
കൊച്ചി: മാതൃഭൂമിയും ഓർക്കല ഇന്ത്യ ഈസ്റ്റേണും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയിലെ 2025-26 അധ്യയനവർഷത്തെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. കാക്കനാട് ആദർശ വിദ്യാലയത്തിൽ നടന്ന ചടങ്ങ് സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. കൊച്ചി കോർപ്പറേഷൻ മേയർ എം. അനിൽകുമാറും, തൃക്കാക്കര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണി പിള്ളയും വിശിഷ്ടാതിഥികളായി.
പ്ലാസ്റ്റികിനെ സ്നേഹിക്കുക എന്ന വാചകം തന്നെ ആകർഷിക്കുന്നതാണെന്നും അടുത്തകാലത്ത് പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നും വീട് വരെ നിർമിച്ച് നൽകാൻ സാധിച്ചു എന്നുള്ളത് അത്ഭുതപ്പെടുത്തിയെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. പ്ലാസ്റ്റിക് നിർമാർജനം ഒരു ശീലമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത്, കേരളത്തിൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് കൊണ്ടുപോയി കൂട്ടിയിട്ടിരുന്ന ആളുടെ പേര് എപ്പോഴും കൊച്ചി മേയർ എന്നായിരുന്നുവെന്നും പക്ഷേ ഇന്ന് ഞങ്ങളെവിടെയും പ്ലാസ്റ്റിക് ഇടുന്നില്ലെന്നും ഇട്ട പ്ലാസ്റ്റിക് അവിടെനിന്ന് മാറ്റുകയും ചെയ്തെന്ന് ഉറപ്പോടെ പറയാൻ സാധിക്കുമെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു. കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് പ്ലാസ്റ്റിക് നിർമാർജനവുമായി ബന്ധപ്പെട്ട പരിപാടികൾ ആലോചിക്കുന്നുണ്ടെന്നും ഇനിയൊരിക്കലും ബ്രഹ്മപുരം കത്താനുള്ള സാധ്യത ഇല്ലാതാക്കിയെന്നും മേയർ വ്യക്തമാക്കി.
കുട്ടികളാണ് സത്യത്തിൽ ഈ പ്രൊജക്ടിനെ മുന്നോട്ട് നയിക്കുന്ന ഊർജമെന്ന് ഓർക്കല ഇന്ത്യ, ഈസ്റ്റേൺ ബിസിനസ് യൂണിറ്റ് സിഎച്ച്ആർഒ റോയ് കുളമാക്കൽ ഈനാസ് പറഞ്ഞു. കേരളത്തിലെ 14 ജില്ലകളിൽനിന്നായി 3,200 സ്കൂളുകൾ ഇന്ന് ഈ പദ്ധതിയുടെ ഭാഗമാണ്. അത്രയധികം കുട്ടികളും ഇന്ന് ഈ പദ്ധതിയുടെ ഭാഗമാണ്. പോയ വർഷം നമ്മൾ ശേഖരിച്ചത് 1,73,000 കിലോഗ്രാം പ്ലാസ്റ്റിക് ആണ്. കുട്ടികളായ നിങ്ങളോരുത്തർക്കും വീടുകളിൽ തന്നെ വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കും. പ്ലാസ്റ്റിക് വലിച്ചെറിയാതെ ശേഖരിച്ച് ഇത്തരത്തിലുള്ള പദ്ധതിയുടെ ഭാഗമാക്കാനാവും. ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളത്തെ പ്ലാസ്റ്റിക് മുക്ത സംസ്ഥാനമാക്കാൻ സാധിക്കും, അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഹാൻഡ് ബുക്കും പോസ്റ്ററും ഉദ്ഘാടനവേദിയിൽ പുറത്തിറക്കി. പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ട് പോകാൻ ഏറെ പിന്തുണ നൽകുന്ന ഹരിത കർമസേനാംഗങ്ങൾക്കുള്ള ആദരമായി അഞ്ച് ഹരിതകർമ സേന പ്രവർത്തകരെയും വേദിയിൽ ആദരിച്ചു.
പ്ലാസ്റ്റിക്കിനെ സ്‌നേഹിച്ചുകൊണ്ട് ഉപയോഗം കുറയ്ക്കുക എന്ന മുദ്രവാക്യവുമായി മാതൃഭൂമിയും ഓർക്കല ഈസ്റ്റേണും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് പദ്ധതി വിജയകരമായി 14 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. 2011-ൽ മുൻ രാഷട്രപതി എ.പി.ജെ അബ്ദുൾ കലാമാണ് പദ്ധതിയുടെ തുടക്കം ഉദ്ഘാടനം ചെയ്തത്. അന്ന് 70 സ്കൂളുകളിൽ നടപ്പാക്കിയ പദ്ധതി ഇന്ന് 3200 സ്കൂളുകളിൽ വിജയകരമായി നടപ്പിലാക്കി വരികയാണ്.
Content Highlights: Sathyan Anthikad launched the Love Plastic campaign in Kochi schools
Published: 15 Sept 2025, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented