
"ആവോളമുണ്ടെന്ന് കരുതുമ്പോഴുംനാമേറെ ആശങ്കയോടെ കരുതേണ്ട ഒന്നാണ് ജലം. വായുവിനും ജലത്തിനും മണ്ണിനും പരിരക്ഷയില്ലാതാകുന്ന സമൂഹത്തിൽ മനുഷ്യനുണ്ടാകില്ലെന്ന ഓർമ്മയുണ്ടാകണം. രണ്ട് പ്രളയങ്ങളെ അതിജീവിച്ച കേരളത്തിൽ വരൾച്ചയും സ്പർശിക്കാതിരുന്നിട്ടില്ല. എന്നാൽ, കേരളീയർ ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തെക്കുറിച്ച് ചിന്തിക്കുന്നേയില്ല.-രാജ്യത്തിന്റെ ‘ജലമാനുഷൻ’ രാജേന്ദ്ര സിങ് പറയുന്നു.
പ്രളയം വഴിമാറ്റിയ ജീവിതം
ജന്മനാടായ ഉത്തർപ്രദേശ് ഭാഗ്പത് ജില്ലയിലുള്ള ഗോപാൽപുരിലെ പ്രളയാന്തരീക്ഷമാണ്, വ്യത്യസ്തമായൊരു വഴിയിലൂടെ നടക്കാൻ പ്രേരിപ്പിച്ചത്. സ്വന്തം കൃഷിയിടം വെള്ളംകയറി നശിച്ചപ്പോൾ മുത്തച്ഛനൊപ്പം പരിഹാരമാർഗങ്ങൾക്കായി അന്വേഷണം തുടങ്ങി. പിന്നീട് സർക്കാർസർവീസിലെത്തിയപ്പോൾ, ജീവിതം രാജസ്ഥാനിലെ ജയ്‌പുരിലേക്ക് പറിച്ചുനട്ടു. ജോലി രാജിവെച്ച്, തദ്ദേശീയജനത നേരിട്ട ‘വരൾച്ച’യിലേക്ക് ശ്രദ്ധതിരിച്ചു. പിന്നീട്, ജലസംരക്ഷണമായി പ്രവർത്തനമണ്ഡലം. പ്രളയവും വരൾച്ചയും കേന്ദ്രീകരിച്ച് തുടങ്ങിയ സാമൂഹികപ്രവർത്തനം, ‘തരുൺ സംഘ് ഭാരത്’ എന്ന സംഘടനയിലൂടെ പ്രകൃതിസംരക്ഷണത്തിന്റെ വിവിധ തലങ്ങളിൽ പരിവർത്തനങ്ങളുണ്ടാക്കാൻ പ്രയത്നം തുടരുന്നു.
ജലസംരക്ഷണം വികേന്ദ്രീകൃതമാകണം
ജലസംരക്ഷണം കാലത്തിന്റെ അനിവാര്യതയെന്നതിൽ തർക്കമില്ല. ജലസംരക്ഷണപ്രവർത്തനങ്ങൾ വികേന്ദ്രീകൃതമാകുകയെന്നതുകൂടി കാലത്തിന്റെ ആവശ്യമാണ്. ജലം ‘റീച്ചാർജ്’ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ രാജസ്ഥാനിൽ നടപ്പാക്കിയ ജൊഹാദുകൾ (ചെറു ഡാമുകൾ) വിജയകരമായി. ജലത്തിന്റെ ഉപഭോക്താക്കളും സംരക്ഷകരും തദ്ദേശീയജനതയാണ്. അവരെ പൂർണമായി പങ്കെടുപ്പിച്ചുള്ള പദ്ധതികളും പ്രവർത്തനങ്ങളുമാണ് വേണ്ടത്. ആധുനികസംവിധാനങ്ങൾ ഉപയോഗിച്ച് സർക്കാരുകൾ, വലിയ ഡാമുകളും കനാലുകളുമൊക്കെ പണിയുന്നു. എന്നാൽ, പ്രാദേശികവ്യത്യാസങ്ങൾ തിരിച്ചറിഞ്ഞ്, ഒരു പ്രദേശത്തിന്റെ മഴലഭ്യത, വിളകൾ, കൃഷിരീതി എന്നിവയിലെ വൈവിധ്യങ്ങളറിഞ്ഞുള്ള ജലപദ്ധതികളല്ലേ വേണ്ടത്? ‘കമ്യൂണിറ്റി ഡ്രിവൺ ഡീസെൻട്രലൈസ്ഡ് വാട്ടർ’ ആശയമാണ് മുന്നോട്ടുവെക്കാനുള്ളത്.
മുല്ലപ്പെരിയാർ - വികസനത്തിന്റെ ദുരന്തം
കടന്നുകയറ്റം, മലിനീകരണം, ചൂഷണം എന്നിവയാണ് യുദ്ധത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ. നമ്മുടെ ലോകത്ത് ജലത്തിനുമേൽ ഈ മൂന്ന് പ്രതിസന്ധിയും എന്നേ തുടങ്ങിക്കഴിഞ്ഞു. ജോർദാൻനദിയിലെ വെള്ളം ഇസ്രയേൽ തടഞ്ഞത് പലസ്തീൻകാരെ പ്രതിസന്ധിയിലാക്കി, അവർക്ക് വെള്ളമെത്തുന്നുണ്ടോ? തുർക്കികൾ ഡാമുകൾ കൈയേറിയതോടെ സിറിയയിലെ ജനങ്ങൾ ബുദ്ധിമുട്ടിലായി പലായനംചെയ്യുകയല്ലേ? മുല്ലപ്പെരിയാർപ്രശ്നം, വികസനം സൃഷ്ടിച്ച പ്രതിസന്ധികൂടിയാണ്.
കാത്തുകൊള്ളുക സമൃദ്ധിയെ
സമൃദ്ധമായതിനെയാണ് കൂടുതൽ സംരക്ഷിക്കേണ്ടത്. കാരണം അത് നമ്മുടെ ജീവിതത്തോട് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. ഒരാൾ ധനികനാണെങ്കിൽ, അയാൾ പണം കൈകാര്യംചെയ്യുന്നതിൽ മറ്റുള്ളവരെക്കാൾ മികച്ചുനിൽക്കും. അയാൾക്ക് കൂടുതൽ ധനികനാകണമെന്നാകും ആഗ്രഹം. ജലവും അതുപോലെയാണ്. അത് സംരക്ഷിക്കുകയും സംഭരിക്കുകയും ചെയ്യണം. അത് കാര്യക്ഷമമായി ഉപയോഗിക്കാൻ പഠിക്കണം. എന്നാൽ, കേരളീയർ ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തെക്കുറിച്ച് ചിന്തിക്കുന്നേയില്ല. ജലസാക്ഷരത ഏറ്റവും ആവശ്യമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
ചെറുതിലേ തുടങ്ങാം പഠനം
പ്രൈമറിവിദ്യാഭ്യാസകാലംമുതൽ ജലം നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമാകണം. ഹൈസ്‌കൂൾ, കോളേജ് വിദ്യാഭ്യാസതലംവരെയും ഇത് തുടർന്നുപോകണം. പിന്നീട് വേണ്ടത് മാതൃകകളാണ്. ഞങ്ങൾ ജലം സംരക്ഷിക്കുന്നു, അത് കാര്യക്ഷമമായി ഉപയോഗിക്കുന്നു എന്ന് പുറത്തിറങ്ങി പറയുന്ന, ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം പ്രവൃത്തിയിൽ കാണിച്ചുകൊടുക്കുന്ന മാതൃകകൾ. അത് ഞാനോ നിങ്ങളോ ആകാം. വീട്ടുകാരോ അയൽക്കാരോ ആകാം. സർവകലാശാലകൾക്കകത്തുമാത്രം ജലസംരക്ഷണത്തെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. അവർ പുറത്തുവന്ന് സമൂഹത്തോട് സംസാരിക്കാൻ തയ്യാറാകണം. അതാണ് യഥാർഥ ജലസാക്ഷരതാപ്രസ്ഥാനം.
കേരളത്തിൽ എന്തുചെയ്യാം
കേരളത്തിൽ മുൻകാലങ്ങളിൽ മികച്ച ജലസംരക്ഷണമാർഗങ്ങൾ നിലനിന്നിരുന്നു. അതത് പ്രദേശത്തെ സമൂഹംതന്നെയാണ് ഇത് മുന്നോട്ടുനയിച്ചിരുന്നത്. എന്നാൽ, ഇന്ന് ജലസംരക്ഷണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിൽ കേരളത്തിലെ പൊതുസമൂഹത്തിന് വലിയ പങ്കില്ലാതായിരിക്കുന്നു. ആ അധികാരം സർക്കാരുദ്യോഗസ്ഥരുടെ കൈയിലാണ്. ആ ഉദ്യോഗസ്ഥർക്ക് സാമൂഹികക്ഷേമത്തിൽ താത്പര്യമുണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ ഇത്രയേറെ മഴ ലഭിച്ചിട്ടും 44 നദികളുണ്ടായിട്ടും കേരളവും ഇന്ന് ജലക്ഷാമത്തെ അഭിമുഖീകരിക്കുകയാണ്.
കേരളം രാസകീടനാശിനിപ്പിടിയിൽ
കേരളത്തിലെ ജലത്തെ മലിനമാക്കുന്നതിൽ രാസകീടനാശിനികൾക്കുള്ള പങ്ക് വലുതാണ്. ഇത്തരം കീടനാശിനികളുപയോഗിച്ചുള്ള കൃഷി അവസാനിപ്പിക്കാൻ ശ്രമം നടത്തണമെന്നുണ്ട്. പക്ഷേ, ഇത് പുറത്തുനിന്ന് ഒരാൾക്ക് ഇടപെട്ട് മാറ്റംവരുത്താൻ സാധിക്കുന്ന കാര്യമല്ല. പരിസ്ഥിതിസംരക്ഷണം സമൂഹവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. സംസ്ഥാനത്തുള്ളവർതന്നെ മുന്നിട്ടിറങ്ങിയാലേ ഇവിടെ മാറ്റങ്ങൾവരുത്താൻ സാധിക്കൂ.
Content Highlights: water conservation methods should be implemented according to one areas diversity
Published: 05 Jun 2025, 09:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented