
കൊല്ലം: നമ്മള് കഴിക്കുന്ന ചെമ്മീനില്‍ പ്ലാസ്റ്റിക് കണങ്ങളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. പാകംചെയ്യുമ്പോള്‍ അന്നനാളം നീക്കംചെയ്ത് കഴിക്കണമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയെരുതെന്നും പഠനം മുന്നറിയിപ്പ് നല്കുന്നു. ഫാത്തിമ മാതാ നാഷണല്‍ കോളേജ് ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. സര്ലീന്റേതാണ് പഠനം. അന്താരാഷ്ട്ര ശാസ്ത്ര ജേണലായ സ്പ്രിങ്ങര്‍ നേച്ചറിന്റെ ഡിസ്കവര് എണ്വയോണ്മെന്റിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
കയറ്റുമതി ചെയ്യുന്ന നാരന്‍, ടൈഗര്‍, കഴന്തന്‍, കുഴിക്കാര ചെമ്മീനുകളുടെ ദഹന നാളത്തിലെ പ്ലാസ്റ്റിക് ധൂളീസാന്നിധ്യത്തെപ്പറ്റിയാണ് പഠനം നടത്തിയത്. 31.8 ശതമാനം നാരുകള്‍, 32.4 ശതമാനം പെല്ലറ്റ്, 33.38 ശതമാനം ഗോളം, 2.47 ശതമാനം ഫ്രാഗ്മെന്റ് തുടങ്ങി വിവിധ ആകൃതികളിലും കറുപ്പ്, നീല, ചുവപ്പ്, സുതാര്യമായത് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ളതുമായ ശരാശരി മൂന്നുതരികള്‍ ഓരോ ഇനം ചെമ്മീനിലും കണ്ടെത്തി.
പോളി എത്ലീന്‍, പി.വി.സി., നൈലോണ്‍, അക്രിലോണിട്രൈല്‍ ബ്യൂട്ടാഡീന്‍ സ്റ്റൈറൈന്‍ പോളിസ്റ്റൈറൈന്‍ കണികകളുടെ സാന്നിധ്യവും സ്ഥിരീകരിച്ചു. ചെമ്മീന്‍ നല്ലപോലെ വൃത്തിയാക്കി അതിന്റെ അന്നനാളം നീക്കി പാകം ചെയ്യുന്നതിലൂടെ നമ്മുടെ ഉള്ളിലേക്ക് ചെമ്മീന്‍ വഴിയുള്ള പ്ലാസ്റ്റിക് ധൂളീപ്രവേശം തടയാമെന്നു സര്‍ലീന്‍ പറയുന്നു.
ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ വെയിലും മഴയുമേറ്റ് പൊടിഞ്ഞു കടലില്‍ ചേരുന്നുണ്ട്. അഞ്ചുമില്ലിമീറ്ററില് താഴെ വലിപ്പമുള്ള പ്ലാസ്റ്റിക് തരികളെയാണ് മൈക്രോ പ്ലാസ്റ്റിക്കെന്നു വിളിക്കുന്നത്. വായു, മഴവെള്ളം, മലിനജലം, കടലിലും കരയിലും നഷ്ടപ്പെട്ടതും ഉപേക്ഷിക്കുന്നതുമായ മത്സ്യബന്ധന ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ ഒട്ടേറെ സ്രോതസ്സുകള്‍ കടലിലേക്ക് എത്തിച്ചേരുന്ന ഇത്തരം പ്ലാസ്റ്റിക് ധൂളികളുടെ ഉറവിടമാകുന്നു.
ഈ തരികള്‍ ഭക്ഷണമാക്കുന്ന സൂക്ഷ്മജീവികള്‍ തുടങ്ങിയവയെ ചെമ്മീന്‍ ആഹാരമാക്കുന്നു. ചെമ്മീന്‍ കഴിക്കുന്ന മനുഷ്യനോ മൃഗമോ ഉള്‍പ്പെടെ ഭക്ഷ്യശൃംഖലയിലെ എല്ലാ കണ്ണികളെയും ഇത് ബാധിക്കും.
ആഗോളതലത്തില്‍ മൈക്രോ പ്ലാസ്റ്റിക് മലിനീകരണം പ്രധാന പാരിസ്ഥിതിക ആശങ്കയും മനുഷ്യന് വലിയ ഭീഷണിയുമാണ്. മനുഷ്യന്റെ ആന്തരികാവയവങ്ങള്‍, രക്തം, തലച്ചോര്‍, മുലപ്പാല്‍, ഗര്‍ഭസ്ഥശിശു എന്നിവയിലെല്ലാം പ്ലാസ്റ്റിക് ധൂളികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യത്തിന് ഹാനികരമാകാതിരിക്കാന്‍, പ്ലാസ്റ്റിക് ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാനും ഉപയോഗശേഷം മാലിന്യസംസ്കരണത്തിന് വിധേയമാക്കാനും ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത പഠനം ഊന്നിപ്പറയുന്നു.
Content Highlights: micro plastic presence in prawns at indian coasts says study
Published: 11 Mar 2025, 09:57 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented