ഇരിട്ടി: ആറളം വന്യജീവിസങ്കേതം ശലഭസങ്കേതമായി സംസ്ഥാന വന്യജീവി ബോർഡ് അംഗീകാരം നൽകിയതിന് പിന്നാലെ ആറളം ശലഭഗ്രാമമമായി വികസിപ്പിക്കുന്നതിന് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് സർക്കാർ നിർദേശം നൽകി. വന്യജീവിസങ്കേതവും അതിന് ചുറ്റുമായുള്ള ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളും ഉൾപ്പെടുത്തി ശലഭഗ്രാമമായി കഴിഞ്ഞ ഓഗസ്റ്റിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.

To advertise here,

ഭൂപ്രകൃതിയിലും സസ്യസമ്പത്തിലും വൈവിധ്യം പുലർത്തുന്ന വനമേഖല എന്ന നിലയിൽ വന്യജീവി വൈവിധ്യത്തിലും സമ്പന്നമാണ് ആറളം വന്യജീവിസങ്കേതം. കേരളത്തിലെ മറ്റ് വനമേഖലകളെ അപേക്ഷിച്ച് 25 വർഷമായി ഇവിടെ ശലഭനിരീക്ഷണവും പഠനവും നടത്തിവരുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ആൽബസ്‌ട്രോസ് അടക്കമുള്ള ശലഭങ്ങളുടെ ദേശാടനവും കണ്ണിന് ഹരം പകരുന്ന മഡ് പഡലിങ്ങും നടക്കുന്നത്. 2025-ലെ വാർഷിക ശലഭ സർവേയിൽ അഞ്ച് മിനുട്ട് നിരീക്ഷണത്തിൽ 12,000 ശലഭങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസത്തെ നിരീക്ഷണത്തിൽ നാൽപ്പത് ലക്ഷത്തിലധികം ആസ്ബസ്‌ട്രോസ് ശലഭങ്ങൾ എത്തിയതായും രേഖപ്പെടുത്തി. പശ്ചിമഘട്ടങ്ങളിൽ മാത്രം കണ്ടെത്തിയിട്ടുള്ള നാല്പതിൽപ്പരം എൻഡമിക് ശലഭങ്ങളിൽ 27 എണ്ണത്തേയും ആറളത്ത് കണ്ടെത്തി.

ശലഭഗ്രാമമാക്കുക വഴി തദ്ദേശീയരുടെ തൊഴിൽ സാധ്യതയും സാമ്പത്തിക സാമൂഹിക ഉന്നമനവും ഉറപ്പുവരുത്തും. വന്യജീവി സംഘർഷം പൂർണമായും ഒഴിവാക്കി പരിസ്ഥിതി സൗഹൃദ സംരക്ഷണ മാതൃക വികസിപ്പിക്കുകയും ഗവേഷണത്തിനും പഠനത്തിനും ബോധവൽക്കരണത്തിനും അവസരമൊരുക്കി ഒരു വിജ്ഞാന കേന്ദ്രമാക്കി ഗ്രാമത്തെ മാറ്റും. ശലഭങ്ങളുടെ ആവാസ വ്യവസ്ഥ വിപുലീകരിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരം പ്രോത്സാഹിപിപ്പിക്കുകയും ആറളം ഫാമിന്റെ കാർഷിക വികസനത്തിൽ ചിത്രശലഭങ്ങളെ ആകർഷിക്കുന്ന പൂക്കൃഷി പോലുള്ള കാർഷിക രീതി ഉൾപ്പെടുത്തി ഫാം ടൂറിസവും ഫാമിന്റെ സമഗ്ര വികസനവും സാധ്യമാകും. ശലഭങ്ങളുടെ ആതിഥേയ സസ്യങ്ങളുടെ നഴ്‌സറി വികസിപ്പിക്കുക, ശലഭക്കാവുകൾ തുടങ്ങുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

ഇത്തരം ലക്ഷ്യങ്ങളോടെ വനം വകുപ്പ്, ആറളം ഫാം, ആറളം, കണിച്ചാർ, കേളകം, മുഴക്കുന്ന് എന്നീ ഗ്രാമപ്പഞ്ചായത്തുകൾ, ടിആർഡിഎം, ജില്ലാ പ്രമോഷൻ കൗൺസിൽ, യൂണിവേഴ്‌സിറ്റികൾ, ഗവേഷണ സ്ഥാപനങ്ങൾ, ജൈവവൈവിധ്യ ബോർഡ്, സർക്കാർ ഇതര സംഘടനകൾ, തദ്ദേശീയർ എന്നിവരുടെ നിർദേശങ്ങൾക്കും പഠനങ്ങൾക്കും വിധേയമായി സമഗ്ര പദ്ധതി രേഖ തയാറാക്കുന്ന പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. ആറളം ശലഭഗ്രാമത്തെ ലോകത്തെ ഏറ്റവും മികച്ച ശലഭ സംരക്ഷണ പ്രദേശമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.