
കടലുണ്ടി: ഒരുകാലത്ത് ദേശാടനപ്പക്ഷികളുടെ പറുദീസയായിരുന്നു കടലുണ്ടി. സഞ്ചാരികളെ കടലുണ്ടിയിലേക്ക് അടുപ്പിച്ചതും വിരുന്നെത്തിയ പക്ഷിക്കൂട്ടങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളാണ്. എന്നാൽ, അത്തരം കാഴ്ചകൾ ഇന്ന് അന്യമാവുകയാണ്. കടുത്ത മലിനീകരണവും മറ്റുജീവികളുടെ ആക്രമണവും ഇരതേടിയിരുന്ന ചതുപ്പുനിലങ്ങളുടെ കുറവും കാരണം കടലുണ്ടിയിൽ വിരുന്നെത്തുന്ന ദേശാടനപ്പക്ഷികളുടെ എണ്ണം കുറഞ്ഞുവരുകയാണ്.
വില്ലനായി മാലിന്യം
കടലുണ്ടി പക്ഷിസങ്കേതത്തിൽ പക്ഷികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുകയാണെന്നാണ് പക്ഷിനിരീക്ഷകർ പറയുന്നത്. കടലുണ്ടിപ്പുഴയിൽ തള്ളുന്ന അറവുമാലിന്യവും പ്ലാസ്റ്റിക് കുപ്പികളും മറ്റും ഒഴുകി കണ്ടൽവനമേഖലയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ എത്തുന്നുണ്ട്. ഇതുകാരണം മേഖലയിൽ പരുന്തിന്റെയും കാക്കകളുടെയും എണ്ണം വർധിച്ചു.
ഇത് ദേശാടനപ്പക്ഷികളുടെ സ്വൈരവിഹാരത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ കടലുണ്ടിപ്പുഴയിലെ ചതുപ്പുമേഖലകളിൽ ഒരുകാലത്ത് വ്യാപകമായി ചകിരിപൂഴ്ത്തലുണ്ടായിരുന്നു. ഈ സമയം ദേശാടനപ്പക്ഷികളുടെ ഇഷ്ടഭക്ഷണമായ ചെറുഞണ്ടുകളും മറ്റു സൂഷ്മജീവികളും ധാരാളമുണ്ടായിരുന്നു. ചകിരിപൂഴ്ത്തലുകൾ നിലച്ചതോടെ പക്ഷികളുടെ ഭക്ഷണവും കുറഞ്ഞു.
കൂടാതെ കടലിൽ മത്സ്യബന്ധനം നടത്തുന്ന യന്ത്രബോട്ടുകളുടെ സാന്നിധ്യവും പുഴയോരത്ത് വർധിച്ചിട്ടുണ്ട്. ഇതും പക്ഷികളുടെ വരവിനെ ബാധിച്ചിട്ടുണ്ട്. കടലുണ്ടിയുടെ പേരിൽമാത്രം അറിയപ്പെട്ടിരുന്ന കടലുണ്ടി ആളയെന്ന പക്ഷിയുടെ എണ്ണവും ഇപ്പോൾ നാമമാത്രമായിട്ടുണ്ട്. മാലിന്യവും ചതുപ്പുനിലങ്ങളുടെ കുറവും കടലുണ്ടി പക്ഷിനിരീക്ഷണ കേന്ദ്രത്തിലേക്കെത്തുന്ന പക്ഷികളുടെ എണ്ണം കുറയ്ക്കുന്നു
സംരക്ഷിക്കണം
മലിനീകരണവും മണൽത്തിട്ടകൾ വർധിച്ചുവരുന്നതും ദേശാടനപ്പക്ഷികളുടെ ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ചെളിയും മണലും ചേരുന്നതോടെ ആ ഭാഗം ഉറച്ചതാവുകയും ഇത് ഇവയുടെ ഭക്ഷണസാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. കൃത്യമായ ഇടപെടലിലൂടെ പക്ഷിസങ്കേതം കാത്തുസംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. -വിജേഷ് വള്ളിക്കുന്ന്, പക്ഷിനിരീക്ഷകൻ
Content Highlights: Flocks of birds, which once attracted tourists, are now strange sights in Kadalundi
Published: 12 Nov 2023, 08:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented