തിരുവനന്തപുരം: പകലും രാത്രിയിലും ഒരുപോലെ ചൂട്. നേരം പുലരുന്നത് 27-28 ഡിഗ്രി ചൂടിൽ. രാത്രിയിൽ ചൂടിന് ഒട്ടുംശമനവുമില്ല. ഇതാണ് കുറേനാളായി കേരളത്തിലെ കാലാവസ്ഥയെ അസഹനീയമാക്കുന്നത്. ഇതിനുകാരണം പ്രതിചക്രവാതം (ആന്റി സൈക്ലോൺ) എന്ന പ്രതിഭാസവും.

To advertise here,

സമുദ്രോപരിതലത്തിനുമുകളിൽ, 3.5 മുതൽ അഞ്ചുകിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴിക്ക്‌ വിപരീതദിശയിൽ കറങ്ങുന്ന കാറ്റാണ് പ്രതിചക്രവാതം അല്ലെങ്കിൽ ആന്റിസൈക്ലോൺ എന്നറിയപ്പെടുന്നത്. ഇത് താഴെനിന്ന് ചൂടുള്ള വായുവിനെ ഉയർന്നുപോകാനോ, മഴമേഘങ്ങൾ രൂപംകൊള്ളാനോ അനുവദിക്കില്ല. അന്തരീക്ഷത്തിലെ ചൂടിനെ സദാ നിലനിർത്തുന്ന പ്രതിഭാസമാണിത്.

ഇപ്പോൾ വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളിലായി പ്രതിചക്രവാതമുണ്ട്. അതാണ് കേരളത്തിൽ 24 മണിക്കൂറും ചൂട് അനുഭവപ്പെടാൻ കാരണം. ഉഷ്ണതരംഗമുണ്ടായ 2024-ലെ സാഹചര്യത്തിൽ കേരളം ഇനിയും എത്തിയിട്ടില്ല. എന്നാലും ഏറെക്കുറെ അന്നത്തെപ്പോലെ അസഹനീയമായ കാലാവസ്ഥ ഇപ്പോൾ അനുഭവപ്പെടുന്നത് പ്രതിചക്രവാതംകൊണ്ടാണ്. ഇത്തരം പ്രതിചക്രവാതങ്ങൾ മുൻകാലങ്ങളിൽ വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗദിനങ്ങൾ നീണ്ടുനിൽക്കാൻ ഇടയാക്കിയിട്ടുണ്ട്.

24 വരെ ഇടിയോടുകൂടി മഴ

കേരളത്തിൽ സ്വാഭാവികമായി കിട്ടേണ്ട വേനൽമഴ ഇല്ലാതാകാൻകാരണം ഈ പ്രതിചക്രവാതമാണ്. ഞായറാഴ്ചയോടെ ഇത് ദുർബലമാകാൻ സാധ്യതയുണ്ട്. അതിനാൽ കേരളത്തിൽ 20 മുതൽ വേനൽമഴ പ്രതീക്ഷിക്കുന്നുണ്ട്. 24 വരെ ഇടിയോടുകൂടി മഴപെയ്യുമെന്നാണ് പ്രതീക്ഷ. ഇത് അന്തരീക്ഷ താപനില അല്പം താഴാൻ ഇടയാക്കും.- നീത കെ. ഗോപാൽ (മേധാവി, കാലാവസ്ഥാനിരീക്ഷണകേന്ദ്രം, തിരുവനന്തപുരം)