
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമേകി വേനൽമഴ കനക്കുന്നു. മഴ ശക്തി പ്രാപിച്ച പശ്ചാത്തലത്തിൽ ഇന്ന് (മേയ് ഒന്ന്) ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്.
നാളെ മേയ് രണ്ടിന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് മൂന്നിന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, മേയ് നാലിന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ ശക്തമാകാനാണ് സാധ്യതയെന്നും മേയ് അഞ്ച് വരെ ഇതു തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ കാലയളവിൽ മഴയോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർവരെ വേഗത്തിൽ കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും ഇടിമിന്നൽ പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മനുഷ്യർക്കും മൃഗങ്ങൾക്കും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും നാശനഷ്ടങ്ങൾ വരുത്താൻ സാധ്യതയുള്ളതിനാൽ കാർമേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ജാഗ്രത പാലിക്കണം.
ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുകയും ജനലും വാതിലും അടച്ചിടുകയും വേണം. കെട്ടിടത്തിനകത്ത് നിൽക്കുമ്പോൾ ഭിത്തിയിലോ തറയിലോ നേരിട്ടു സ്പർശിക്കാതിരിക്കാനും ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കാനും ശ്രദ്ധിക്കണം. ഇടിമിന്നലുള്ള സമയത്ത് ലാൻഡ് ഫോണുകൾ ഒഴിവാക്കണമെന്നും എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെന്നും നിർദേശമുണ്ട്.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തോ ടെറസിലോ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്. മരച്ചുവട്ടിൽ നിൽക്കുന്നതും വാഹനം പാർക്ക് ചെയ്യുന്നതും അപകടകരമാണ്. യാത്രക്കാർ വാഹനത്തിനകത്ത് തന്നെ തുടരുന്നതാണ് സുരക്ഷിതം. സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവയിലുള്ള യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടങ്ങളിൽ അഭയം തേടണം.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നതും ടാപ്പുകളിൽനിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. ജലാശയങ്ങളിൽ മീൻപിടുത്തം, ബോട്ടിങ്, എന്നിവ നിർത്തിവെക്കണം. ഉയരമുള്ള സ്ഥലങ്ങളിൽ ഇരിക്കുന്നത് ഒഴിവാക്കുകയും വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടാതിരിക്കുകയും വേണം. കെട്ടിടങ്ങളിൽ മിന്നൽ രക്ഷാ ചാലകങ്ങളും വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ് പ്രൊട്ടക്ടറുകളും സ്ഥാപിക്കുന്നത് ഉചിതമായിരിക്കും.
മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുതി പ്രവാഹം ഉണ്ടാകില്ല എന്നതിനാൽ പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. ആദ്യ 30 സെക്കൻഡുകൾ വളരെ പ്രധാനമാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യസഹായം ലഭ്യമാക്കണം. ഇടിമിന്നൽ സാധ്യതകൾ മുൻകൂട്ടി അറിയാൻ 'ദാമിനി' മൊബൈൽ ആപ്പ് ഉപയോഗിക്കാവുന്നതാണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Content Highlights: Yellow alert issued for 7-8 districts across Kerala from May 1 to May 4, 2026., Forecast includes heavy rain (64.5mm-115.5mm) and strong winds (40-50 kmph)., Strict safety protocols provided for lightning strikes and thunderstorm protection., Public advised to use the 'Damini' mobile app for real-time weather alerts., Guidance on first aid for lightning victims and home safety measures.
Published: 01 May 2026, 04:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented