രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നാടും നഗരവും 'പുഴുങ്ങുന്ന' അവസ്ഥയാണിപ്പോള്‍. പകല്‍ ശരാശരി 37-38 ഡിഗ്രി സെല്‍ഷ്യസാണ് മിക്ക ജില്ലകളിലും. ചില ദിവസങ്ങളില്‍ 40 ഡിഗ്രിയും കടക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നാണ് കേന്ദ്രകാലവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്.

To advertise here,

കേരളത്തില്‍ രാത്രി പത്തിന് ശരാശരി താപനില 28-30 ഡിഗ്രി സെല്‍ഷ്യസാണ്. അന്തരീക്ഷ ആര്‍ദ്രത 80-95 ശതമാനവുമുണ്ട്. ഇതു കാരണം മുറിക്കുള്ളില്‍ ഫാനിട്ടാലും ചൂടുകാറ്റ് വീശുന്നു.

ചില ജില്ലകളിലെ സ്വയംപ്രേരിത ചെറുകാലാവസ്ഥ കേന്ദ്രങ്ങളില്‍ (എ.ഡബ്ല്യു.എസ്.) 38-41 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂട് രേഖപ്പെടുത്തുന്നത്. മാര്‍ച്ച് തുടക്കത്തില്‍ അനുഭവപ്പെടുന്ന അസ്വസ്ഥമായ ഈ കാലവസ്ഥ വരാനിരിക്കുന്ന കൊടുംവേനലിന്റെ സൂചനകളായാണ് വിദഗ്ധര്‍ വിലയിരുത്തുന്നു.

ചീമേനിയില്‍ വയോധികന്‍ ശനിയാഴ്ച സൂര്യാഘാതമേറ്റു മരിച്ചിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം സാധരണമായിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പുകള്‍ 2015-നുശേഷമാണ് കേരളമുള്‍പ്പെടുന്ന തെക്കേ ഇന്ത്യയില്‍ നല്‍കി തുടങ്ങിയത്.

കാലംതെറ്റിയുണ്ടാവുന്ന ചൂടും മഴയും നിലവിലെ കാലാവസ്ഥക്രമം മാറുന്നുവോ എന്ന സംശയത്തിലാണ് കാലവസ്ഥാനിരീക്ഷകര്‍. ജൂണില്‍ തുടങ്ങേണ്ട കാലവര്‍ഷം വൈകുന്നതും മാര്‍ച്ചില്‍ തുടങ്ങേണ്ട വേനല്‍ക്കാലം നേരത്തെ ആരംഭിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണെന്നു സംശയിക്കുന്നു. സാധാരണ മാര്‍ച്ചിലാണ് കേരളത്തില്‍ 37-38 ഡിഗ്രി സെല്‍ഷ്യസ് ചൂടിലേക്ക് എത്തുന്നത്. ഇത്തവണ ജനുവരിയില്‍ തന്നെ എത്തി.