
'നാഗരസം...' അത് പഴയ മഹാഭാരതം കഥയില്‍ ദുര്യോധനന്റെ വിഷച്ചോറുണ്ട് ബോധംകെട്ട്, പുഴയിലെറിയപ്പെട്ട്, നാഗലോകത്ത് എത്തിയ ഭീമസേനന് നാഗങ്ങള്‍ കുടിക്കാന്‍ കൊടുത്ത.. കുടിച്ചാല്‍ ആയിരം ആനയുടെ ശക്തിയുണ്ടാകുന്ന ഔഷധമാണ്.. ഇവിടെ, ഇത് നാഗങ്ങളെക്കുറിച്ചുള്ള അറിവിന്റെ രസവും. ഇന്ന് ലോക പാമ്പുദിനം. പാമ്പുകളെക്കുറിച്ചുള്ള കൗതുകകരമായ ചില കാര്യങ്ങളറിഞ്ഞാലോ...
1. കഥാനാഗരസം..
കഥയിലെ പാമ്പുകള്‍ പലതും കഥ കഴിഞ്ഞാലും നമ്മുടെ തലച്ചോറില്‍ നിന്ന് ഇഴഞ്ഞിറങ്ങാന്‍ കൂട്ടാക്കാത്തവയാണ്. ഗ്രീക്ക് ഇതിഹാസങ്ങളിലെ മെഡൂസയായും ബൈബിളില്‍ വിഷക്കനിയൂട്ടിയ പാമ്പായും കദ്രുവിന്റെ മക്കളായും സര്‍പ്പസത്രമായും അഷ്ടനാഗങ്ങളായുമൊക്കെ മാത്രമല്ല, ഹാരിപോട്ടര്‍ കഥകളില്‍ ചേംബര്‍ ഓഫ് സീക്രട്ട്‌സിലെ ബാസിലിസ്‌ക് ആയിപ്പോലും അവ ഇപ്പോഴും നമ്മുടെ തലച്ചോറില്‍ ഇഴയുന്നുണ്ട്. ഭാരതീയ തത്വശാസ്ത്രപ്രകാരം 'കാലം' തന്നെ 'അഹി' (പാമ്പ്) ആണല്ലോ!
2. ചരിത്രനാഗരസം..
ഇവിടെ ഒന്നാം സ്ഥാനം പുരാതന ഗ്രീസിലെ അസ്‌ക്‌ളീപിയസിനാണ്, അപ്പോളോയുടെ മകന്‍. അസ്‌ക്‌ളീപിയോണുകള്‍ എന്നറിയപ്പെട്ട ചികിത്സാക്ഷേത്രങ്ങളില്‍ മക്കളായ ഹൈജിയയോടും (അത് ആരോഗ്യമാണ്) പനേഷ്യയോടുമൊപ്പം (അത് മരുന്നാണ്) അസ്‌കുലേപിയന്‍ പാമ്പുകളെ (Zamenis longissimus) ഉപയോഗിച്ച് രോഗികളെ ചികിത്സിച്ച ആളാണ് അസ്‌ക്‌ളീപിയസ്. ആശുപത്രി എന്ന വാക്കിനും ഡോക്ടര്‍മാരുടെ തൊഴില്‍ചിഹ്നത്തിനും പോലും കാരണക്കാരനായ ആള്‍.
Read more at: മഴക്കാലത്തുമാത്രം ഇര തേടി പുറത്തിറങ്ങുന്ന ഇത്തിരിക്കുഞ്ഞന്‍; പശ്ചിമഘട്ടത്തില്‍ പുതിയ ഇനം പാമ്പ്..
3. പരിണാമനാഗരസം..
പിന്‍കാലുകളുള്ള നജാഷ് (Najash rionegrina) എന്ന പാമ്പായി അര്‍ജന്റീനയില്‍ രൂപംപ്രാപിച്ച് പിന്നീട് വംശനാശം വന്ന പാമ്പുകളെയാണ് ഇന്നത്തെ പാമ്പുകളുടെ മുതുമുത്തച്ഛനായി കരുതപ്പെടുന്നത്. നജാഷാവട്ടെ ആദ്യകാല ഉരഗജീവിയായ മെസോസോറുകളില്‍ നിന്ന് പരിണമിച്ചവയാണെന്ന് പറയപ്പെടുന്നു.
4. ശാസ്ത്രനാഗരസം..
മാളങ്ങളില്‍ ജീവിക്കുന്നവയ്ക്ക് കയ്യും കാലും തടസ്സമാണല്ലോ. അതുകൊണ്ട് ക്രമേണ, പാമ്പുകളുടെ പൂര്‍വികര്‍ക്ക് കയ്യും കാലും ഇല്ലാതായി. (ഇതിന് തെളിവാണ് ഇന്നും പെരുമ്പാമ്പുകളില്‍ കാണുന്ന അവശിഷ്ടപാദങ്ങള്‍ - Pelvic spur). പിന്നെ, ശരീരം മെലിഞ്ഞുനീണ്ട് കുഴല്‍പോലെയായി. ആന്തരാവയവങ്ങളും അതിനനുസരിച്ച് നീളമുള്ളവയായി. മാളത്തിനുള്ളിലെ മണ്ണും കല്ലും കൊണ്ട് ശരീരം മുറിയാതിരിക്കാന്‍ അവ ശരീരത്തിനു പുറമേ ശല്‍കങ്ങളുടെ കെരാറ്റിന്‍ കുപ്പായമിട്ടു. കണ്‍പോളയില്ലാത്ത കണ്ണില്‍ മണ്ണുവീഴാതിരിക്കാന്‍ 'ബ്രില്‍' എന്ന സുതാര്യമായ കണ്ണടവെച്ചു...
5. വൈവിദ്ധ്യനാഗരസം..
കയ്യും കാലും ഇല്ലാതായ പാമ്പുകള്‍ ജീവസന്ധാരണത്തിനായി പലതരം ആവാസവ്യവസ്ഥകളില്‍ ജീവിക്കാന്‍ തുടങ്ങി. വെള്ളത്തില്‍ ജീവിക്കുന്നവ (aquatic), കരയില്‍ ജീവിക്കുന്നവ (terrestrial) എന്നിങ്ങനെ ആദ്യം രണ്ടായി മാറിയവയില്‍ വീണ്ടും തരംതിരിവുകള്‍ വന്നു. അങ്ങനെ വെള്ളത്തില്‍ ജീവിക്കുന്നവ ശുദ്ധജലത്തില്‍ ജീവിക്കുന്നവയും ഉപ്പുവെള്ളത്തില്‍ ജീവിക്കുന്നവയുമായി തിരിഞ്ഞു. കരയില്‍ ജീവിക്കുന്നവയില്‍ വൈവിദ്ധ്യം വളരെയധികം കൂടുകയും മണ്ണിനു മുകളില്‍ ജീവിക്കുന്നവയും മണ്ണിനടിയില്‍ ജീവിക്കുന്നവയും മരത്തില്‍ ജീവിക്കുന്നവയും മരുഭൂമിയില്‍ ജീവിക്കുന്നവയും ഒക്കെയായി മാറുകയും ചെയ്തു.
6. വിഷനാഗരസം..
നമുക്ക് വായില്‍ ഉമിനീരുപോലെയാണ് പാമ്പിന് വിഷം. ആഹാരം ദഹിപ്പിക്കലാണ് അതിന്റെ പ്രധാനപണി. വീര്യം കൂടിയ ഉമിനീരുള്ളവയെ നമ്മള്‍ വിഷപ്പാമ്പുകളെന്നും വീര്യം കുറഞ്ഞ ഉമിനീരുള്ളവയെ വിഷമില്ലാത്തവയെന്നും വിളിക്കുന്നു. ഈ വീര്യവര്‍ദ്ധനയ്ക്ക് ഇരയുടെ തരം, ഭൂമിശാസ്ത്രപരമായ പ്രത്യേകത തുടങ്ങി പലകാരണങ്ങളുണ്ട്. ആദ്യകാലത്ത് ചേരയൊക്കെ ഉള്‍പ്പെട്ട 'കൊളുബ്രിഡേ ' കുടുംബത്തിലെ പല പാമ്പുകള്‍ക്കും വിഷമുണ്ടായിരുന്നെന്നും ഇപ്പോള്‍ അവയില്‍ പലതും വീണ്ടും വിഷമുള്ളവയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കു എന്നുമൊക്കെയാണ് കേണല്‍ ഫ്രാങ്ക് വാള്‍ പറയുന്നത്.
എന്തായാലും വീര്യം കൂടിയ ഉമിനീരുള്ളവയ്ക്ക് ഡുവര്‍നോയ്‌സ് ഗ്‌ളാന്‍ഡ് എന്നറിയപ്പെടുന്ന പ്രത്യേകതരം ഉമിനീര്‍ (വിഷ) ഗ്രന്ഥികളും അവയില്‍ നിന്ന് ആ ദഹനരസം പല്ലുകളിലെത്തിക്കാനുള്ള കുഴലുകളുമുണ്ട്. നൂറുകണക്കിന് സങ്കീര്‍ണമായ രാസവസ്തുക്കളുടെ വലിയ തന്മാത്രകള്‍ അടങ്ങിയിട്ടുള്ളവയാണ് പാമ്പുവിഷം. ഇത്തരം തന്മാത്രകളാണ് ഇരയുടെ രക്തചംക്രമണവ്യവസ്ഥയുടേയും ശ്വസനവ്യവസ്ഥയുടേയും മറ്റും താളം തെറ്റിച്ച് അതിനെ കൊല്ലുന്നതും ഇരയെ ദഹിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നതും.
Read more at: ഷാജിയുടെ 'ഈറ്റില്ല'ത്തില്‍ വിരിഞ്ഞിറങ്ങി.. രാജവെമ്പാലയുടെ 16 കുഞ്ഞുങ്ങള്‍...
7. വൈദ്യനാഗരസം..
നമ്മുടെ നാട്ടില്‍ രണ്ടുതരം ചികിത്സാരീതികളായിരുന്നു പണ്ട് പ്രധാനമായും നിലവിലുണ്ടായിരുന്നത്. വിഷവൈദ്യവും വിഷവിദ്യയും. വിഷവൈദ്യത്തില്‍ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയും വിഷവിദ്യയില്‍ മന്ത്രചികിത്സയും ആയിരുന്നു. പാമ്പുവിഷത്തിന് പച്ചമരുന്നും മറ്റും ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമല്ലെന്ന് ഇന്ന് നമുക്കറിയാം. വിഷവിദ്യയിലെ മന്ത്രപ്രയോഗത്താല്‍ കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കുന്ന കോടിക്കരുത്ത്, കീരിക്കരുത്ത്, പാമ്പിന്‍കരുത്ത്, പക്ഷിക്കരുത്ത് തുടങ്ങിയ വിദ്യകള്‍ രസകരമായ കഥകളെന്നതിലുപരി യാതൊരു വിലയുമില്ലാത്തതാണെന്നും. ഇതുകൂടാതെ കോഴിചികിത്സ, വിഷക്കല്ല് ചികിത്സ.. അങ്ങനെ തികച്ചും നിഷ്പ്രയോജനകരമായ കുറെയേറെ ചികിത്സാരീതികളുമുണ്ട്.
എല്ലാം കഴിഞ്ഞ് ഇപ്പോള്‍ ആന്റിവെനം ഉപയോഗിച്ചുള്ള തികച്ചും പ്രയോജനകരമായ ചികിത്സാപദ്ധതി നിലവില്‍ വന്നിരിക്കുന്നു. ആദ്യം കടിച്ച പാമ്പിന്റെ ഇനം തിരിച്ചറിഞ്ഞ് കൊടുത്തിരുന്ന മോണോവാലന്റ് ആന്റിവെനം മാറി ഇപ്പോള്‍ പ്രധാനപ്പെട്ട ഇനത്തിലുള്ള വിഷപ്പാമ്പുകളുടെയെല്ലാം വിഷത്തിന് ഒരുപോലെ ഫലപ്രദമാകുന്ന പോളിവാലന്റ് ആന്റിവെനം നിലവില്‍ വന്നിരിക്കുന്നു. പുതിയ ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും അതിവേഗം ഈ കാര്യത്തില്‍ ഇപ്പോഴും നടന്നുകൊണ്ടുമിരിക്കുന്നു.
ജീവനാഗരസം...
മനുഷ്യനുണ്ടാകുന്നതിന് എത്രയോ ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ഡൈനസോറുകള്‍ക്കൊപ്പം ഭൂമിയിലുണ്ടായവയാണ് പാമ്പുകള്‍. അതായത് ഏകദേശം 145 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്. അവിടെനിന്ന് എത്രയോ ഏറെ പരിണാമപരീക്ഷകള്‍ അഭിമുഖീകരിച്ച് ജയിച്ചുകയറിയാണ് അവ ഇന്ന് നമ്മളോടൊപ്പം ഭൂമിയില്‍ ജീവിക്കുന്നത്. നമ്മള്‍ അവരുടെ ഇരയല്ല. അതുകൊണ്ടുതന്നെ എത്രവിശന്നാലും അവ നമ്മെ വേട്ടയാടുകയുമില്ല. അതേസമയം നമ്മുടെ ധാന്യങ്ങളുടെ നല്ലൊരു പങ്ക് തിന്നൊടുക്കുന്ന എലികള്‍ അവരുടെ ഇരയാണ്. അവരുടെ ഇരയെ നമ്മള്‍ ആകര്‍ഷിക്കാതിരുന്നാല്‍, അവരുടെ ആവാസങ്ങളിലേക്ക് കടന്നുകയറി നമ്മളവരെ ശല്യം ചെയ്യാതിരുന്നാല്‍, അവരും നമ്മളും, പ്രകൃതി അനുവദിക്കുന്ന കാലത്തോളം ഇനിയും ഒരുമിച്ചു ജീവിച്ചുകൊള്ളും. അവരും നമ്മളെപ്പോലെ ഭൂമിയുടെ അവകാശികള്‍ തന്നെയാണ്...
Content Highlights: world snake day interesting facts about snakes
Published: 16 Jul 2024, 02:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented