സമുദ്രജൈവവൈവിധ്യത്തിന്റെ പ്രതീകവും പ്രകൃതി വിസ്മയങ്ങളിലൊന്നുമായ ഗ്രേറ്റ് ബാരിയര്‍ റീഫിന് വീണ്ടും വെല്ലുവിളിയുര്‍ത്തി കോറല്‍ ബ്ലീച്ചിങ്. പവിഴപ്പുറ്റുകളിലെ ആല്‍ഗകള്‍ പുറന്തളളപ്പെടുകയും അതുവഴി നിറം നഷ്ടമായി വെള്ളനിറമാവുകയും ചെയ്യുന്നതാണ് കോറല്‍ ബ്ലീച്ചിങ്ങ്. ഇത്തവണത്തെ കനത്ത ചൂടാണ് ഗ്രേറ്റ് ബാരിയര്‍ റീഫിന് ഭീഷണിയായത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഗ്രേറ്റ് ബാരിയര്‍ റീഫിന് മറൈന്‍ പാര്‍ക്ക് അതോറിറ്റി (ജിബിആര്‍ഐപിഎ) വെള്ളിയാഴ്ചയാണ് പുറത്തുവിട്ടത്. 

To advertise here,

ജിബിആര്‍എംപിഎയിലെ മുതിര്‍ന്ന ഗവേഷകര്‍ വീഡിയോ സന്ദേശത്തിലൂടെയാണ് സംഭവത്തിന്റെ തീവ്രത വ്യക്തമാക്കിയത്. ഏരിയല്‍ സര്‍വേയിലൂടെയാണ് അപകടകരമായ തോതില്‍ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ കോറല്‍ ബ്ലീച്ചിങ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജലാശയങ്ങളിലുണ്ടായ മാറ്റം അറിയുന്നതിന് ഏറ്റവും നല്ല മാര്‍ഗം ഏരിയല്‍ സര്‍വേയാണെന്നും വിദഗ്ധര്‍ പറയുന്നു. 

ഗ്രേറ്റ് ബാരിയര്‍ റീഫില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകളെ കോറല്‍ ബ്ലീച്ചിങ് ബാധിക്കുന്നുണ്ട്. കാലാവസ്ഥാ മാറ്റവും ജലോപരിതലത്തിലെ താപനിലയില്‍ വരുന്ന മാറ്റവും ഇത്തരം സാഹചര്യങ്ങള്‍ക്കുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. എല്‍ നിനോ പ്രതിഭാസം ഇതിന്റെ തീവ്രത കൂട്ടി. അപകടഭീഷണി നേരിടുന്ന പട്ടികയില്‍ ഗ്രേറ്റ് ബാരിയര്‍ റീഫിനെ ഉള്‍പ്പെടുത്താന്‍ യുണൈറ്റ്ഡ് നേഷന്‍സ് കള്‍ച്ചറല്‍ ആന്‍ഡ് സയന്റിഫിക് ഏജന്‍സി (യുനെസ്‌കോ) ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഇതുവരെ ഈ വിഷയത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് സൂചന. 

1,500 ഇനം മത്സ്യങ്ങളടക്കമുള്ള സമുദ്ര ജീവജാലങ്ങളുടെ പ്രധാന ആവാസവ്യവസ്ഥ കൂടിയാണ് ഗ്രേറ്റ് ബാരിയര്‍ റീഫ്.  സമുദ്രജീവജാലങ്ങളുടെ നാലിലൊന്നിനെയും ഇത്തരം പവിഴപ്പുറ്റുകളില്‍ കാണാം. 2,300 കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കന്‍ തീരത്താണ് ഗ്രേറ്റ് ബാരിയർ റീഫ് കാണാനാവുക. ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ സയന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം 1998, 2002, 2016, 2017, 2020, 2022 എന്നീ വര്‍ഷങ്ങളില്‍ കൂട്ടബ്ലീച്ചിങ്ങിന് ഗ്രേറ്റ് ബാരിയര്‍ റീഫ് വിധേയമായിരുന്നു. രാജ്യത്തിന്റെ പ്രധാന വിനോദസഞ്ചാര ശ്രദ്ധാകേന്ദ്രം കൂടിയാണിത്.