നക്ഷത്രമത്സ്യങ്ങളെ കൊന്നൊടുക്കി ലോകത്തിലെ പാരിസ്ഥിതികാത്ഭുതങ്ങളിലൊന്നായ ഗ്രേറ്റ് ബാരിയര്‍ റീഫിന് സംരക്ഷണമൊരുക്കിയിരിക്കുകയാണ്  ഓസ്ട്രേലിയ.  സമുദ്രങ്ങളില്‍ താപനില ഉയരുന്നത് കടലിലെ ജീവജാലങ്ങളെ വലിയ രീതിയിലാണ് ബാധിച്ചത്. ആഗോളതാപനം അത്തരത്തിൽ ഏറ്റവുമധികം ബാധിച്ച കടൽ ജീവികളിലൊന്നാണ് പവിഴപ്പുറ്റുകൾ. എന്നാൽ ആഗോളതാപനം മാത്രമല്ല 'ക്രൗൺ ഓഫ് തോൺസ്' എന്ന നക്ഷത്ര മത്സ്യ ഇനവും ഗ്രേറ്റ് ബാരിയർ റീഫിലെ പവിഴപ്പുറ്റുകൾക്ക് ഭീഷണിയാണെന്ന് ഗവേഷകർ കണ്ടെത്തി. തുടർന്നാണ് ഈ നക്ഷത്രമത്സ്യങ്ങളെ കള്ളിങ് (നിയന്ത്രിതമായ കൊന്നൊടുക്കൽ) ചെയ്ത്  ഗ്രേറ്റ് ബാരിയര്‍ റീഫിനെ സംരക്ഷിക്കാനുള്ള ആലോചനകളിലേക്ക് ഓസ്ട്രേലിയ എത്തിയത്. 

To advertise here,

ക്രൗണ്‍ ഓഫ് തോണ്‍സ് സ്റ്റാർഫിഷുകളിലെ ഒരെണ്ണത്തിന് മാത്രം പ്രതിവര്‍ഷം 10 ചതുരശ്ര മീറ്റര്‍ വരുന്ന പവിഴപ്പുറ്റുകളെ അകത്താക്കാനുള്ള ശേഷിയുണ്ട്. ഗ്രേറ്റ് ബാരിയര്‍ റീഫില്‍ മാത്രം കാണപ്പെടുന്ന സ്റ്റാര്‍ഫിഷ് ഇനമായ 'ക്രൗൺ ഓഫ് തോൺസ്' സിഒറ്റിഎസ് (COTS) എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. ഇവയുടെ തന്നെ നാല് ഉപജാതികളെയാണ് ഇതുവരെ തിരിച്ചറിയപ്പെട്ടിട്ടുള്ളത്. സ്വതവേ വലിപ്പമേറിയ സ്റ്റാർഫിഷാണിത്.  80 സെന്റമീറ്റര്‍ വ്യാസം വരുമെങ്കിലും ഇതിനെ പവിഴപ്പുറ്റുകള്‍ക്കിടയില്‍ കണ്ടെത്താന്‍ പാടാണെന്നാണ് ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ സയന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇവയുടെ എണ്ണം ഗ്രേറ്റ് ബാരിയര്‍ റീഫില്‍ കൂടി വരികയാണ്. ഇത് പവിഴപ്പുറ്റുകള്‍ വലിയ തോതിൽ നശിക്കാനുള്ള പ്രധാന കാരണമായി. 

placeholder
​ഗ്രേറ്റ് ബാരിയർ റീഫിൽ കാണപ്പെടുന്ന ക്രൗണ്‍ ഓഫ് തോണ്‍സ് സ്റ്റാര്‍ഫിഷ് | Photo:  Australian Institute of Marine Science 

ഗവേഷകരടങ്ങുന്ന വിദഗ്ധ സംഘം ഡൈവ് ചെയ്ത് കടലിന്റെ അടിത്തട്ടിലെത്തിയാണ് കള്ളിങ് നടത്തുന്നത്. ക്രൗണ്‍ ഓഫ് തോണ്‍സിനെ തിരിച്ചറിഞ്ഞ ശേഷം വിനാഗിരിയോ ഓക്‌സ് ബൈലോ കുത്തിവെക്കും. ഇങ്ങനെ കുത്തിവെക്കുന്നത് ഇവയുടെ ലാർവകളെയും നശിപ്പിക്കുന്നത് പെറ്റുപെരുകലിനെ നിയന്ത്രിച്ചു. ഒരു ഡോസ് വിനാഗിരിക്ക് പവിഴപ്പുറ്റുകളെ ആഹാരമാക്കുന്ന സ്റ്റാര്‍ഫിഷുകളെ കൊല്ലാന്‍ 100 ശതമാനം  ശേഷിയുണ്ടെന്ന് ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ മുന്‍പ് കണ്ടെത്തിയിരുന്നു.  ഓക്‌സ് ബൈല്‍ ( Ox Bile - കരള്‍ രോഗങ്ങള്‍ക്കും മറ്റ് അസുഖങ്ങള്‍ക്കും ഉപയോഗിക്കുന്ന മരുന്ന്‌) പോലുളളവയായിരുന്നു മുന്‍പ് ഇവിടങ്ങളില്‍ സ്റ്റാര്‍ഫിഷുകളെ കൊല്ലാനായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ വില അധികമാകുന്നതടക്കമുള്ള പരിമിതികള്‍ ഓക്‌സ് ബൈലിനുണ്ട്‌. ഇതാണ് ബദലായി വിനാഗിരി ഉപയോഗിക്കാൻ കാരണം. 

2012 മുതല്‍ 2022 വരെ ഇത് തുടർന്നു. കൊന്നൊടുക്കല്‍ നടത്തിയ പ്രദേശങ്ങളില്‍ പവിഴപ്പുറ്റിന്റെ വിസ്തീര്‍ണം 44 ശതമാനമായി ഉയര്‍ന്നു. ഇത്തരത്തില്‍ ഈ ഇനം നക്ഷത്ര മത്സ്യത്തെ കൊന്നൊടുക്കല്‍ നടത്താത്ത പ്രദേശങ്ങളില്‍ പവിഴപ്പുറ്റുകളുടെ നാശം തുടര്‍ന്നുകൊണ്ടേയിരുന്നു. ഗ്രേറ്റ് ബാരിയര്‍ റീഫിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിന് ഇത്തരം പദ്ധതികള്‍ സഹായകരമാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.  കടല്‍ച്ചേനകള്‍ (Sea urchin) ഉള്‍പ്പെടുന്ന എക്കൈനൊഡെര്‍മാറ്റ ഫൈലത്തില്‍ തന്നെയാണ് നക്ഷത്രമത്സ്യങ്ങളും ഉള്‍പ്പെടുന്നതെങ്കിലും ഇവ രണ്ടും വ്യത്യസ് ജീവികളാണ്.