
ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ വമ്പൻ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ 'ഗ്രേറ്റ് നിക്കോബാർ ഐലൻഡ് മെഗാ-ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടിന്' ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) അനുമതി നൽകി. 2022-ൽ പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രാലയം നൽകിയ പരിസ്ഥിതി അനുമതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ട്രൈബ്യൂണൽ വിസമ്മതിച്ചു. പദ്ധതിക്കെതിരെ ഉയർന്ന പരിസ്ഥിതി-സാമൂഹിക ആശങ്കകൾ തള്ളിയാണ് ഹരിത ട്രൈബ്യൂണലിൻ്റെ വിധി. എന്തുകൊണ്ടാണ് രാജ്യം ഉറ്റുനോക്കുന്ന ഈ പദ്ധതിയെ പരിസ്ഥിതി പ്രവർത്തകർ എതിർക്കുന്നത്?
ഗ്രേറ്റ് നിക്കോബാർ ഐലൻഡ് മെഗാ-ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്
ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഇന്ദിരാ പോയിന്റിൽനിന്ന് ഒമ്പത് കിലോമീറ്റർ അകലെ, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ നടപ്പിലാക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്-ഷിപ്പ്‌മെന്റ് പോർട്ട്, സിവിൽ-മിലിട്ടറി വിമാനത്താവളം, ഗ്യാസ്-സോളാർ പവർ പ്ലാന്റ്, ഒരു സംയോജിത ടൗൺഷിപ്പ് എന്നിവയാണ് പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ. 81,000 കോടി രൂപ മുതൽ 92,000 കോടി രൂപവരെ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതിയെ ഇന്ത്യയുടെ 'ഹോങ്കോങ്' എന്നാണ് അധികൃതർ വിശേഷിപ്പിക്കുന്നത്.
പദ്ധതിക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ തള്ളിക്കൊണ്ട്, രാജ്യത്തിന്റെ സുരക്ഷയ്ക്കും തന്ത്രപ്രധാനമായ വളർച്ചയ്ക്കും ഈ പദ്ധതി അത്യന്താപേക്ഷിതമാണെന്ന് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പരിസ്ഥിതി അനുമതിയിൽ (EC) ഇടപെടാൻ തക്ക കാരണങ്ങളില്ലെന്നും മതിയായ മുൻകരുതലുകൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.
തന്ത്രപ്രധാനമായ ഭൂമിശാസ്ത്രം: ചൈനയ്ക്കുള്ള ശക്തമായ മറുപടി
ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതയായ മലാക്ക കടലിടുക്കിന്റെ പ്രവേശന കവാടത്തിൽനിന്ന് വെറും 74 മുതൽ 167 കിലോമീറ്റർ മാത്രം അകലെയാണ് ഗ്രേറ്റ് നിക്കോബാർ ദ്വീപ് സ്ഥിതിചെയ്യുന്നത്. ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 80 ശതമാനവും കടന്നുപോകുന്നത് ഈ വഴിയിലൂടെയാണ്, ഇത് ചൈനയെ സംബന്ധിച്ച് ഒരു വലിയ പ്രതിസന്ധിയാണ് (Malacca Dilemma). ഇവിടെ ഒരു ആഴക്കടൽ തുറമുഖവും വിമാനത്താവളവും സജ്ജമാക്കുന്നതിലൂടെ മേഖലയിലെ ചൈനയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാനും അന്താരാഷ്ട്ര കപ്പൽ ചാലുകളിൽ നിരീക്ഷണം ശക്തമാക്കാനും ഇന്ത്യയ്ക്ക് സാധിക്കും. ക്വാഡ് (Quad) സഖ്യത്തിന്റെ താല്പര്യങ്ങളുമായും ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയവുമായും ചേർന്നുനിൽക്കുന്നതാണ് ഈ പദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ അടുത്തിടെ ഈ മേഖലയിലെ വിമാനത്താവള റൺവേ നവീകരണം ഉദ്ഘാടനം ചെയ്തത് പദ്ധതിയുടെ സൈനിക പ്രാധാന്യം അടിവരയിടുന്നു.
പദ്ധതിയുടെ ഘടനയും സാമ്പത്തിക ലക്ഷ്യങ്ങളും
ഏകദേശം 166 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പ്രധാനമായും നാല് ഘടകങ്ങളാണ് ഇതിനുള്ളത്:
1. ഗലാത്തിയ ബേയിൽ പ്രതിവർഷം 16 ദശലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്‌മെന്റ് പോർട്ട്.
2. സൈനിക-സിവിൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഇന്റഗ്രേറ്റഡ് വിമാനത്താവളം.
3. തൊഴിലാളികൾക്കും മറ്റുമായി നിർമ്മിക്കുന്ന ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ്.
4. ഗ്യാസ്-സോളാർ ഊർജത്തിൽ പ്രവർത്തിക്കുന്ന 450 MVA പവർ പ്ലാന്റ്. നിലവിൽ വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്ന ചരക്കുനീക്കം സ്വന്തം മണ്ണിലേക്ക് എത്തിക്കാനും വലിയ തോതിൽ നിക്ഷേപം ആകർഷിക്കാനും ഇതുവഴി സാധിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നു.
എന്നാൽ, ഈ വികസനക്കുതിപ്പിന് നൽകേണ്ടി വരുന്ന വില വളരെ വലുതാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 166 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതിക്കായി 130 ചതുരശ്ര കിലോമീറ്റർ വനഭൂമി വിട്ടുനൽകേണ്ടി വരും. ഇതിന്റെ ഭാഗമായി പത്തു ലക്ഷത്തോളം മരങ്ങൾ വെട്ടിമാറ്റപ്പെടും. അപൂർവമായ ലെതർബാക്ക് കടലാമകളുടെ പ്രജനന കേന്ദ്രങ്ങൾ, നിക്കോബാർ മെഗാപോഡ് പക്ഷികൾ, ഉപ്പുവെള്ള ചീങ്കണ്ണികൾ, റോബർ ക്രാബ്സ്, നിക്കോബാർ മക്കാക് കുരങ്ങുകൾ തുടങ്ങിയവയുടെ ആവാസവ്യവസ്ഥയെ ഈ പദ്ധതി ദോഷകരമായി ബാധിക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
പദ്ധതിയുടെ പാരിസ്ഥിതികാഘാതങ്ങൾ ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകനായ ആശിഷ് കോത്താരി സമർപ്പിച്ച ഹർജികളിൽ പരിസ്ഥിതി ആഘാത പഠനത്തിലെ (EIA) വീഴ്ചകൾ അക്കമിട്ട് നിരത്തിയിരുന്നു. മൂന്ന് സീസണുകളിലെ ഡാറ്റയ്ക്ക് പകരം ഒരു സീസണിലെ വിവരങ്ങൾ മാത്രം ഉപയോഗിച്ചാണ് അനുമതി നൽകിയതെന്നും അതീവ പരിസ്ഥിതി പ്രാധാന്യമുള്ള CRZ-1A മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പരാമർശിച്ചിരുന്നു. എന്നാൽ, ട്രൈബ്യൂണൽ നിയോഗിച്ച ഉന്നതാധികാര സമിതി (HPC) ഈ ആരോപണങ്ങൾ തള്ളുകയും പവിഴപ്പുറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കില്ലെന്നും അവ മാറ്റിസ്ഥാപിക്കാൻ കഴിയുമെന്നും കണ്ടെത്തി. ദേശീയ സുരക്ഷാ കാരണങ്ങളാൽ ഈ സമിതിയുടെ റിപ്പോർട്ട് പരസ്യപ്പെടുത്തിയിട്ടില്ല. അതേസമയം, പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശനമായ മേൽനോട്ടത്തിൽ കടൽതീര സംരക്ഷണവും പവിഴപ്പുറ്റുകളുടെ പുനരുജ്ജീവനവും ഉറപ്പാക്കണമെന്ന് ട്രൈബ്യൂണൽ നിർദേശിച്ചിട്ടുമുണ്ട്.
തീരദേശ പരിപാലന നിയമങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം നിർമ്മാണ പ്രവർത്തനങ്ങളെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും പരിസ്ഥിതി പരിസ്ഥിതിലോല പ്രദേശമായ CRZ-IA വിഭാഗത്തിൽ യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന് ട്രൈബ്യൂണൽ കർശന നിർദേശം നൽകിയിട്ടുണ്ട്. നാഷണൽ സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്‌മെന്റ് (NCSCM) നടത്തിയ പരിശോധന പ്രകാരം പദ്ധതിക്കായി ഏറ്റെടുത്തിരിക്കുന്ന പ്രദേശം CRZ-III മേഖലയിലാണെന്നും ഇവിടെ നിലവിൽ ചട്ടലംഘനങ്ങൾ നടന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ ഉണ്ടായാൽ പദ്ധതി സ്റ്റേ ചെയ്യുമെന്ന കർശന മുന്നറിയിപ്പും ട്രൈബ്യൂണൽ നൽകിയിട്ടുണ്ട്.
പവിഴപ്പുറ്റുകളുടെ സംരക്ഷണ ഭീഷണിയായിരുന്നു പദ്ധതിയുടെ പ്രധാന ആശങ്കകളിൽ ഒന്ന്. എന്നാൽ, ഏറ്റെടുത്ത പ്രദേശത്ത് വലിയ പവിഴപ്പുറ്റുകൾ ഇല്ലെന്നും ഗലാത്തിയ ബേയിൽ കാണപ്പെടുന്ന ചെറിയ പവിഴപ്പുറ്റുകളെ ശാസ്ത്രീയമായ രീതിയിൽ മാറ്റിസ്ഥാപിക്കുമെന്നും (Translocation) സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചു. പവിഴപ്പുറ്റുകൾ നശിപ്പിക്കാൻ പാടില്ലെന്നും അവ സംരക്ഷിക്കപ്പെടണമെന്നും കോടതി ഊന്നിപ്പറഞ്ഞു. കൂടാതെ, പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനത്തിനായി (EIA) ഒരു നോൺ-മൺസൂൺ സീസണിലെ ഡാറ്റ മതിയെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടും ട്രൈബ്യൂണൽ അംഗീകരിച്ചു.
പദ്ധതി നടപ്പിലാക്കുമ്പോൾ പാലിക്കേണ്ട കർശനമായ സുരക്ഷാ ക്രമീകരണങ്ങളും വിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലെതർബാക്ക് ആമകൾ, നിക്കോബാർ മെഗാപോഡ് എന്നീ അപൂർവ ജീവിവർഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനും ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനും കോടതി നിർദേശിച്ചു. മലിനീകരണം, ജൈവവൈവിധ്യം, ഗോത്രവർഗ ക്ഷേമം എന്നിവ നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതികൾ രൂപീകരിക്കാനും നിർദേശമുണ്ട്.
ദ്വീപിലെ തദ്ദേശവാസികളായ നിക്കോബാരീസ്, ഷോമ്പൻ ഗോത്രവർഗക്കാരുടെ അവകാശങ്ങളെപ്പറ്റിയുള്ള ആശങ്കകളും ഈ ഘട്ടത്തിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. തങ്ങളുടെ വനാവകാശങ്ങൾ പരിഗണിക്കാതെയും, സമ്മർദം ചെലുത്തിയുമാണ് പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതെന്ന് ഗോത്ര നേതാക്കൾ ആദ്യഘട്ടത്തിലേ ആരോപണം ഉന്നയിച്ചിരുന്നു. പദ്ധതിക്കായി മാറ്റിവെച്ചതിൽ 84 ചതുരശ്ര കിലോമീറ്റർ ഗോത്രഭൂമിയാണ്. വനാവകാശ നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നിലവിൽ കൊൽക്കത്ത ഹൈക്കോടതിയിൽ കേസുകൾ നിലനിൽക്കുന്നുണ്ട്.
ചുരുക്കത്തിൽ, ഗ്രേറ്റ് നിക്കോബാർ പദ്ധതി ഇന്ത്യയുടെ സമുദ്ര ഭൂപടത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഉറപ്പാണെങ്കിലും പരിസ്ഥിതിയും വികസനവും തമ്മിലുള്ള സന്തുലിതാവസ്ഥ എങ്ങനെ നിലനിർത്തും എന്നത് വലിയ വെല്ലുവിളിയായി തുടരുന്നു. കൊൽക്കത്ത ഹൈക്കോടതിയുടെ പരിഗണനയിലുള്ള വനാനുമതി സംബന്ധിച്ച കേസുകളിലാണ് ഇനി പരിസ്ഥിതി പ്രവർത്തകരുടെ പ്രതീക്ഷ.
Content Highlights: National Green Tribunal (NGT) approves Great Nicobar mega infrastructure project. Explore plans for port, airport, township, and power plant, and the environmental concerns raised.
Published: 20 Feb 2026, 12:32 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented