപുത്തൂരിനുസമീപമാണ് വേട്ടങ്കുടിപ്പട്ടി. ഇവിടെയുളള വിസ്തൃതമായ പക്ഷിസങ്കേതത്തില്‍ പതിനായിരത്തോളം ദേശാടനപ്പക്ഷികള്‍ പ്രജനനത്തിനായി എത്തും. അവ സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ കൂടുണ്ടാക്കി മുട്ടവിരിയിക്കും. അതിന് ശല്യമുണ്ടാക്കരുതെന്നു കരുതിയാണ് ഗ്രാമവാസികള്‍ ദീപാവലിക്ക് പടക്കംപൊട്ടിച്ചുള്ള ആഘോഷം വേണ്ടെന്നുവെച്ചത്.

1972 മുതല്‍ ദേശാടനപ്പക്ഷികള്‍ ഗ്രാമത്തില്‍ എത്തിത്തുടങ്ങിയെന്നും അവയെ തങ്ങള്‍ അതിഥികളായാണ് കാണുന്നതെന്നും അതിനാലാണ് ഒരു പ്രയാസവും വരുത്താതെ സംരക്ഷിക്കുന്നതെന്നും ഗ്രാമത്തിലെ പഴമക്കാര്‍ പറയുന്നു.

ഗ്രാമത്തിനുചുറ്റുമുള്ള 36.89 ഹെക്ടര്‍ വിസ്തൃതിയിലുള്ള സ്ഥലം 1977-ലാണ് പക്ഷിസങ്കേതമായി പ്രഖ്യാപിച്ചതെന്നും സംസ്ഥാന വനം-പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു.

വേട്ടങ്കുടിപ്പട്ടിയിലെ ജനങ്ങളുടെ പ്രവൃത്തികണ്ട് തൊട്ടടുത്തുള്ള കൊല്ലുകുടിപ്പട്ടിയിലും പിന്നീട് ദീപാവലിക്ക് പടക്കങ്ങള്‍ ഒഴിവാക്കി. ഈ രണ്ടുഗ്രാമത്തിലും ഇപ്പോള്‍ വിവാഹങ്ങളിലും ശവഘോഷയാത്രകളിലുമൊന്നും പടക്കംപൊട്ടിക്കാറില്ല.

ഈ നിയമം പാലിക്കുന്നതില്‍ ഗ്രാമീണര്‍ ഒറ്റക്കെട്ടാണ്. ഇവരുടെ നന്മ കണ്ടറിഞ്ഞ വനംവകുപ്പ് അധികൃതര്‍ എല്ലാവര്‍ഷവും ദീപാവലി ആഘോഷവേളയില്‍ ഇവിടെയെത്തി ഗ്രാമവാസികള്‍ക്ക് മധുരം വിതരണം ചെയ്യാറുണ്ട്. ഗ്രാമവാസികളുടെ ഈ തീരുമാനം പക്ഷികളോടുള്ള കരുതല്‍ മാത്രമല്ലെന്നും പ്രകൃതിയോടുള്ള സ്‌നേഹവും സമര്‍പ്പണവുംകൂടിയാണെന്നും സുപ്രിയ സാഹു പറഞ്ഞു.