തിരുവനന്തപുരം: കടല്‍മണല്‍ഖനന പദ്ധതിയുമായി മുന്നോട്ടുപോയാല്‍ സംസ്ഥാനത്തിന്റെ കായല്‍മേഖലയിലെ മത്സ്യസമ്പത്തിനും ഭീഷണിയാകും. അടിത്തട്ടിലെ ഖനനംമൂലം കടല്‍ജലം കലങ്ങുന്നത് കടലിലെ പ്രകാശിതമേഖലയുടെ ശോഷണത്തിനും കാരണമാകുമെന്ന് ഫിഷറീസ് വകുപ്പ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനൊപ്പം സംസ്ഥാനത്തിന്റെ ആശങ്കയറിയിച്ച് 2023 മാര്‍ച്ചിലും സംസ്ഥാനസര്‍ക്കാര്‍ കത്തുനല്‍കിയിരുന്നെങ്കിലും കേന്ദ്രം പ്രതികരിച്ചിരുന്നില്ല.

To advertise here,

കടലിലെ ജലത്തില്‍ പ്രകാശരശ്മികള്‍ എത്തിച്ചേരുന്ന ആഴമാണ് പ്രകാശിതമേഖലയായി കണക്കാക്കുന്നത്. പ്രകാശിതമേഖല ഇല്ലാതായാല്‍ കടലിലെ പ്രകാശസംശ്ലേഷണത്തിന്റെ തോത് ഗണ്യമായി കുറയും. മത്സ്യങ്ങളടക്കം കടലിലെ സകലജന്തുജാലങ്ങളുടെയും നിലനില്‍പ്പിന് പ്രകാശിതമേഖല അനിവാര്യമാണ്.

കടല്‍വെള്ളം കലങ്ങുന്നതോടെ തീരക്കടലിലെ മത്സ്യലഭ്യത അപ്പാടെ ഇല്ലാതാവുന്നതിനൊപ്പം ആവാസവ്യവസ്ഥതന്നെ തകരുമെന്ന് കേന്ദ്രത്തിനുനല്‍കിയ കത്തില്‍ അന്നത്തെ ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് ചൂണ്ടിക്കാട്ടിയിരുന്നു. ഖനനത്തിനുശേഷം ഉപേക്ഷിക്കുന്ന അവശിഷ്ടങ്ങള്‍ അടിത്തട്ടിലെ ജൈവവ്യവസ്ഥ തകിടംമറിക്കും. കേരളത്തിന്റെ തീരക്കടലിലെ മത്സ്യസമ്പത്ത് അപ്പാടെ ഇല്ലാതാകാന്‍ ഇത് കാരണമാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ ആശങ്ക കഴിഞ്ഞ ജനുവരി രണ്ടാംവാരം ഒഡിഷയില്‍നടന്ന സെന്‍ട്രല്‍ ജിയോളജിക്കല്‍ പ്രോഗ്രാമിങ് ബോര്‍ഡില്‍ ചര്‍ച്ചചെയ്‌തെന്ന് ഫിഷറീസ് അധികൃതര്‍ വ്യക്തമാക്കുന്നു. കേന്ദ്ര ഖനി സെക്രട്ടറി കാന്തറാവു കേരളത്തിന്റെ ആശങ്ക ബോര്‍ഡില്‍ ചര്‍ച്ചയ്ക്കുവെച്ചു. ഇതേത്തുടര്‍ന്ന് പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയെ ചുമതലപ്പെടുത്തിയെന്നാണ് ഫിഷറീസ് വകുപ്പിനു കിട്ടിയ വിവരം.

സംസ്ഥാന അവകാശത്തിന്റെ ലംഘനം

കേരള തീരക്കടലിലെ 'കൊല്ലം പരപ്പി'ല്‍ വരുന്ന ടെറിട്ടോറിയല്‍ മേഖല (പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ വരെ), ആഴക്കടല്‍ മേഖല, പ്രത്യേക സാമ്പത്തികമേഖല എന്നിവിടങ്ങളിലാണ് ഖനനം നടക്കുക. ഇതാണ് അഴിമുഖങ്ങള്‍ക്കും കായലുകള്‍ക്കും ഭീഷണിയാകുന്നത്. സംസ്ഥാനത്തിന് മത്സ്യബന്ധനാവകാശമുള്ള മേഖലയില്‍നടത്തുന്ന ഖനനം സംസ്ഥാനാവകാശങ്ങളുടെ ലംഘനമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.