
കടുവാ സംരക്ഷണത്തിൽ അന്താരാഷ്ട്രതലത്തിൽ പേരെടുത്ത കേരളത്തിൽനിന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ താക്കോൽസ്ഥാനത്തേയ്ക്ക് ഒരു മലയാളി. കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ കടുവ സംരക്ഷണ അതോറിറ്റി(എൻ.ടി.സി.എ.)യുടെ ഇൻസ്‌പെക്ടർ ജനറൽ (ഐ.ജി.എഫ്.) സ്ഥാനത്തേയ്ക്ക് ആദ്യമായെത്തിയ മലയാളിയാണ് ഡോ. സഞ്ജയൻ കുമാർ ഐ.എഫ്.എസ്.
കേരളത്തിന്റെ ഫോറസ്റ്റ് ചീഫ് കൺസർവേറ്ററായിരുന്ന അദ്ദേഹം ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ 2002 കേരള കേഡർ ഉദ്യോഗസ്ഥനും ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപസമൂഹത്തിൽനിന്നുള്ള ആദ്യ ഐ.എഫ്.എസ്. ഓഫീസറുമാണ്. മികച്ചൊരു വന്യജീവി ഫോട്ടോഗ്രാഫർകൂടിയായ സഞ്ജയൻ കുമാർ കടുവകളുടേത് ഉൾപ്പെടെ നിരവധി ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്.
വനസംരക്ഷണത്തെക്കുറിച്ചും വന്യജീവി-മനുഷ്യ സംഘർഷത്തെക്കുറിച്ചും സഞ്ജയൻ കുമാർ സംസാരിക്കുന്നു...
കേരളത്തിലെ പെരിയാർ-പറമ്പിക്കുളം കടുവാ സങ്കേതങ്ങൾ ജനകീയ പങ്കാളിത്തത്തോടെയുള്ള വനസംരക്ഷണമെന്ന ആശയം ഏറ്റവും നല്ല രീതിയിൽ നടപ്പാക്കി അന്താരാഷ്ട്രതലത്തിൽവരെ പേരെടുത്തു. കടുവാസംരക്ഷണത്തിലെ കേരള മോഡലിലുള്ള പ്രവർത്തനപരിചയം ദേശീയതലത്തിലുള്ള പ്രവർത്തനത്തിൽ എത്രത്തോളം സഹായകരമാകും?
കേരളത്തിലെ കടുവാ സങ്കേതങ്ങളുടെ പ്രവർത്തനം രാജ്യത്തിന് മാതൃകയാണ്. 90-കളിൽ ലോക ബാങ്ക് സഹായത്തോടെ ആരംഭിച്ച എക്കോ ഡെവലപ്മെന്റ് പദ്ധതികൾ ഏറ്റവും നല്ലരീതിയിൽ നടപ്പാക്കിയത് കേരളമാണ്. പെരിയാർ ഫൗണ്ടേഷൻ എന്ന പേരിൽ പെരിയാർ കടുവാ സങ്കേതവുമായി ബന്ധപ്പെട്ടുകിടക്കുന്നവരെയും പ്രൊഫഷണലുകളെയും ചേർത്ത് രൂപവത്കരിച്ച ട്രസ്റ്റ് കാടിനും നാടിനും ഒരുപോലെ ഗുണം ചെയ്തു. സർക്കാർ ഫണ്ടിനൊപ്പം വനമേഖലയുടെ സംരക്ഷണത്തിനായി അധിക വരുമാനം ഉറപ്പുവരുത്തുന്നു. വനസംരക്ഷണത്തിനും വികസനത്തിനും ഗവേഷണത്തിനും പ്രദേശവാസികളുടെ ഉപജീവനമാർഗത്തിനുമെല്ലാം ഇത് വളരെ സഹായകരമാണ്. ഈ വിജയത്തെ മാതൃകയാക്കിയാണ്, വന്യജീവി സംരക്ഷണ നിയമഭേദഗതിയിലൂടെ രാജ്യത്തെ എല്ലാ കടുവാ സങ്കേതങ്ങളിലും ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ രൂപവത്കരിച്ചത്.

എൻ.ടി.സി.എ. മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ്. അതിന്റെ ഭാഗമാകാനുള്ള അവസരം വലിയ ഭാഗ്യമാണ്. ജനങ്ങളുടെ ആവശ്യം അറിഞ്ഞ് പ്രവർത്തിക്കും. കേരളത്തിൽനിന്നുള്ള അനുഭവസമ്പത്ത് മുതൽക്കൂട്ടാകും.
ഏറ്റവും ഒടുവിൽ സംഭവിച്ച വയനാട്ടിലെ കടുവാ ആക്രമണം ഉൾപ്പെടെയുള്ള മനുഷ്യ-വന്യജീവി സംഘർഷം കേരളത്തിൽ അടിക്കടിയുണ്ടാകുന്നു. എന്തുകൊണ്ടാണിങ്ങനെ ഉണ്ടാകുന്നത്, എന്താണൊരു പരിഹാരം?
വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്കുണ്ടാകുന്ന തടസ്സങ്ങൾ പലപ്പോഴും മനുഷ്യരുമായുള്ള സംഘർഷത്തിന് ഇടയാക്കുന്നു. റോഡും മറ്റ് നിർമാണങ്ങളും വരുമ്പോൾ കാട് തുണ്ടുതുണ്ടായി മാറുന്നത് ഒരു പ്രധാന പ്രശ്നമാണ്. മൃഗങ്ങളുടെ സഞ്ചാരപാതകൾ മുറിഞ്ഞുപോകുന്നു. ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങൾ കാടുപിടിക്കുകയും അവിടേയ്ക്ക് വന്യജീവികൾ എത്തുന്നതുമാണ് മറ്റൊരു പ്രശ്‌നം.

വന്യജീവി ഇടനാഴികളിൽ മേൽപ്പാലം, ഭൂഗർഭപാത എന്നിവ നിർമിച്ച് മൃഗങ്ങൾക്ക് പോകാൻ സൗകര്യമൊരുക്കുക. ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങളിലെ അടിക്കാട് വെട്ടി എപ്പോഴും തെളിച്ചിടുക. വനാതിർത്തിയിൽ പ്ലാവ് പോലെയുള്ള, വന്യജീവികളെ ആകർഷിക്കുന്ന രീതിയിലുള്ള കൃഷി കുറയ്ക്കണം. പകരം മറ്റ് വിളകൾ പ്രോത്സാഹിപ്പിക്കാം. അക്കേഷ്യപോലെയുള്ള കടന്നുകയറ്റ സസ്യങ്ങൾ നീക്കംചെയ്ത് സ്വാഭാവികവനം സൃഷ്ടിക്കണം. സൗരോർജവേലി, തൂക്കുവേലി തുടങ്ങിയവ ഫലപ്രദമായി ഉപയോഗിക്കാം. എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളും വന്യജീവി പ്രതിരോധത്തിന് ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.
ജനങ്ങളെ പങ്കാളികളാക്കി, അവരെ വിശ്വാസത്തിലെടുത്തുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്. കേരളത്തിലെ വനംവകുപ്പ് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ ഇതിനെല്ലാം കൂടുതൽ പണം വേണം.

കടുവയുടെയും ആനയുടെയും ഉൾപ്പെടെയുള്ള വന്യജീവികളുടെ എണ്ണം പെരുകുന്നത് അവ നാട്ടിലേക്ക് ഇറങ്ങാൻ കാരണമാകുന്നില്ലേ?
പൊതുവായി നോക്കിയാൽ മൃഗങ്ങളുടെ എണ്ണം വനത്തിന്റെ ശേഷിയിലും കൂടിയെന്നുപറയാനുള്ള ശാസ്ത്രീയമായ വിവരം നമ്മുടെ കൈയിലില്ല. കടുവകളുടെ കാര്യത്തിലാണെങ്കിൽ, കാടിന് ഉൾക്കൊള്ളാനുള്ള എണ്ണം മാത്രമേ ഇപ്പോഴുള്ളൂ. ജീവികൾ വംശനാശഭീഷണി നേരിടുമ്പോൾ വനംവകുപ്പ് ഇടപെടുന്നു. സംരക്ഷണം കൂടുമ്പോൾ അവയുടെ എണ്ണവും മെച്ചപ്പെടും.
Content Highlights: Dr. Sanjayan Kumar, a Keralite IFS officer, appointed Inspector General of Forests
Published: 08 Feb 2025, 10:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented