ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ സോജില തുരങ്ക നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. തുരങ്ക നിർമാണം ജൂൺ ഒമ്പതിന് പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 11,578 അടി ഉയരത്തിൽ നിർമ്മിക്കുന്ന ഈ തുരങ്കം, ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രദേശത്തുള്ള ഏറ്റവും നീളമേറിയ സിംഗിൾ-ട്യൂബ് ബൈ ഡയറക്ഷണൽ തുരങ്കമായി മാറും. ഇരുവശങ്ങളിലേക്കും യാത്ര സാധ്യമാകുന്ന ടണൽപാത ഏറെ വെല്ലുവിളികൾ മറികടന്നാണ് പൂർത്തിയാകുന്നത്‌. കശ്മീരിനെയും ലഡാക്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാത യാഥാർത്ഥ്യമാകുന്നതോടെ ഇരു പ്രദേശങ്ങളും തമ്മിലുള്ള ഗതാഗത സൗകര്യം വലിയതോതിൽ മെച്ചപ്പെടും. 13.153 കിലോമീറ്റർ നീളമുള്ളതാണ് പ്രധാന തുരങ്കം. ഇതിനൊപ്പം 457.35 മീറ്റർ, 1,953.63 മീറ്റർ വീതം നീളമുള്ള രണ്ട് തുരങ്കങ്ങൾ കൂടി പദ്ധതിയുടെ ഭാഗമാണ്. സർവീസ് റോഡുകളും പാലങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടെ 30.894 കിലോമീറ്റർ നീളത്തിലുള്ളതാണ് സോജില തുരങ്കപാത പദ്ധതി.

To advertise here,

തുരങ്കത്തിനുള്ളിൽ പ്രത്യേക എസ്‌കേപ്പ് ടണൽ ഇല്ലാത്തതിനാൽ, വെന്റിലേഷനും അടിയന്തര ഘട്ടങ്ങളിൽ പുറത്തുകടക്കാനുമായി മൂന്ന് വലിയ വെർട്ടിക്കൽ ഷാഫ്റ്റുകളും ഇതിലുണ്ട്. ഇതിൽ പടിഞ്ഞാറൻ ഭാഗത്തുള്ള 474.3 മീറ്റർ നീളമുള്ള ഷാഫ്റ്റ് ഇന്ത്യയിലെ തന്നെ ഏറ്റവും നീളമേറിയ വെർട്ടിക്കൽ ഷാഫ്റ്റാണ്. രണ്ടാമത്തേതിന് 367.38 മീറ്ററും മൂന്നാമത്തേതിന് 213.5 മീറ്ററും ആഴമുണ്ട്. നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് വേണ്ടി മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 'ന്യൂ ഓസ്ട്രിയൻ ടണലിംഗ് മെത്തേഡ്' ഉപയോഗിച്ചാണ് ഹിമാലയത്തിലെ ദുർബലമായ പാറക്കെട്ടുകൾക്കിടയിലൂടെയുള്ള ഈ തുരങ്ക നിർമ്മാണം സാധ്യമാക്കിയത്.

ശൈത്യകാലത്ത് താപനില മൈനസ് 20 മുതൽ മൈനസ് 30 ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന സോജിലയിൽ, വർഷത്തിൽ ഏകദേശം 100 ദിവസത്തോളം പൂജ്യത്തിന് താഴെയുള്ള കടുത്ത തണുപ്പിലാണ് തൊഴിലാളികൾ ജോലി ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഞ്ചോളം വലിയ ഹിമപാതങ്ങൾ പദ്ധതി പ്രദേശത്ത് പ്രതിസന്ധി സൃഷ്ടിച്ചു. 2023 ജനുവരി 12-നുണ്ടായ ശക്തമായ ഹിമപാതത്തിൽ കുടുങ്ങിയ 172-ലധികം തൊഴിലാളികളെ ഇന്ത്യൻ സൈന്യമാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് 2024 ഫെബ്രുവരിയിലും 2025 മാർച്ചിലും ഹിമപാതങ്ങൾ ഉണ്ടാവുകയും യന്ത്രസാമഗ്രികൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ഇത്തരം നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് തുരങ്കനിർമാണം പൂർത്തിയാകുന്നത്.

ശ്രീനഗർ-കാർഗിൽ-ലേ ഹൈവേയിലുള്ള സോജില ചുരം കടുത്ത മഞ്ഞുവീഴ്ചയും മഞ്ഞിടിച്ചിലും കാരണം ശൈത്യകാലത്ത് മാസങ്ങളോളം അടച്ചിടാറാണ് പതിവ്. ഇത് ലഡാക്കിലെ ജനങ്ങളെ ഒറ്റപ്പെടുത്തുകയും അവശ്യസാധനങ്ങളുടെ വിതരണത്തെ ബാധിക്കുകയും ചെയ്തിരുന്നു. തുരങ്കം വരുന്നതോടെ കശ്മീർ താഴ്വരയും ലഡാക്കും തമ്മിൽ വർഷം മുഴുവൻ തടസ്സമില്ലാത്ത ഗതാഗതം സാധ്യമാകും. ഇത് കാർഗിൽ, ദ്രാസ്, ലേ നിവാസികൾക്ക് ശൈത്യകാലത്തെ ഒറ്റപ്പെടലിൽ നിന്ന് വലിയ ആശ്വാസമാകും. ടൂറിസം മേഖലയ്ക്കും ചരക്ക് നീക്കത്തിനും ഇത് വലിയ കരുത്താകും.

ഇതിനുപുറമേ, സൈന്യത്തിന്റെ നീക്കങ്ങൾക്കും തന്ത്രപ്രധാനമായ ആയുധ-സാമഗ്രി കൈമാറ്റങ്ങൾക്കും കാലാവസ്ഥയെ ആശ്രയിക്കാതെ വർഷം മുഴുവൻ ഈ പാത ഉപയോഗിക്കാൻ സാധിക്കും എന്നത് രാജ്യസുരക്ഷയ്ക്ക് ഏറെ നിർണായകമാണ്. ജൂൺ 9-ലെ അന്തിമ ടണൽ തുളയ്ക്കലോടെ ഖനന ഘട്ടം പൂർത്തിയാകുമെങ്കിലും, തുരങ്കത്തിനുള്ളിലെ ലൈനിംഗ് ജോലികൾ, വെന്റിലേഷൻ സംവിധാനങ്ങൾ, ലൈറ്റിംഗ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ പൂർത്തിയാക്കിയ ശേഷമേ പാത ഗതാഗതത്തിനായി പൂർണ്ണമായി തുറന്നുകൊടുക്കുകയുള്ളൂ.