കാളികാവ്: സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായ വന്യജീവി സംഘര്‍ഷം തടയാന്‍ ബജറ്റില്‍ അര്‍ഹമായ പരിഗണനയില്ല. 50 കോടി രൂപയാണ് വകയിരുത്തിയത്. വനവിസ്തൃതി കൂടിയിട്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് അര്‍ഹമായ പരിഗണനയുണ്ടായിട്ടില്ല.

To advertise here,

വന്യജീവികള്‍ കാടുവിട്ടിറങ്ങുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ ഉയരംകൂടിയ മതില്‍, കിടങ്ങ്, സൗരോര്‍ജവേലി, തൂക്കുവേലി എന്നിവയാണ്. 2019-ലെ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം കേരളത്തില്‍ 823 ചതുരശ്രകിലോമീറ്റര്‍ വനവിസ്തൃതി വര്‍ധിച്ചിട്ടുണ്ട്.

വന്യജീവികളുടെ എണ്ണം നിര്‍ണയിക്കാന്‍ കൃത്യമായ ശാസ്ത്രീയപഠനം നടത്തിയിട്ടുമില്ല. ഭൂവിസ്തൃതിയുടെ 30 ശതമാനം വനമുള്ള സംസ്ഥാനത്ത് 273 പഞ്ചായത്തുകള്‍ വന്യമൃഗ ആക്രമണഭീതിയിലാണ്. 30 പഞ്ചായത്തുകള്‍ അതിതീവ്ര വന്യജീവി ആക്രമണമേഖലയിലുമാണ്.

സംസ്ഥാനത്ത് ആന, കടുവ, കാട്ടുപന്നി, പുലി, കുരങ്ങ്, കരടി, കാട്ടുപോത്ത് എന്നിവയുടെ ആക്രമണം വര്‍ധിച്ചുവരുകയാണ്. മുന്‍കാലങ്ങളിലേതിനേക്കാള്‍ മൃഗങ്ങള്‍ കാടുവിട്ട് നാട്ടിന്‍പുറങ്ങളിലെത്തുന്നുണ്ട്. വന്യജീവിശല്യംകൊണ്ട് ദുരിതമനുഭവിക്കുന്നവരില്‍ ഭൂരിഭാഗംവരുന്ന ആദിവാസികളും കര്‍ഷകത്തൊഴിലാളികളും ചെറുകിട കര്‍ഷകരും ഉള്‍പ്പെടുന്നവരെ സംരക്ഷിക്കാന്‍പോലും ഫണ്ട് അപര്യാപ്തമാണ്.

10 വര്‍ഷത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കേരളത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ 13 മടങ്ങും പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ 30 മടങ്ങും വര്‍ധനവാണുണ്ടായിട്ടുള്ളത്.

ശരാശരി നോക്കുമ്പോള്‍ സംസ്ഥാനത്ത് ഓരോ മൂന്നുദിവസം കൂടുമ്പോഴും ഒരാള്‍വീതം വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുന്നുണ്ട്. ഓരോദിവസവും രണ്ടുപേര്‍ക്കു വീതം ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നുണ്ട്.

35,000-ത്തിലധികം വന്യജീവി ആക്രമണങ്ങളാണ് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വന്യമൃഗങ്ങളുടെ ശല്യംമൂലം ആയിരക്കണക്കിനു ഹെക്ടര്‍ ഫലഭൂയിഷ്ഠമായ കൃഷി ഉപേക്ഷിക്കപ്പെട്ടു. മനുഷ്യര്‍ക്കു നേരേയുള്ള വന്യമൃഗ ആക്രമണം കൂടിയിട്ടും വന്യജീവികളെ തടയാന്‍ വനം വകുപ്പ് പരിഹാരം കണ്ടെത്തിയിട്ടില്ല.

നിര്‍ദിഷ്ട ബജറ്റ് തുക നിലവിലെ സാഹചര്യത്തില്‍ ഒരുതരത്തിലും തികയില്ലെന്നാണ് മലയോര മേഖലയിലുള്ളവരുടെ പ്രതികരണം.