ചെന്നൈ: വൈദ്യുതീകരണം 96 ശതമാനവും പൂർത്തിയായതോടെ ഡീസൽ എൻജിനുകൾ ആഫ്രിക്കൻരാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ ഇന്ത്യൻ റെയിൽവേക്ക്‌ പദ്ധതി. തുടക്കത്തിൽ 50 കോടി രൂപയ്ക്ക് 20 ഡീസൽ എൻജിനുകളാണ് നേരിയ മാറ്റംവരുത്തി കയറ്റുമതിചെയ്യുന്നത്. ഇനിയും 15-20 വർഷം ഓടിക്കാവുന്ന എൻജിനുകളാണിവ.

To advertise here,

ആഫ്രിക്കൻരാജ്യങ്ങളിലെ സ്റ്റീൽ കമ്പനികൾ, ധാതുഖനന കമ്പനികൾ എന്നിവയ്ക്കുവേണ്ടിയാണ് ഇവ കയറ്റുമതിചെയ്യുന്നത്. റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ് ഇക്കോണമിക് സർവീസാണ് (ആർ.ഐ.ടി.ഇ.എസ്.) ഇതിനായുള്ള ഓര്‍ഡർ നേടിയത്.

ദക്ഷിണാഫ്രിക്കൻ രാജ്യങ്ങൾ 1.06 മീറ്റർ അകലമുള്ള കേപ്പ് ഗേജ് പാതയാണ് റെയിൽഗതാഗതത്തിന് ഉപയോഗിക്കുന്നത്. അതേസമയം ഇന്ത്യയിൽ 1.6 മീറ്റർ വീതിയുള്ള ബ്രോഡ്‌ഗേജ് പാതയിലാണ് സർവീസ്. അതിനാൽ ഡീസൽ എൻജിനുകളുടെ ആക്സിലുകൾ മാറ്റി വീലുകൾ തമ്മിലുള്ള അകലം 1.06 മീറ്ററായി കുറയ്ക്കേണ്ടതുണ്ട്. റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) ആണ് എൻജിനുകളുടെ രൂപകല്പനയിൽ മാറ്റംവരുത്തുന്നത്. കൊൽക്കത്തയിലെ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്‌ഷോപ്പിൽ വെച്ചാണ് മാറ്റംവരുത്തുകയെന്ന് പെരമ്പൂർ ലോക്കോവർക്സിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.