ന്യൂഡല്‍ഹി : കാലാവസ്ഥാ വ്യതിയാനം ചര്‍ച്ചചെയ്യാന്‍ ഗ്ലാസ്ഗോയില്‍ ചേര്‍ന്ന ആഗോള ഉച്ചകോടിയില്‍ ഇന്ത്യയുടെ നിലപാട് ലോകശ്രദ്ധ ആകര്‍ഷിച്ചതിനു പിന്നാലെ വയനാട്ടിലെ മീനങ്ങാടി പഞ്ചായത്ത് ആവിഷ്‌കരിച്ച 'കാര്‍ബണ്‍ ന്യൂട്രല്‍' മാതൃക രാജ്യവ്യാപകമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.

To advertise here,

വാഹനങ്ങളിലൂടെയും മറ്റുമുള്ള കാര്‍ബണ്‍ വ്യാപനം തടയുന്നതില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ഏറെ പങ്കുവഹിക്കാനാവും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. കേന്ദ്ര പഞ്ചായത്തീരാജ് സെക്രട്ടറി സുനില്‍കുമാര്‍ വെള്ളിയാഴ്ച വിളിച്ച ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പദ്ധതി വ്യാപിപ്പിക്കുന്നത് തത്ത്വത്തില്‍ അംഗീകരിച്ചു. രൂപരേഖ തയ്യാറാക്കാനും പ്രവര്‍ത്തന മാനദണ്ഡം നിശ്ചയിക്കാനും മന്ത്രാലയം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി.പി. ബാലനെ ചുമതലപ്പെടുത്തി.

കേരളത്തിലെ തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ ഈയിടെ തലസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മീനങ്ങാടി പദ്ധതിയും ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. പിന്നാലെയാണ് കാര്‍ബണ്‍ ബഹിര്‍ഗമനം സന്തുലിതമാക്കുന്നതിന് പദ്ധതി ദേശവ്യാപകമായി നടപ്പാക്കാന്‍ തീരുമാനമായത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ജില്ലകളിലൊന്നായ വയനാട്ടിലെ മീനങ്ങാടിയില്‍ 'കാര്‍ബണ്‍ സന്തുലനാവസ്ഥ' എന്ന ലക്ഷ്യം കൈവരിക്കാന്‍ 2016-ലാണ് പദ്ധതി തുടങ്ങിയത്. പദ്ധതിയില്‍ ശ്രദ്ധേയമായത് പരമാവധി മരങ്ങള്‍ നടുന്നത് ലക്ഷ്യമിട്ട ട്രീ ബാങ്കിങ് സംവിധാനം ആയിരുന്നു. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കിയ ലോകത്തെ ആദ്യപഞ്ചായത്താണ് മീനങ്ങാടിയെന്നും കാനഡ ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ 'കാര്‍ബണ്‍ ന്യൂട്രല്‍ നഗരം' എന്ന ആശയം രൂപപ്പെട്ടത് ഇതിനുശേഷമാണെന്നും ഡോ. പി.പി. ബാലന്‍ 'മാതൃഭൂമി'യോട് പറഞ്ഞു.

എന്താണ് 'കാര്‍ബണ്‍ ന്യൂട്രല്‍'

:അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനവും സ്വാംശീകരണവും തുല്യമാക്കുന്നതാണ് 'കാര്‍ബണ്‍ ന്യൂട്രല്‍'. വനം-ജൈവ വൈവിധ്യ സംരക്ഷണം, ഭക്ഷ്യ-ഊര്‍ജ സ്വയംപര്യാപ്തത, മാലിന്യനിര്‍മാര്‍ജനം, ശുദ്ധമായ മണ്ണ്-വെള്ളം-വായു എന്നിവയിലേക്ക് പ്രദേശം സ്വാഭാവികമായി മാറുന്നതിന് വഴിയൊരുക്കുന്ന അവസ്ഥ കൂടിയാണിത്. പെട്രോളിയം-കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ് അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങള്‍ (കാര്‍ബണ്‍ ഡയോക്‌സൈഡ്, നൈട്രസ് ഓക്‌സൈഡ്, മീഥേന്‍) ആവശ്യമായ അനുപാതത്തിലും കൂടുതല്‍ വര്‍ധിക്കാന്‍ കാരണമാവുന്നത്. ഇത് ആഗോളതാപനത്തിനും വഴിവെക്കുന്നു. 

എന്താണ് മീനങ്ങാടി മാതൃക

സംസ്ഥാന സര്‍ക്കാരിന്റെ പൈലറ്റ് പ്രോജക്ട് ആയി 2016-ലാണ് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി വയനാട്ടിലെ മീനങ്ങാടി പഞ്ചായത്തില്‍ തുടങ്ങുന്നത്. പത്തുകോടി രൂപയും അനുവദിച്ചിരുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

ഏറെ ശ്രദ്ധേയമായത് പരമാവധി മരങ്ങള്‍ നടുന്നത് ലക്ഷ്യമിട്ട ട്രീ ബാങ്കിങ്ങ് സംവിധാനം ആയിരുന്നു. ഓരോ മരത്തിനും ഗ്രാമപ്പഞ്ചായത്തിന്റെ പങ്കാളിത്ത ഉടമസ്ഥാവകാശം ഉണ്ടായിരിക്കും. മലവേപ്പ്, വെള്ളപ്പൈന്‍, പ്ലാവ്, മാവ്, വീട്ടി തുടങ്ങിയ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന കര്‍ഷകന് സഹകരണബാങ്ക് വഴി മരം ഒന്നിന് 50 രൂപ നിരക്കില്‍ വര്‍ഷംതോറും വായ്പ ലഭിക്കും. മരം വെട്ടുമ്പോള്‍ തുക തിരിച്ചടച്ചാല്‍ മതിയാകും.

സ്വകാര്യഭൂമികളിലെ വനവത്കരണം, എല്‍.പി.ജി. ശ്മശാനം, ജൈവക്കൃഷി പ്രോത്സാഹനം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുള്ള ബോധവത്കരണം. ശാസ്ത്രീയ മാലിന്യനിര്‍മാര്‍ജനം, പാരമ്പര്യേതര ഊര്‍ജോത്പാദനം, ജലസ്രോതസ്സുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കല്‍, ജൈവവൈവിധ്യ രജിസ്റ്റര്‍ നവീകരിക്കല്‍, വാട്ടര്‍ഷെഡ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍ പദ്ധതികളും ഇതിനൊപ്പം നടക്കും.

തിരുവനന്തപുരം ആസ്ഥാനമായ പരിസ്ഥിതി സംഘടന തണല്‍, എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പദ്ധതി. ഇത് നടപ്പാക്കുന്നതോടെ കാര്‍ബണ്‍ ന്യൂട്രല്‍ എന്ന പേരില്‍ പ്രദേശത്തെ കാര്‍ഷികോത്പന്നങ്ങളുടെ വിപണനം നടത്താനും അതുവഴി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു. പദ്ധതിയുടെ തുടര്‍ച്ചയായി 'മലബാര്‍ കോഫി' എന്ന പേരില്‍ വയനാടന്‍ കാപ്പിയുടെ ഗുണമേന്മ വര്‍ധിപ്പിച്ച് വിപണനം ചെയ്യുന്നതും ആലോചിച്ചിരുന്നു.

content highlights: Meenangadi model carbon neutral project of Kerala