മോസ്‌കോ: ജീവജാലങ്ങളോട് ക്രൂരമായി പെരുമാറി വിനോസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ക്രൂരതയ്ക്ക് ഇരയായതാകട്ടെ ഒരു കഴുതയും. മലകള്‍ക്കിടയിലുള്ള സിപ്‌ലൈനില്‍ കഴുതയെ ബന്ധിച്ച് ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോ. റഷ്യയിലെ റിപബ്ലിക് ഓഫ് ഡാഗസ്റ്റനിലാണ് സംഭവം.

To advertise here,

സിപ്‌ലൈനില്‍ കെട്ടിയ കഴുത എന്തുചെയ്യണമെന്നറിയാതെ കാലിട്ടടിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. നൂറ് മീറ്ററോളം ഉയരത്തിലാണ് കഴുതയുടെ സിപ്‌ലൈനിലെ സഞ്ചാരം. ടൂര്‍ ഓപ്പറേറ്ററായ റംസാനാണ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 'പരുന്തിനെക്കാള്‍ വേഗത്തില്‍ പായുന്ന കഴുത' എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ റംസാന്‍ പങ്കുവെച്ചത്. സാമൂഹികമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വീഡിയോ റംസാന്‍ സ്വന്തം അക്കൗണ്ടില്‍ന്ന്‌ ഡിലീറ്റ് ചെയ്യുകയും ചെയ്തു. 

സിപ്‌ലൈനില്‍ കെട്ടിയിട്ടിരിക്കുന്ന കഴുത സുരക്ഷിതമായി മറുകരയെത്തിയോ എന്ന ആശങ്കയാണ് സാമൂഹികമാധ്യമ ഉപയോക്താക്കൾ പങ്കുവെച്ചത്. ആര്‍ടി.കോം പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴുതയ്ക്ക് പരിക്കൊന്നും സംഭവിച്ചില്ലെന്നും സുരക്ഷിതമായി എത്തിയെന്നും പറയുന്നു. സംഭവത്തേക്കുറിച്ച് എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ പോലീസിൽ പരാതിയുമെത്തി. എന്നാല്‍, കഴുതയ്ക്ക് പരിക്കുകളൊന്നും സംഭവിക്കാത്തതിനാല്‍ കേസെടുക്കാനാവില്ലെന്നാണ് പോലീസിന്റെ പക്ഷം. 

സാമൂഹികമാധ്യമങ്ങളില്‍ നിരവധി പേരാണ് വീഡിയോയെ പ്രതികൂലിച്ച് രംഗത്തെത്തിയത്. സാമൂഹികമാധ്യമങ്ങളില്‍ താരമാകുന്നതിന് കഴുതയെ ഉപയോഗിക്കേണ്ടതുണ്ടായിരുന്നോ എന്നാണ് ചിലർ ചോദിക്കുന്നത്. എന്നാല്‍ വീഡിയോയെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തി. രണ്ട് മലകള്‍ക്കിടയിലൂടെ കഴുത പോലുള്ള ജീവജാലങ്ങളുടെ സഞ്ചാരം സുഗമമാകുന്നതിന് ഈ രീതി പ്രായോഗികമാണെന്നാണ് ചിലരുടെ പക്ഷം.