അഷ്‌ഗാബാദ്: തുർക്ക്മെനിസ്താനിലെ കാരാക്കും മരുഭൂമിയിൽ അരനൂറ്റാണ്ടിലേറെയായി ആളിപ്പടരുന്ന 'നരകകവാടം' (Darvaza gas crater) അണയുന്നു. 'ഗേറ്റ്‌സ് ഓഫ് ഹെൽ' എന്ന് വിളിക്കപ്പെടുന്ന ഈ ഗർത്തത്തിലെ അഗ്നിജ്വാലകളുടെ തീവ്രത ഇപ്പോൾ ഗണ്യമായി കുറഞ്ഞതായി പഠനങ്ങൾ പുറത്തുവന്നു.
70 മീറ്റർ വീതിയും 30 മീറ്റർ ആഴവുമുള്ള ഈ ഗർത്തം, അഷ്‌ഗാബാദിൽനിന്ന് 260 കിലോമീറ്റർ വടക്ക് ദർവാസ ഗ്രാമത്തിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. 1971-ൽ പ്രകൃതിവാതക പര്യവേക്ഷണത്തിനിടെയുണ്ടായ അപകടത്തെത്തുടർന്നാണ് ഈ ഗർത്തം രൂപപ്പെട്ടത്. ഇതിൽനിന്ന് പ്രവഹിച്ച മീഥെയ്ൻ വിഷവാതകം പടരുന്നത് തടയാനായി അന്ന് ശാസ്ത്രജ്ഞർ ഗർത്തത്തിന് തീകൊളുത്തി. ആഴ്ചകൾക്കുള്ളിൽ അണയുമെന്ന് കരുതിയിരുന്നെങ്കിലും കഴിഞ്ഞ 53 വർഷമായി ഇത് തുടർച്ചയായി കത്തുകയായിരുന്നു.
2022-നും 2025-നും ഇടയിലുള്ള കണക്കുകൾ പ്രകാരം മണിക്കൂറിൽ ശരാശരി 1,300 കിലോഗ്രാം മീഥെയ്നാണ് ഗർത്തത്തിൽനിന്ന് പുറന്തള്ളപ്പെടുന്നത്. കാർബൺ ഡയോക്സൈഡിനേക്കാൾ 30 മടങ്ങ് അധികം ചൂട് അന്തരീക്ഷത്തിൽ നിലനിർത്താൻ ശേഷിയുള്ള വാതകമാണ് മീഥെയ്ൻ. നിലവിൽ തീ ഉള്ളതിനാൽ മീഥെയ്ൻ ഓക്സിജനുമായി ചേർന്ന് കത്തിയമർന്ന് കാർബൺ ഡയോക്സൈഡായി മാറുകയാണ് ചെയ്യുന്നത്. എന്നാൽ, തീ അണയുന്നതോടെ മീഥെയ്ൻ നേരിട്ട് അന്തരീക്ഷത്തിലേക്ക് എത്തും. ഇത് ആഗോള താപനത്തിന് കാരണമായേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.
2025-ൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, അഗ്നിജ്വാലകളുടെ തീവ്രത മുൻപുണ്ടായിരുന്നതിനേക്കാൾ മൂന്നിലൊന്നായി കുറഞ്ഞുവെന്ന് തുർക്ക്മെനിസ്താനിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ കമ്പനിയായ തുർക്ക്മെൻഗാസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഗർത്തത്തിന് സമീപം രണ്ട് പുതിയ ഗ്യാസ് കിണറുകൾ നിർമിച്ച് വാതകം വലിച്ചെടുക്കുന്നതിനാലാണ് തീ കുറഞ്ഞതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം, തീ അണയുന്നത് താൽക്കാലികമാകാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlights: Darvaza gas crater flames are significantly reducing in intensity as of 2026., Turkmengaz is actively managing methane leakage through new extraction wells., The potential end of the 'Gates of Hell' poses an environmental risk due to invisible methane emissions., Local tourism industry faces economic uncertainty as the primary attraction fades.
Published: 14 May 2026, 03:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented