വംശനാശം സംഭവിച്ചു എന്ന് കരുതിയിരുന്ന ലോകത്തിലെ ഏറ്റവും വലിയ തേനീച്ചയായ ‘വാലസ് ജയന്റ് ബീ’യെ (Wallace’s Giant Bee) കിഴക്കൻ ഇന്തോനേഷ്യയിലെ വനങ്ങളിൽ കണ്ടെത്തി. 160- വർഷം മുൻപ് ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞൻ ആൽഫ്രഡ് റസേൽ വാലസ് ആണ് ഇവയെ ആദ്യമായി കണ്ടെത്തിയത്. ശരീരത്തിന്റെ വലുപ്പവും കൊമ്പുകളുടെ ആകൃതിയുമൊക്കെക്കൊണ്ട് ഇവയെ ‘പറക്കുന്ന ബുൾഡോഗ്’(ഫ്ലയിങ് ബുൾഡോഗ്) എന്നും അറിയപ്പെടുന്നു. ഇതുവരെ കണ്ടെത്തിയതിൽവെച്ച് ഏറ്റവും വലിയ തേനീച്ചയാണിത്.

To advertise here,

1981-ലും പിന്നീട് 2019-ലും ഇവയെ കണ്ടിട്ടുണ്ട്. 2025-ലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയതായി ചില റിപ്പോർട്ടുകളുണ്ട്. പെൺതേനീച്ചകൾക്ക് 3.8 സെന്റീമീറ്ററാണ് നീളം. സാധാരണ തേനീച്ചയുടെ നാലിരട്ടി വലുപ്പമുണ്ടാകും. ചിറകുകളുടെനീളം ആറു സെന്റീമീറ്ററും. കറുത്തനിറമാണ്. പെൺ തേനീച്ചകൾക്ക് മരക്കറ ശേഖരിക്കാൻ സഹായിക്കുന്ന ശക്തമായ നീളൻ താടിയെല്ലുകളുണ്ട്. എന്നാൽ ആൺ തേനീച്ചകൾ വലിപ്പത്തിൽ ചെറുതും താടിയെല്ലുകൾ ഇല്ലാത്തവയുമാണ്.

മരങ്ങളിൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചിതൽപുറ്റുകൾക്കുള്ളിലാണ് ഈ തേനീച്ചകൾ കൂട് നിർമിക്കുന്നത്. മരക്കറയും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ചിതൽ പുറ്റുകൾക്കുള്ളിൽ പ്രത്യേക അറകൾ നിർമ്മിക്കുന്ന ഈ രീതി ഏറെ സവിശേഷമാണ്. ചിതലുകളുമായി ചേർന്ന് ഒരേ കൂട്ടിൽ കഴിയുന്ന ഈ സഹവർത്തിത്വം പ്രകൃതിയിലെ അപൂർവമായ ഒന്നാണ്.

ഫോട്ടോഗ്രാഫർ ക്ലേയ് ബോൾട്ടാണ് ആദ്യമായി ഇവയെ ക്യാമറക്കണ്ണുകളിൽ പകർത്തിയത്. ഇൻഡൊനീഷ്യയിലെ താഴ്‍ന്ന പ്രദേശങ്ങളിലും മൊളുക്കാസ് ദ്വീപുകളിലെ ഉഷ്ണമേഖലാ വനങ്ങളിലുമാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. വടക്കൻ മൊളുക്കാസ് ദ്വീപിലെ ആവാസവ്യവസ്ഥയിൽ ആശങ്കയുയർന്നതോടെയാണ് ജയന്റ്ബീ വീണ്ടും ചർച്ചയാകുന്നത്. ഐയുസിഎന്നിന്റെ വംശനാശം സംഭവിക്കാൻ സാധ്യതയുള്ള ജീവിവർഗങ്ങളുടെ വിഭാഗത്തിലാണ് ജയന്റ്ബീ.