ന്ന് മാര്‍ച്ച് ഇരുപത്തിരണ്ട് ലോക ജലദിനം. വിവേകപൂര്‍ണ്ണമായി ഓരോ തുള്ളി ജലവും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ചാണ് ഓരോ ലോക ജലദിനവും നമുക്ക് മുമ്പിലെത്തുന്നത്. 1992ല്‍ റിയോ ഡി ജനീറോയില്‍ വെച്ച് നടന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിക്കും വികസനത്തിനുമായുള്ള സമ്മേളനത്തിലാണ് ജലദിനം എന്ന ആശയം ആദ്യമായി ഉയര്‍ന്നുവന്നത്. ശുദ്ധജലത്തിന്റെ പ്രാധാന്യവും അതിന്റെ ബുദ്ധിപരമായ വിനിയോഗത്തെയും കുറിച്ചു ലോകത്തെ ബോധ്യപ്പെടുത്താന്‍ ഒരു ദിനം വേണമെന്നായിരുന്നു അംഗങ്ങളുടെ നിര്‍ദേശം.  ഇത് അംഗീകരിച്ച ഐക്യരാഷ്ട്രസഭ 1993 മുതല്‍ മാര്‍ച്ച് 22ാം തീയതി ലോകജല ദിനമായി ആചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പലതരം മാദ്ധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ബോധവത്കരണ പരിപാടികളും സെമിനാറുകളുമെല്ലാം ഇതിന്റെ ഭാഗമായി നടക്കുന്നു. ലോകമെമ്പാടുമുള്ള ജലസ്രോതസ്സുകളുടെ തത്സ്ഥിതിയേയും ജലവിഭവ വിനിയോഗത്തേയും കുറിച്ചുള്ള വേള്‍ഡ് വാട്ടര്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നതും ഇതേ ദിവസം തന്നെ. 

To advertise here,

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

2022ലെ സന്ദേശം ഭൂഗർഭജല സംരക്ഷണം (Ground water- Making the invisible visible)

ശുദ്ധ ജലത്തിന്റെ പ്രാധാന്യവും സുസ്ഥിര പരിപാലനത്തിന്റെ ആവശ്യകതയും ഉയര്‍ത്തിക്കാട്ടാന്‍ ഐക്യരാഷ്ട്ര സംഘടനയാണ് എല്ലാ വര്‍ഷവും ജലദിനാചരണത്തിനു നേതൃത്വം നല്‍കുന്നത്. ഓരോ വര്‍ഷവും ഓരോ പ്രത്യേക പ്രമേയത്തെ മുന്‍നിര്‍ത്തിയാണ് ജലദിനം ആചരിക്കുന്നത്. ഈ വര്‍ഷത്തെ പ്രമേയം ഭൂഗര്‍ഭ ജലം-അദൃശ്യമായതിനെ ദൃശ്യമാക്കുന്നു എന്നതാണ്. ഭൂഗര്‍ഭജലം അദൃശ്യമാണ്, പക്ഷെ അതിന്റെ ഉപയോഗവും ഗുണവും എല്ലായിടത്തും ദൃശ്യമാണ്. നമ്മുടെ കാല്‍ക്കീഴില്‍ നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുന്ന മറഞ്ഞിരിക്കുന്ന നിധിയാണ് ഭൂഗര്‍ഭജലം. കാലാവസ്ഥാ വ്യതിയാനം കൊണ്ടാണ് ലോകത്തെ ഭൂഗര്‍ഭജലം ഇല്ലാതാക്കുന്നത്. ഈ വിലയേറിയ വിഭവം സുസ്ഥിരമായി കൈകാര്യം ചെയ്യാന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭൂഗര്‍ഭജലം കാഴ്ചയില്‍ നിന്ന് പുറത്തായിരിക്കാം, പക്ഷേ അത് മനസ്സില്‍ നിന്ന് പുറത്തുപോകരുതെന്നുമാണ് പ്രമേയത്തിലൂടെ യുഎന്‍ മാനവരാശിയോട് ആവശ്യപ്പെടുന്നത്.

വലിയതോതില്‍ ഭൂഗര്‍ഭജലം ഊറ്റിയെടുക്കുമ്പോള്‍ മേല്‍മണ്ണിലെ ജലാംശം കുറഞ്ഞുവരുകയും സസ്യങ്ങള്‍ കരിയുന്നതിനിടയാക്കുകയും ചെയ്യുന്നു. മണ്ണിനടിയിലെ ജലത്തിന്റെ പ്രകൃതിദത്തമായ ചലനം നിശ്ചലമാക്കുകയും വെള്ളത്തിന്റെ അളവ് കുറയുകയും ചെയ്യുമ്പോള്‍ മരങ്ങള്‍ കൂട്ടമായി ഉണങ്ങുന്ന പ്രതിഭാസം വരെ കാണപ്പെട്ടിട്ടുണ്ട്. മേല്‍മണ്ണ് വിണ്ടുകീറുന്നപോലെ അന്തര്‍ഭാഗത്തും വലിയ വിള്ളലുകള്‍ ഉണ്ടാകുന്നു. മഴ നന്നായി ലഭിച്ചാല്‍പോലും ഭൂമിക്കുള്ളിലെ ഈ മുറിവുകള്‍ തുന്നിച്ചേര്‍ക്കാന്‍ പ്രയാസമാണെന്ന ശാസ്ത്രീയ വശവും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.

placeholder
2030നകം എല്ലാവര്‍ക്കും വെള്ളം എന്ന യുഎന്‍ സുസ്ഥിര വികസന ലക്ഷ്യത്തിനു കരുത്തുപകരുന്നതുമാണ് ഇത്തവണത്തെ പ്രമേയം |AP

ഭൂഗര്‍ഭ ജല ഉപയോഗം ഇന്ത്യയില്‍ 

പെരുകുന്ന കുഴല്‍ക്കിണറുകളും താഴുന്ന ഭൂഗര്‍ഭജല നിരപ്പും സൃഷ്ടിക്കുന്നത് ഭൗമ അസന്തുലിതാവസ്ഥയാണ്. ഇതിന്റെ സാക്ഷ്യപത്രമാണ് ഇന്ത്യയും. രാജ്യത്തെ ഭൂഗര്‍ഭ ജല ഉപയോഗത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നാണ്. 1947ല്‍, ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൊത്തം ജലത്തിന്റെ 35 ശതമാനം മാത്രമായിരുന്നു ഭൂഗര്‍ഭജലത്തിന്റെ ഓഹരി. മൂന്ന് പതിറ്റാണ്ട് പിന്നിട്ടപ്പോഴും ഇതില്‍ കാര്യമായ വര്‍ധനയൊന്നുമുണ്ടായില്ല. എന്നാല്‍ ഹരിതവിപ്ലവവും രാസവള കേന്ദ്രീകൃത കൃഷിരീതിയും കുഴല്‍കിണറുകളുടെ എണ്ണം രാജ്യത്ത് വലിയ തോതില്‍ തന്നെ വര്‍ധിപ്പിച്ചു.

ഇന്ന് രാജ്യത്ത് ഇപ്പോള്‍ കൃഷിക്കെടുക്കുന്ന മൊത്തം ജലത്തിന്റെ 70 ശതമാനവും ഭൂഗര്‍ഭജലമാണ്.

2006-07 വര്‍ഷത്തില്‍ 1.46 മില്യണ്‍ കുഴല്‍ക്കിണറുകളുണ്ടായിരുന്നത് 2013-14 വര്‍ഷമായപ്പോഴേക്കും 2.6 ദശലക്ഷമായെന്നാണ് ചെറുകിട ജലസേചനത്തെ സംബന്ധിച്ച് കേന്ദ്ര ജലവിഭവ വകുപ്പ് 2017 ഡിസംബറില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ജലവിഭവ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഗോവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ഭൂഗര്‍ഭജലത്തില്‍ മാലിന്യം കലര്‍ന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.

placeholder
നിയന്ത്രണമില്ലാത്ത കുഴൽക്കിണറുകളുടെ ഉപയോഗം ഭൂഗർഭജല
വിതാനത്തിൽ വലയ കുറവാണുണ്ടാക്കുന്നത്
| illustration : വിജേഷ് വിശ്വൻ

ജലമൂറ്റുന്ന കേരളം

കുറച്ച് വര്‍ഷം മുമ്പ് നാസ കേരളത്തിലെ ജലസ്രോതസ്സുകളുടെ വിഭവ ഭൂപടം തയ്യാറാക്കിയപ്പോള്‍ മനസ്സിലായത് കണ്ടല്‍ കാടുകളുടെ നശീകരണം, കടല്‍ ക്ഷോഭങ്ങള്‍, നീര്‍ത്തടങ്ങള്‍ നശിപ്പിക്കല്‍, നദീതീര കൈയേറ്റം, നദികളുടെ ശോച്യാവസ്ഥ, പശ്ചിമഘട്ട നശീകരണം, കുളങ്ങള്‍, കിണറുകള്‍ എന്നിവയുടെ തിരോധാനം എന്നിവ മൂലം ജലക്ഷാമം അപകടകരമാം വണ്ണം കൂടുന്നു എന്നായിരുന്നു. കേരളത്തിലെ ഭൂഗര്‍ഭ ജലനിരപ്പ് മഴക്കാലത്തു പോലും അപകടകരമായി താഴുന്നതായി കേന്ദ്ര ഭൂജല പഠന കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.

കൃഷികൊണ്ട് വറ്റിവരളുന്ന കാസര്‍കോട്

കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുഴല്‍ക്കിണറുകളും വെള്ളമില്ലാത്ത കുഴല്‍ക്കിണറുകളും ഉള്ള ജില്ലയാണ് കാസര്‍കോട്.  വ്യാവസായിക സംരംഭങ്ങള്‍ കുറവായ കാസര്‍കോട് ജില്ലയില്‍ ജലക്ഷാമം രൂക്ഷമാകുന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത. അശാസ്ത്രീയവും അനിയന്ത്രിതവുമായ കാര്‍ഷിക ജലസേചനമാണ് ഇതിന് കാരണമായി ചൂണ്ടികാട്ടപ്പെടുന്നത്. ജില്ലയിലെ കാറഡുക്ക ബ്ലോക്കില്‍ ഭൂഗര്‍ഭ ജലത്തിന്റെ വ്യാവസായിക ഉപഭോഗം 3.479 ഹെക്ടര്‍ മീറ്ററും, ഗാര്‍ഹിക ഉപഭോഗം 690.713 ഉം ആണെങ്കില്‍ കാര്‍ഷിക ജലസേചനം 3585.89 ഹെക്ടര്‍ മീറ്ററാണ്. മഞ്ചേശ്വരത്തും ഗാര്‍ഹിക ഉപഭോഗം 1174.18 മാത്രമാണെങ്കില്‍ ജലസേചനത്തിന് 5769.94 ഹെക്ടര്‍ മീറ്റര്‍ ഭൂഗര്‍ഭ ജലം ഉപയോഗിക്കുന്നു. കാഞ്ഞങ്ങാട് ഗാര്‍ഹികം 1199.029 ഉം കാര്‍ഷിക ജലസേചനം 3970.95 ഹെക്ടര്‍മീറ്ററുമാണ്.

ജലമൂറ്റുന്ന കവുങ്ങിന്‍ തോട്ടങ്ങൾ

പ്രധാനമായും കമുകിന്‍ തോട്ടങ്ങളിലാണ്  അനിയന്ത്രിതമായ രീതിയില്‍ ജലചൂഷണം നടക്കുന്നത്. കുഴല്‍ക്കിണറുകളും നദീജലവും ഇങ്ങനെ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു. അനിയന്ത്രിതമായ രീതിയില്‍ ഭൂഗര്‍ഭ ജലം വ്യാപകമായി ഉപയോഗിക്കുകയും അതേസമയം ആനുപാതികമായി പ്രകൃതിദത്തമായ രീതിയില്‍ മഴവെള്ളം ഭൂമിയിലേക്ക് റീചാര്‍ജ് ചെയ്യപ്പെടാത്തതുമാണ് ഭൂഗര്‍ഭ ജലവിതാനം അപകടകരമാം വിധത്തില്‍ താഴ്ന്നു കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണം. കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള ഗ്രൗണ്ട് വാട്ടര്‍ എസ്റ്റിമേഷന്‍ കമ്മിറ്റിയുടെ (ജിഇസി) 2017ലെ റിപ്പോര്‍ട്ട് പ്രകാരം കാസര്‍കോട് ബ്ലോക്കിലെ 97.68 ശതമാനം ഭൂഗര്‍ഭജലവും ഉപയോഗിച്ചു കഴിഞ്ഞു. 2013ല്‍ അത് 90.52 ശതമാനമായിരുന്നു. സംസ്ഥാനത്ത് തന്നെ അതീവ ഗുരുതരമായ സ്ഥിതിയാണിത്.

2005ല്‍ കാസര്‍കോട്, കോഴിക്കോട്, ചിറ്റൂര്‍ (പാലക്കാട്), കൊടുങ്ങല്ലൂര്‍ (തൃശൂര്‍), അതിയന്നൂര്‍ (തിരുവനന്തപുരം) എന്നീ ബ്ലോക്കുകളെയായിരുന്നു 'ഓവര്‍ എക്സ്പ്ലോയിറ്റഡ്' മേഖലയായി നിര്‍ണ്ണയിച്ചത്.

2017 ആവുമ്പോഴേക്കും ചിറ്റൂര്‍, കാസര്‍കോട് ഒഴികെയുള്ള ബ്ലോക്കുകള്‍ ജലവിനിയോഗത്തില്‍ സുരക്ഷിത (സേഫ്) സ്ഥാനത്തെത്തിയിരുന്നു. പക്ഷേ കാസര്‍കോട് ജില്ലയില്‍ 2017ലെ സ്ഥിതിവിവര കണക്ക് പ്രകാരം മഞ്ചേശ്വരം, കാറഡുക്ക കാഞ്ഞങ്ങാട് എന്നീ ബ്ലോക്കുകള്‍ സെമി ക്രിട്ടിക്കല്‍ സാഹചര്യത്തിലാണ്. 83.96 ശതമാനം, 82.03 ശതമാനം, 77.67 ശതമാനം എന്നിങ്ങനെയാണ് ഈ ബ്ലോക്കുകളിലെ ഭൂഗര്‍ഭ ജലവിനിയോഗം. ജില്ലയില്‍ നീലേശ്വരം, പരപ്പ ബ്ലോക്കുകള്‍ മാത്രമായിരുന്നു സുരക്ഷിത സ്ഥാനത്തുണ്ടായിരുന്നത്. 2005ല്‍ 57.57 ശതമാനം, 55.34 ശതമാനം എന്നിങ്ങനെ ആയിരുന്നെങ്കില്‍ 2017ല്‍ 69.52, 66.97 എന്നിങ്ങനെയാണ്. ഈ മേഖലകളും ഈ വര്‍ഷമാവുമ്പോഴേക്കും സെമി ക്രിട്ടിക്കല്‍ സാഹചര്യത്തിലേക്കെത്തിയിട്ടുണ്ടാവുമെന്നാണ് ഹൈഡ്രോളജിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനായി പ്രകൃതിദത്തമായ വാട്ടര്‍ റീചാര്‍ജിങ് കൂടാതെ കൃത്രിമ റീച്ചാര്‍ജിങ് രീതികളും അവലംബിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഇതെല്ലാം ചൂണ്ടികാട്ടുന്നത്. മഴവെള്ളം പരമാവധി ഭൂമിയില്‍ തന്നെ ഇറക്കി വിടാന്‍ ഇനിയും നാം തുനിഞ്ഞില്ലെങ്കില്‍ ജില്ല സമീപ ഭാവിയില്‍ ദുരന്തഭൂമിയായി മാറും.

placeholder
കമുകിന്‍ തോട്ടങ്ങളിലാണ്  അനിയന്ത്രിതമായ രീതിയില്‍ ജലചൂഷണം നടക്കുന്നത്. ഫോട്ടോ : വി. പി ഉല്ലാസ്

ഒരാഴ്ച കൊണ്ട് 150ഓളം കുഴല്‍ കിണറുകള്‍ കുഴിച്ച ഗ്രാമമുള്ള പാലക്കാട്

ഉപരിതല ജലനിരപ്പിനൊപ്പം ഭൂഗര്‍ഭ ജലവും ഏറ്റവും കൂടുതല്‍ താഴ്ന്നുകൊണ്ടിരിക്കുന്ന മറ്റൊരു ജില്ലയാണ് പാലക്കാട്. ഇത്തവണ വേനലിന്റെ തുടക്കത്തില്‍ തന്നെ 39 ഡിഗ്രിക്കു മുകളില്‍ ചൂട് പാലക്കാട് രേഖപ്പെടുത്തികഴിഞ്ഞു. ഇപ്പോള്‍തന്നെ കുഴല്‍ക്കിണറുകളില്‍ നിലവിലുള്ള ജലനിരപ്പും താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇത് കുഴല്‍ കിണറുകളെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളെ ബാധിക്കും. ഭൂഗര്‍ഭ ജലനിരപ്പ് വളരെ താഴ്ന്നതിനാല്‍ ജില്ലയില്‍ ചിലയിടങ്ങളില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതിനു ഭൂജല വകുപ്പിന്റെ അനുമതി വേണമെന്നുണ്ട്. എന്നാല്‍ ഒരു അനുമതിയും ഇല്ലാതെ തന്നെയാണ് കുഴല്‍ കിണര്‍ കുഴിച്ചും ജില്ല ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിയത്. ജില്ലയിലെ കുഴല്‍ കിണറുകളുടെ കണക്കെടുപ്പ് സര്‍ക്കാര്‍ 2008 ല്‍ നടത്തിയിരുന്നു.  രണ്ടായിരത്തോളം കുഴല്‍ക്കിണറുകളാണ് അന്നു കണ്ടെത്തിയത്. എന്നാല്‍ കുറച്ചുകാലങ്ങളായി വേനല്‍ തുടങ്ങുമ്പോള്‍ തന്നെ ആഴ്ച്ചയില്‍ നൂറിലേറെ കുഴല്‍ കിണറുകളാണ് കുഴിക്കുന്നത്. ഇങ്ങിനെ നോക്കിയാല്‍ പതിനായിരക്കണക്കിനു കുഴല്‍ കിണറുകള്‍ ജില്ലയില്‍ കാണും. ഒരാഴ്ച കൊണ്ട് 150 ഓളം കുഴല്‍ കിണറുകള്‍ കുഴിച്ച ഗ്രാമവും പാലക്കാടുണ്ട്. കാവശ്ശേരി പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് 150 ഓളം കുഴല്‍ കിണറുകള്‍ കുഴിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ഇവിടെയുള്ള ആയിരത്തോളം വീടുകളില്‍ കുഴല്‍ കിണര്‍ ഇല്ലാത്തത് 150 ല്‍ താഴെ മാത്രമാണ്. വരള്‍ച്ചയില്‍ മുന്നിലായിട്ടും ജനങ്ങള്‍ക്ക് ആവശ്യത്തിനു കുടിവെള്ളം കിട്ടാതെയിരുന്നിട്ടും മദ്യകമ്പനികള്‍ക്കും കുപ്പിവെള്ള കമ്പനികള്‍ക്കും യഥേഷ്ടം വെള്ളം നല്‍കുന്നതും പാലക്കാട് തന്നെയാണ്. കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന മദ്യ കമ്പനികള്‍ക്കു പുറമെ 11 കുപ്പിവെള്ള കമ്പനികളും പാലക്കാട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം വെള്ളം എടുക്കുന്നതു കുഴല്‍ കിണറുകളില്‍ നിന്നു തന്നെയാണ്. 

വേണം ജലസാക്ഷരത

മനുഷ്യന്റെ അശ്രദ്ധമായ ഓരോ ഇടപെടലുകളും ശുദ്ധജലത്തിന്റെ ലഭ്യതക്ക് കോട്ടം തട്ടിക്കുന്നവയാണ്. ലോകത്ത് ജലാശയങ്ങളില്‍ പ്രതിദിനം ഇരുപത് ലക്ഷം ടണ്‍ മാലിന്യങ്ങള്‍ തള്ളുന്നുണ്ടെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പുതിയ പഠനം തെളിയിക്കുന്നത്. ലോകത്ത് മലിന ജലാശയങ്ങള്‍ ഏറെയുള്ളത് ഏഷ്യയിലാണ്. ഇന്ത്യയിലാവട്ടെ, ആകെയുള്ള ജല സ്രോതസ്സുകളില്‍ നാല്‍പത് ശതമാനവും നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. വെള്ളത്തോടുള്ള നമ്മുടെ സമീപനത്തില്‍ മാറ്റം വരേണ്ടതുണ്ടെന്നും ജീവന്റെ നിലനില്‍പ്പ് വെള്ളത്തിലാണെന്നും ഇത് ഒരിക്കലും നശിപ്പിക്കേണ്ട ഒന്നല്ല എന്നും സമൂഹം തിരിച്ചറിയുമ്പോഴാണ് അമൂല്യമായ ജലസ്രോതസുകള്‍ മാനവരാശിയുടെ ക്ഷേമൈശ്വര്യ പൂര്‍ണമായ നിലനില്‍പിനായി പ്രയോജനപ്പെടുന്നത്.

മഴവെള്ള സംഭരണം, കിണര്‍ റീചാര്‍ജിംഗ്, മഴക്കുഴി നിര്‍മ്മാണം, വനവല്‍ക്കരണം, വയല്‍ കൃഷി, കിണറിന്റെ പൂരിത മേഖലകളുടെ സംരക്ഷണം തുടങ്ങിയവയെല്ലാം ജലസാക്ഷരതയുമായി ബന്ധപ്പെട്ടവയാണ്.

മണ്ണില്‍ ജലാംശം നിലനിര്‍ത്താന്‍ മഴക്കുഴി നിര്‍മ്മാണം കൂടാതെ മണ്‍ കയ്യാലകള്‍, കല്ല് കയ്യാലകള്‍ എന്നിവയുടെ നിര്‍മ്മാണവും ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കല്‍, ജലാശയങ്ങളുടെ സംരക്ഷണം, തലക്കുള സംരക്ഷണം, പുഴ, തോട് സംരക്ഷണം, കുളം നിര്‍മ്മിക്കല്‍ തുടങ്ങിയവ സഹായിക്കും. മണ്ണൊലിപ്പ് തടയുന്നതിനും മണ്ണിന്റെ ജലസംഭരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ജൈവ വൈവിധ്യം നിലനിര്‍ത്തുന്നതിനും കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനും മണ്ണില്‍ മഴവെള്ളം റീചാര്‍ജ് ചെയ്യുന്നതിലൂടെ സാധിക്കും. ഇക്കാര്യങ്ങളെല്ലാം കാര്യക്ഷമമായി നടപ്പായാല്‍ ഭൂഗര്‍ഭ ജലത്തിന്റെ തോത് വര്‍ദ്ധിക്കും. നദീതീര സംരക്ഷണവും പ്രധാന കാര്യമാണ്. നദികളുടെ ഉത്ഭവ സ്ഥാനം, നദീതീര സംരക്ഷണം, മണല്‍ തിട്ടകളുടെ സംരക്ഷണം, മണല്‍ വാരല്‍ നിയന്ത്രണം, നീരൊഴുക്ക് വര്‍ദ്ധിപ്പിക്കല്‍, ഉപരിതല ഭൂഗര്‍ഭ ജല ലഭ്യത വര്‍ധിപ്പിക്കല്‍, മാലിന്യ നിക്ഷേപം തടയല്‍, വ്യവസായ മാലിന്യങ്ങള്‍, ഗാര്‍ഹിക മാലിന്യങ്ങള്‍ എന്നിവ നിക്ഷേപിക്കുന്നത് ഒഴിവാക്കല്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.