ശാന്തത ഇഷ്ടപ്പെടുന്നവർക്കും പ്രകൃതിസ്‌നേഹികൾക്കും പക്ഷിനിരീക്ഷകർക്കും നേരെ പോകാം കടലുണ്ടി പക്ഷിസങ്കേതത്തിലേക്ക്. കടലുണ്ടിപ്പുഴ അറബിക്കടലിലെത്തുന്ന പ്രദേശമാണിത്. പരന്നൊഴുകുന്ന പുഴയും കടലുണ്ടിപ്പാലത്തിലൂടെ ഇടയ്ക്ക് കൂകിപ്പായുന്ന ട്രെയിനുകളുമാണ് സഞ്ചാരികളുടെ ശ്രദ്ധ ആദ്യം പിടിച്ചുപറ്റുക.
ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെയാണ് അവിടെയെത്തിയത്. വെയിലോ മഴയോ ഇല്ലാത്ത പ്രശാന്തമായ കാലാവസ്ഥ. ഗ്രാമപഞ്ചായത്തിന്റെ വയോധിക വിനോദയാത്ര പരിപാടിക്കായി വലിയൊരു സംഘം ഞങ്ങൾക്ക് മുൻപെയുണ്ടായിരുന്നു. പ്രവേശന ഫീസ് 20 രൂപയാണ്. കാർ പാർക്കിങ്ങിന് 40 രൂപയും.
ഒരു വഞ്ചിയിൽ എട്ടുപേർക്ക് കയറാം. ഒരു വഞ്ചിക്ക് മണിക്കൂറിന് 1000 രൂപയാണ്. എട്ടുപേരായി പോയാൽ ഒറ്റ വഞ്ചിയിൽ യാത്ര ചെയ്യാം. ആളു തുഴയുന്ന വഞ്ചിയാണ്. ലൈഫ് ജാക്കറ്റ് നിർബന്ധമാണ്.
ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് ദേശാടന പക്ഷികളുടെ വരവ്. ആ സമയം രാവിലെയാണ് ബോട്ടിങ്ങിന് ഏറ്റവും ഉചിതമെന്ന് ഞങ്ങളുടെ വഞ്ചിക്കാരൻ പറഞ്ഞു. വഞ്ചിയായതുകൊണ്ട് മോട്ടോറിന്റെ കാതടപ്പിക്കുന്ന ശബ്ദമില്ല. മോട്ടോറിന്റെ ശബ്ദം കേട്ടാൽ പക്ഷികൾ പറന്നുപോകും എന്നുള്ളത് കൊണ്ടാണത്രേ പഴയ രീതിയിലുള്ള വഞ്ചി ഉപയോഗിക്കുന്നത്. അറുപതിലധികം ഇനം ദേശാടനക്കിളികൾ വിരുന്നെത്താറുണ്ട്.
കൂടാതെ അനവധി നാടൻ പക്ഷികളെയും ജീവികളെയും കാണാം. കഠിനമായ തണുപ്പനുഭവപ്പെടുന്ന നാടുകളിൽനിന്ന് ശൈത്യകാലവിശ്രമകേന്ദ്രമെന്ന നിലയ്ക്കാണ് ദേശാടനപക്ഷികൾ കടലുണ്ടിയിലേക്കെത്തുന്നത്. വിരുന്നെത്തുന്ന പക്ഷികളിൽ യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവയുമുണ്ട്.
നീർക്കുതിര, ആമ, ഞണ്ട്, മത്സ്യങ്ങൾ തുടങ്ങിയവയേയും കാണാം. പുഴയിലൂടെ പോകുമ്പോൾ കടലുണ്ടി റെയിൽപാലം കാണാം. അതിലൂടെ വണ്ടികൾ കടന്ന് പോകുന്നത് പുഴയിലിരുന്നു നോക്കുന്നത് മനോഹരമായ കാഴ്ചയാണ്. സമീപം തീവണ്ടി ദുരന്തമുണ്ടായി തകർന്ന പാലത്തിന്റെ തൂണുകൾ സ്മാരകമെന്നവണ്ണം മൂകമായി നിൽക്കുന്നുണ്ട്.
പുഴയുടെ നടുക്ക് ഒരു വഞ്ചിയിൽ ഒരു ചേട്ടൻ ചായക്കട നടത്തുന്നുണ്ട്. എല്ലാവരും ഓരോ കാപ്പി വാങ്ങി. ഇദ്ദേഹം വെള്ളം പുറത്തുനിന്ന് കൊണ്ട് വരുന്നത്‌കൊണ്ട് പേടിക്കാതെ വാങ്ങി കുടിക്കാം. അസാധ്യരുചിയായിരുന്നു കാപ്പിക്ക്. പക്ഷിസങ്കേതം തുറന്ന് അടയ്ക്കുന്ന വരെ ചായക്കടയും പ്രവർത്തിക്കും.
അത്യാവശ്യം ചെറിയ സ്നാക്സും സംഭാരം, നാരങ്ങവെള്ളം തുടങ്ങിയ നാടൻ കൂൾഡ്രിങ്‌സും കിട്ടും. കാപ്പി കുടിച്ച് വഞ്ചി നേരെ പോയത് കണ്ടൽകാടിനു ഉള്ളിലേക്കാണ്. മുകളിൽ മുഴുവൻ പച്ചപ്പാണെങ്കിലും കാടിനുള്ളിൽ നമുക്ക് കാണാൻ കഴിയുക വേരുകളുടെ ചാരനിറമാണ്. അതിൽനിന്ന് പുറത്ത് വരുമ്പോൾ ദൂരെയായി കടലുണ്ടിക്കടവ് ഭഗവതി ക്ഷേത്രം കാണാം.
ഇടയ്ക്ക് ചില പക്ഷികളെയും കണ്ടു. ദൂരെയുള്ള അവയെ ചിത്രീകരിക്കാൻ ഫോണിലെ ക്യാമറ പോരാത്തത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. റെയിൽപ്പാലത്തിന്റെ ചുവട്ടിലൂടെ വഞ്ചി നീങ്ങി യാത്ര തുടങ്ങിയ സ്ഥലത്ത് തന്നെ തിരിച്ചെത്തി. അതിമനോഹരമായ ഒരു സായാഹ്നം. പിന്നീട് കടലുണ്ടി കടവ് ബീച്ചിലെ സൂര്യാസ്തമയം കൂടി കണ്ട് ഞങ്ങൾ കോഴിക്കോട്ടെ തിരക്കിലേക്ക് മടങ്ങി.
എങ്ങനെയെത്തിച്ചേരാം:
റോഡുമാർഗം - സ്വകാര്യ വാഹനങ്ങളിലോ ടാക്‌സികളിലോ എത്താം. കോഴിക്കോട് നിന്ന് സിറ്റി ബസ് സർവീസുണ്ട്.
ട്രെയിൻ - കടലുണ്ടി റെയിൽവേ സ്‌റ്റേഷനാണ് ഏറ്റവും അടുത്ത്. അവിടുന്ന് പക്ഷിസങ്കേതത്തിലേക്ക് അരകിലോമീറ്ററിൽ താഴെ ദൂരമേയുള്ളൂ. കടലുണ്ടി സ്‌റ്റേഷനിൽ ലോക്കൽ ട്രെയിനുകൾ മാത്രമേ നിർത്തൂ. ദീർഘദൂര തീവണ്ടികൾ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിർത്തും.
വിമാനം - 22 കിലോമീറ്റർ ദൂരത്തുള്ള കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി ടാക്‌സിയോ ബസ്സോ ഉപയോഗിച്ച് കടലുണ്ടിയിലെത്താം.
പ്രവേശനസമയം: എല്ലാദിവസവും രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ. വൈകുന്നേരം ഏഴിന് മുൻപ് പക്ഷിസങ്കേതത്തിൽനിന്ന് പുറത്ത് കടക്കണം.
ഫീസ്: മുതിർന്നവർക്ക് 20 രൂപ. കുട്ടികൾക്ക് 10 രൂപ. എട്ടുപേർക്ക് ഒരു തോണിയിൽ കയറാം. എട്ടുപേർ ചേർന്ന് ആയിരം രൂപയാണ് കൊടുക്കേണ്ടത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഗൈഡിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം
2. പ്രദേശത്തോ പുഴയിലോ മാലിന്യങ്ങൾ നിക്ഷേപിക്കാതെ വൃത്തിയായി വെയ്ക്കാം. എൻട്രി പോയിന്റിൽ ചവറ്റുകുട്ടകൾ സ്ഥാപിച്ചിട്ടുണ്ട്
3. പ്ലാസ്റ്റിക് നിരോധിത മേഖലയാണ്
4. തോണിയിൽ കയറുമ്പോൾ ലൈഫ് ജാക്കറ്റ് നിർബന്ധമായും ഉപയോഗിക്കുക
5. പുകവലിയും മദ്യപാനവും പാടില്ല
6. ഒരു ടിക്കറ്റിൽ പ്രവേശനം ഒരിക്കൽ മാത്രമാണ്
7. പ്രദേശവാസികളുടെ സൈ്വര്യജീവിതത്തിന് തടസമാകാതെയിരിക്കുക
Content Highlights: Explore Kadulundi Bird Sanctuary! A serene escape for nature lovers and birdwatchers. Enjoy boat rides, diverse avian life, and stunning views. Plan your visit!
Published: 05 Nov 2025, 09:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented