
മഞ്ഞുപുതച്ച താഴ്വര, അവിടേയ്ക്ക് വീണ്ടും വീണ്ടും പൊഴിഞ്ഞുകൊണ്ടിരിക്കുന്ന മഞ്ഞുതുള്ളികള്‍. സിനിമകളും റീലുകളും മനസിൽ നിറച്ച ഈ സ്വർഗീയാനുഭവം തേടിയാണ് പതിനായിരങ്ങൾ കശ്മീരിനെ തേടി പിന്നെയും പിന്നെയും വന്നുകൊണ്ടിരുന്നത്. പക്ഷേ, ഇപ്പോൾ കശ്മീരെന്ന സ്വപ്നഭൂമിയിലെത്തുന്നവർ ചോദിക്കുന്നത് ഒരൊറ്റ ചോദ്യമാണ്. 'എവിടെ നമ്മൾ സ്വപ്നം കണ്ട, നമ്മൾ തേടിവന്ന ആ മഞ്ഞ്'? മഞ്ഞുപുതച്ച മലനിരകളും താഴ്വരകളും കശ്മീരിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. പകരം ഏതൊരു ഉത്തരേന്ത്യന്‍ നഗരത്തിലും കാണാവുന്ന മനംമടുപ്പിക്കുന്ന ചാരക്കുന്നുകൾ. പ്രതീക്ഷിച്ചതിന് നേര്‍വിപരീതമായ കാഴ്ച. മഞ്ഞുവീഴ്ചയില്ലാതായതോടെ വരണ്ടുണങ്ങിയ കാശ്മീര്‍ കണ്ട് നിരാശരായി മടങ്ങാൻ വിധിക്കപ്പെട്ടവരാണ് ഇപ്പോൾ സഞ്ചാരികൾ. അവരിലേറെപ്പേരും കശ്മീരിനെ ഉപേക്ഷിച്ച് മറ്റ് ഹിൽസ്റ്റേഷനുകൾ തേടിപ്പോവാനും തുടങ്ങിയിരിക്കുന്നു. വലിയൊരു ഇടവേളയ്ക്കുശേഷം പച്ചപിടിച്ച താഴ്വരയിലെയും മലനിരകളിലെയും വിനോദസഞ്ചാരമേഖലയും പ്രകൃതിയുടെ ഈ പ്രതിഭാസത്തിന് മുന്നിൽ വിറങ്ങലിച്ചുനിൽക്കുകയാണ് ഇപ്പോൾ.
25ാം തിയ്യതിയോടെ കശ്മീരിൽ വീണ്ടും മഞ്ഞുവീണു തുടങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന പ്രതീക്ഷ. പക്ഷേ, അതുകൊണ്ട് പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെടുന്നില്ല. മഞ്ഞില്ലാത്ത ഒരു ശൈത്യകാലം കടന്നുപോകുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ കശ്മീരിനെ വല്ലാതെ വേട്ടയാടും. ജലലഭ്യത, കൃഷി, സമ്പദ് വ്യവസ്ഥ തുടങ്ങി നിരവധി മേഖലകളെ മഞ്ഞുവീഴ്ചയുടെ അപര്യാപ്തത പ്രതികൂലമായി തന്നെ ബാധിക്കും.
മഞ്ഞുമില്ല, മഴയുമില്ല...
ജമ്മു കശ്മീരിലും ലഡാക്കിലും ശീതകാല മഴ പ്രധാനമായും മഞ്ഞുവീഴ്ചയുടെ രൂപത്തിലാണ് ലഭിക്കാറുള്ളത്. സാധാരണയായി, ഡിസംബറിന്റെ ആദ്യ പകുതിയോടെ ആരംഭിക്കുന്ന മഞ്ഞുവീഴ്ച ജനുവരി വരെ തുടരും. എന്നാല്‍ ഈ സീസണില്‍ ഭൂരിഭാഗം ദിവസങ്ങളും വരണ്ടുകിടക്കുകയാണ്. കശ്മീരില്‍ ഓരോ വര്‍ഷം കഴിയുംതോറും മഞ്ഞുവീഴ്ചയില്‍ കുറവ് രേഖപ്പെടുത്താറുണ്ടെങ്കിലും ഈ വര്‍ഷത്തെ സാഹചര്യം ശരിക്കും ആശങ്കയുണ്ടാക്കുന്നതാണ്.
ഹിമാലയത്തിലെ പിര്‍ പഞ്ചല്‍ പര്‍വതനിരകളിലെ പ്രശസ്തമായ സ്‌കീ റിസോര്‍ട്ടായ ഗുല്‍മാര്‍ഗ് പോലുള്ള പ്രദേശങ്ങള്‍ ഈ വര്‍ഷം അസാധാരണമായി വരണ്ടിരിക്കുകയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. നേപ്പാള്‍ മുതല്‍ ഹിന്ദുകുഷിലെ ഇന്ത്യന്‍ പ്രദേശം വരെ മഞ്ഞുവീഴ്ചയില്ലാത്ത പര്‍വതശിഖരങ്ങളാണ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഡിസംബറില്‍ ജമ്മു കശ്മീരിലെ മഞ്ഞുവീഴ്ചയില്‍ 80 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ പോര്‍ട്ടലായ വേള്‍ഡ് വെതര്‍ ഓണ്‍ലൈനിന്റെ കണക്കനുസരിച്ച് ജനുവരിയില്‍ ശരാശരി 130.61 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ച കാണുന്ന പ്രദേശത്ത് ഈ വര്‍ഷം ഇതുവരെ മഞ്ഞുവീഴ്ചയേ ഉണ്ടായിട്ടില്ല. ഈ രണ്ടു മാസങ്ങളില്‍ ലഡാക്കിലും മഴയോ മഞ്ഞോ ഉണ്ടായിട്ടില്ല. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും സമാനമായ സാഹചര്യമാണ്.
വെല്ലുവിളിയാകുന്നത് കാലാവസ്ഥാ വ്യതിയാനം...
കാലാവസ്ഥാ വ്യതിയാനത്തിന്റെയും എല്‍ നിനോയുടെയും പരസ്പര ബന്ധമാണ് കശ്മീരില്‍ മഞ്ഞുവീഴ്ച ഇല്ലാതായതിനുള്ള പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥാ പ്രതിസന്ധിയും ആഗോളതാപനവും ഈ മേഖലയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ കൂടുതല്‍ വഷളാക്കുകയാണ്. ഇതോടെ അസ്ഥിരവും പ്രവചനാതീതവുമായ കാലാവസ്ഥയ്ക്കാണ് പ്രദേശം സാക്ഷ്യം വഹിക്കുന്നത്. ഈ വര്‍ഷം മഞ്ഞുവീഴ്ചയില്ലെന്ന് കരുതി അടുത്ത വര്‍ഷവും ഇതാവര്‍ത്തിക്കുമെന്ന് പറയാനാകില്ല. അടുത്തവര്‍ഷം ചിലപ്പോള്‍ ശക്തമായ മഞ്ഞുവീഴ്ചക്കായിരിക്കും കശ്മീര്‍ സാക്ഷ്യം വഹിക്കേണ്ടിവരിക.
പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനില, ശരാശരിയേക്കാള്‍ കൂടുതലാവുന്ന ഒരു ആഗോള കാലാവസ്ഥാ പ്രതിഭാസമാണ് എല്‍ നിനോ. ലോകമെമ്പാടുമുള്ള കാലാവസ്ഥയെ സ്വാധീനിക്കുന്ന ഇവ ഇന്ത്യയില്‍ പ്രധാനമായും മണ്‍സൂണ്‍ സംവിധാനത്തെയാണ് ബാധിക്കുന്നത്. ഒരേ സമയം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴ കുറയുന്നതിനും മറ്റു ചില സ്ഥലങ്ങളില്‍ ശക്തമായ മഴ കാരണം വെള്ളപ്പൊക്കത്തിനും ഈ പ്രതിഭാസം കാരണമാകും. ഉദാഹരണത്തിന്, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ, നൂറ്റാണ്ടിലെ ഏറ്റവും വരണ്ട കാലാവസ്ഥയ്ക്ക് ഉത്തരേന്ത്യ സാക്ഷ്യം വഹിച്ചപ്പോള്‍ ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴയും മണ്ണിടിച്ചിലുമായിരുന്നു അനുഭവപ്പെട്ടിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിലനില്‍ക്കുന്ന എല്‍ നിനോ പ്രതിഭാസം വരും മാസങ്ങളിലും തുടരും. ഇത് പ്രദേശത്തെ മഴയെയും മഞ്ഞിനെയും സാരമായി ബാധിക്കും.
പകലും രാത്രിയുമെന്ന വ്യത്യാസമില്ലാതെ മലനിരകളിലെ താപനില കുതിച്ചുയരുന്നതും മഞ്ഞുവീഴ്ച കുറയുന്നതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ ആഗോള ശരാശരിയായ 0.74 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ വളരെ കൂടുതലാണ് ഹിമാലയത്തിലെ ചൂടെന്നാണ് ഹിന്ദുകുഷ് ഹിമാലയ അസസ്സ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സമതലങ്ങളേക്കാള്‍ ഉയരമുള്ള പ്രദേശങ്ങളിലാണ് താപനിലയില്‍ കൂടുതല്‍ വര്‍ധനവ് ഉണ്ടാകുന്നത്.

പ്രധാനമായും വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സുകളാണ് മണ്‍സൂണിനു മുന്‍പും ശൈത്യകാലങ്ങളിലും ഉത്തരേന്ത്യയില്‍ മഴ പെയ്യുന്നതിനു കാരണം. അഫ്ഗാനിസ്താനും ഇറാനും അപ്പുറത്തുനിന്നും ഉത്ഭവിച്ച്, മെഡിറ്ററേനിയന്‍ കടലില്‍ നിന്നും അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നും ഈര്‍പ്പം ശേഖരിച്ച്, മഴമേഘങ്ങളെയും വഹിച്ചുക്കൊണ്ട് കിഴക്കോട്ട് നീങ്ങുന്ന കാറ്റാണിത്. ഇവ ഹിമാലയത്തിലേക്ക് അടുക്കുമ്പോള്‍ ഈര്‍പ്പമുള്ള വായു മുകളിലേക്ക് ഉയരാന്‍ തുടങ്ങും. ഉയരത്തിലേക്ക് പോകുംതോറും ഈ വായു തണുക്കുകയും ഘനീഭവിക്കുകയും ചെയ്ത് മേഘങ്ങള്‍ രൂപപ്പെടും. ഇതാണ് പിന്നീട് മഞ്ഞായി പെയ്യുന്നത്.
ശൈത്യകാലത്ത്, ഓരോ മാസവും ശരാശരി നാലോ ആറോ വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സുകള്‍ സംഭവിക്കാറുണ്ട്. ഈ സീസണില്‍ ഡിസംബറില്‍ ഒന്നുണ്ടായിരുന്നെങ്കിലും വളരെ ദുര്‍ബലമായതിനാല്‍ മഴ ലഭിച്ചില്ല. വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സുകള്‍ സമീപകാലത്ത് കുറഞ്ഞുവരുന്ന പ്രവണതയുണ്ട്. ചില വര്‍ഷങ്ങളില്‍, സാധാരണയായി അഞ്ചോ ആറോ ഉണ്ടാവാറുള്ളിടത്ത് രണ്ടോ മൂന്നോ ആയി ചുരുങ്ങി. ഇക്കാരണത്താല്‍, വടക്കന്‍ പ്രദേശങ്ങളിലെ ശൈത്യകാല മാസങ്ങളില്‍ ആകെ ലഭിക്കുന്ന മഴയുടെ അളവിലും കുറവു വന്നതായി അന്തരീക്ഷ ശാസ്ത്രജ്ഞനായ എ പി ഡിമ്രി വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു വര്‍ഷത്തിനിടെ വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സുകള്‍ ആവര്‍ത്തിയില്‍ 43 ശതമാനം കുറവ് വന്നിട്ടുണ്ട്.
അതിവേഗം അപ്രത്യക്ഷമാകുന്ന പച്ചപ്പ്, വിഭവങ്ങളുടെ അമിതമായ ചൂഷണം, ആസൂത്രിതമല്ലാത്ത നഗരവല്‍ക്കരണം, കാര്‍ഷിക ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്കായി പരിവര്‍ത്തനം ചെയ്യുന്നത്, നഗരങ്ങളിലും പട്ടണങ്ങളിലും ഭൂമി ലഭ്യമല്ലാത്തതിനാല്‍ വനമേഖലകളിലേക്കുള്ള ആളുകളുടെ കുടിയേറ്റം എന്നിവയെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന് നേരിട്ടോ അല്ലാതെയോ കാരണമാകുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം.
ഇതിനിടെ മലിനീകരണം കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേകിച്ച് പാരിസ്ഥിതികമായി ദുര്‍ബലമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊക്കെ പ്രാദേശിക ഭരണകൂടത്തിന്റെ പരാജയമാണ് മഞ്ഞുവീഴ്ച ഇല്ലാതിരിക്കുന്നതിന് പിന്നിലെ കാരണമെന്ന് ചില ഗുല്‍മാര്‍ഗ് നിവാസികളും കുറ്റപ്പെടുത്തുന്നുണ്ട്.
അസാധാരണമെങ്കിലും ആദ്യമല്ല...
കശ്മീരിലെ മഞ്ഞുവീഴ്ചയിലുണ്ടായ കുറവ് പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി കശ്മീരിലെ കാലാവസ്ഥയില്‍ പ്രവചനാതീതതമായ വര്‍ധനവ് ഉണ്ടാകുന്നുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. എല്ലാ വര്‍ഷവും ഡിസംബര്‍ 21ന് ആരംഭിച്ച് 40 ദിവസത്തോളം നീണ്ട ഏറ്റവും കഠിനമായ ശീതകാലമായ 'ചില്ലൈ കലന്‍' സമയത്താണ് ഇപ്പോള്‍ മഞ്ഞുവീഴ്ചയില്‍ വലിയ കുറവുണ്ടാകുന്നത്. സമീപ വര്‍ഷങ്ങളിലായി നവംബറിന്റെ തുടക്കത്തിലോ, ശൈത്യകാലത്തിന്റെ അവസാനമായ ഫെബ്രുവരിയിലോ ആണ് മഞ്ഞുവീഴ്ച കൂടുതലായി അനുഭവപ്പെടുന്നത്.
2014 മുതല്‍ മഞ്ഞുവീഴ്ചയില്ലാത്ത മൂന്ന് ചില്ലൈ കലനുകള്‍ക്ക് കശ്മീര്‍ സാക്ഷ്യം വഹിച്ചുക്കഴിഞ്ഞു. ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ ശരാശരി താപനില വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ടെന്നും അതിനാല്‍ ജലബാഷ്പം മഞ്ഞുവീഴ്ചയായി മാറുന്നില്ലെന്നുമാണ് കശ്മീര്‍ സര്‍വകലാശാലയിലെ ജിയോ ഇന്‍ഫോര്‍മാറ്റിക്സ് വിഭാഗത്തിലെ ഡോ.ഇര്‍ഫാന്‍ റാഷിദ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ ആഭിമുഖത്തില്‍ പറയുന്നത്.
1998ലും 2016ലും ഗുല്‍മാര്‍ഗിന് വരണ്ട വര്‍ഷങ്ങളായിരുന്നുവെന്നാണ് ലേ-ലഡാക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പങ്കുവെച്ച ഡാറ്റയില്‍ വ്യക്തമാക്കുന്നത്. എല്‍ നിനോയുടെ സ്വാധീനം ഇല്ലാതിരുന്നിട്ടുപോലും 2022 ഡിസംബര്‍, 2018 ഡിസംബര്‍- ജനുവരി, 2015 ജനുവരി, 2014 ഡിസംബര്‍, 1998 ഡിസംബര്‍- ജനുവരി, 1992 ഡിസംബർ-തുടങ്ങിയ സമയങ്ങളിലെ ശൈത്യകാലവും വരണ്ടതായിരുന്നുവെന്ന് കേന്ദ്ര കലാവസ്ഥാ വകുപ്പിന്റെ ശ്രീനഗര്‍ കേന്ദ്രത്തിലെ ചീഫ് മുഖ്തര്‍ അഹ്‌മദ് ഒരു മാധ്യമത്തോട് പറഞ്ഞിരിക്കുന്നത്.

വെള്ളവും കൃഷിയും പ്രതിസന്ധിയില്‍
ഉരുകുന്ന ഹിമാനികളും മഞ്ഞുമാണ് ഇൻഡോ-ഗംഗാ സമതലത്തിലെ പ്രധാന ജലസ്രോതസ്സ്. താഴ്വരയിലെ നദികളായ ഝലം, ചെനാബ്, സിന്ധ് എന്നിവയുടെയെല്ലാം പ്രധാന ജലസ്രോതസ്സ് ഹിമാലയമാണ്. അതുകൊണ്ട് തന്നെ ഹിമാലയത്തില്‍ മഞ്ഞുവീഴ്ച കുറയുമ്പോള്‍ താഴ്വരയിലെ നദികളിലെയും വെള്ളം കുറയും. ഭൂഗര്‍ഭജല സംഭരണത്തെയും ഇത് പ്രതികൂലമായി ബാധിക്കും. മഞ്ഞുകള്‍ ഉരുകി ഹിമാചലിലുണ്ടാകുന്ന ചെറിയ അരുവികളും ഇല്ലാതെയാകും.
മഞ്ഞുവീഴ്ചയുടെയും മഴയുടെയും അഭാവത്തില്‍ ഉപരിതല ജലസ്രോതസ്സുകളിലൊന്നും വെള്ളമില്ല. കുറഞ്ഞ മഞ്ഞുവീഴ്ചയും ഉയര്‍ന്ന താപനിലയും കാരണം, ഝലത്തിന്റെ രണ്ട് പോഷകനദികളായ ലിഡര്‍, സിന്ധ് നദികളെ പോഷിപ്പിക്കുന്ന കോലാഹോയ് ഹിമാനികള്‍ 1962 മുതല്‍ ഏകദേശം 23% ആണ് ചുരുങ്ങിയത്. കഴിഞ്ഞ ദശകത്തില്‍, കശ്മീരിന്റെ പല ഭാഗങ്ങളിലും വരള്‍ച്ച പോലുള്ള സാഹചര്യം പലതവണ ഉണ്ടായിട്ടുണ്ട്.
കശ്മീരിലെ നീണ്ട വരണ്ട കാലാവസ്ഥ, ഇവിടത്തെ തോട്ടങ്ങളെയും ഫലവിളകളെയും പ്രതികൂലമായി ബാധിക്കുകയും ഇത് കാര്‍ഷിക ഉല്‍പാദനക്ഷമതയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. പ്രദേശത്തെ ആപ്പിളുകള്‍ പഴുക്കുന്നതും ഈ മഞ്ഞുവീഴ്ചയ്ക്ക് അനുസരിച്ചാണ്. 2018 ലെയും 2019 ലെയും നവംബര്‍ ആദ്യവാരത്തിലുണ്ടായ വ്യാപകമായ മഞ്ഞുവീഴ്ച കശ്മീരിലെ ആപ്പിള്‍ തോട്ടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതിന് കാരണമായിരുന്നു.
കശ്മീരിലെ ജനങ്ങളുടെ പ്രധാന ഭക്ഷണമാണ് അരി. ജൂണ്‍ മുതല്‍ സെപ്റ്റംബറിലെ വിളവെടുപ്പ് വരെയുള്ള വളര്‍ച്ചാ കാലയളവില്‍ നെല്‍കൃഷിക്ക് ജലസേചനം ആവശ്യമാണ്. വേനല്‍ക്കാലത്ത് ജലസേചന സൗകര്യങ്ങളുടെ കുറവ് വിളകളുടെ ഉല്‍പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കും. ഇതുമൂലം കൃഷിയെയും മറ്റ് അനുബന്ധ മേഖലകളെയും ആശ്രയിച്ചു കഴിയുന്ന ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും ഉപജീവനവും പ്രതിസന്ധിയിലാകും.
പ്രദേശത്ത് കാട്ടുതീകള്‍ കൂടുന്നതിനും വരണ്ട കാലാവസ്ഥ ഇടവരുത്തും. ഈ സാഹചര്യത്തില്‍ വിളകള്‍ നേരത്തെ പൂവിടുന്നതിനാല്‍ വിള കുറയുന്നതിനും കാരണമാകും. ശീതകാല മഞ്ഞ് മണ്ണിന്റെ സ്ഥിരമായ ഈര്‍പ്പത്തിന്റെ ഉറവിടമാണ്, ഇത് ശൈത്യകാല വിളകള്‍ക്ക്, പ്രത്യേകിച്ച് പൂന്തോട്ടപരിപാലനത്തിന് അത്യന്താപേക്ഷിതമാണ്. മഞ്ഞുവീഴ്ചയുടെ അഭാവം പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായ ആപ്പിളിന്റെയോ കുങ്കുമപ്പൂവിന്റെയോ വിളവിനെ മോശമായി ബാധിക്കും.
പ്രാദേശിക വിനോദസഞ്ചാരത്തിനേറ്റ ഇരുട്ടടി...
മഞ്ഞുകാണാതെ സന്ദര്‍ശകര്‍ മടങ്ങിപ്പോവുകയും യാത്ര റദ്ദാക്കുകയും മറ്റും ചെയ്തപ്പോള്‍ ശരിക്കും പ്രതിസന്ധിയിലായത് വിനോദസഞ്ചാരത്തിന്റെ അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു. പ്രദേശത്തെ ഹോട്ടല്‍ ഉടമകള്‍, സ്കീയിംഗ് പരിശീലകര്‍, സ്ലീ റൈഡ് ഓപ്പറേറ്റര്‍മാര്‍, ഗൈഡുകള്‍ തുടങ്ങി നിരവധി പേരുടെ ഉപജീവനമാണ് വഴിമുട്ടിയത്. സാധാരണയായി ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ എല്ലാ ദിവസവും ബുക്കിങ് ഉണ്ടായിരുന്ന സ്‌കീ പരിശീലകരെല്ലാം മറ്റെന്തെങ്കിലും ജോലി അന്വേഷിക്കേണ്ടി വരുമോയെന്ന ചിന്തയിലാണ്.
കശ്മീരിലെ സമ്പദ്വ്യവസ്ഥ വിനോദസഞ്ചാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രദേശത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) 7 ശതമാനവും ഈ മേഖലയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 547 വിദേശികള്‍ ഉള്‍പ്പെടെ 95,989 വിനോദസഞ്ചാരികള്‍ ഗുല്‍മാര്‍ഗ് സന്ദര്‍ശിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ മാസത്തിന്റെ ആദ്യ പകുതിയിലെ ഔദ്യോഗികമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറഞ്ഞത് 60 ശതമാനമെങ്കിലും കുറവുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

2019-ല്‍ ന്യൂഡല്‍ഹി പ്രദേശത്തിന്റെ പ്രത്യേക പദവി എടുത്തുകളയുകയും മാസങ്ങള്‍ നീണ്ട സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത് കശ്മീരിലെ വിനോദസഞ്ചാരത്തെ സാരമായി ബാധിച്ചിരുന്നു. പിന്നാലെ വന്ന കോവിഡ് മഹാമാരിയും ലോക്ഡൗണും ഈ സ്ഥിതി സങ്കീര്‍ണമാക്കി. ഏകദേശം മൂന്ന് വര്‍ഷത്തെ ലോക്ഡൗണിന് ശേഷം 2022 ല്‍ ഏകദേശം 19 ദശലക്ഷം വിനോദസഞ്ചാരികളാണ് ഇവിടെയെത്തിയത്. 2023 സെപ്റ്റംബര്‍ അവസാനം വരെ 16.8 ദശലക്ഷം വിനോദസഞ്ചാരികള്‍ താഴ്വര സന്ദര്‍ശിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍. സത്യത്തില്‍ വര്‍ഷങ്ങള്‍ നീണ്ട നിരവധി പ്രതിസന്ധികള്‍ക്കുശേഷം വിനോദസഞ്ചാര മേഖല ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സീസണാണായിരുന്നു ഈ വര്‍ഷത്തേത്.
സ്‌കീയിങ്, സ്‌നോബോര്‍ഡിങ്, ഐസ് സ്‌കേറ്റിങ് തുടങ്ങിയ കളികളിലേര്‍പ്പെട്ട് വിനോദസഞ്ചാരികളും കായികപ്രേമികളും തിങ്ങിനിറഞ്ഞിരുന്ന ചരിവുകള്‍ ഇപ്പോള്‍ തരിശായി കിടക്കുകയാണ്. പ്രശസ്തമായ നാലാമത്തെ ഖേലോ ഇന്ത്യ ഗെയിംസ്, വിവിധ സ്‌കീ കോഴ്സുകള്‍ തുടങ്ങിയ ശൈത്യകാല ഗെയിമുകളെല്ലാം ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്.
ശൈത്യകാലത്തേക്കും ആഘോഷത്തിനുമായുള്ള എല്ലാ ഓരുക്കങ്ങളും നടത്തിയ ഗുല്‍മാര്‍ഗ് ഡെവലപ്പ്‌മെന്റ് അതോറിറ്റി പ്രകൃതിയുടെ ക്രൂരതയില്‍ നടുങ്ങിയിരിക്കുകയാണ്. പര്‍വതങ്ങളില്‍ ശരാശരി 30 മുതല്‍ 40 അടി വരെ (912) മീറ്റര്‍ വരെ ഉയരത്തില്‍ മഞ്ഞുണ്ടായിരുന്ന ഗുല്‍മാര്‍ഗില്‍ ഇന്നാകെയുള്ളത് മൂന്നടിയോളം മഞ്ഞുവീഴ്ച മാത്രമാണ്. അതേസമയം ഇവിടത്തെ പരമാവധി താപനില 13 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. സാധാരണ ഉണ്ടാവാറുള്ളതിനേക്കാള്‍ 10-12 ഡിഗ്രി കൂടുതലാണിത്.
വിനോദസഞ്ചാരികളുടെ പ്രധാന പ്രാദേശിക ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു പോണി റൈഡുകള്‍. എന്നാല്‍ ഇപ്പോള്‍ പോണികളെ നിയന്ത്രിക്കുന്ന പുരുഷന്മാര്‍ പകല്‍ മുഴുവന്‍ സ്റ്റാന്‍ഡില്‍ വെറുതെയിരിക്കുകയാണ്. പ്രദേശത്തെ നിരവധി ഹോട്ടലുകളില്‍ ബുക്കിങ്ങുകളും കൂട്ടത്തോടെ റദ്ദാക്കപ്പെടുകയായിരുന്നു.
ജനുവരി മാസത്തോടെ വരണ്ട കാലാവസ്ഥയ്‌ക്കൊരു മാറ്റമുണ്ടായില്ലെങ്കില്‍ ഫെബ്രുവരി ആദ്യവാരം ഗുല്‍മാര്‍ഗില്‍ നടക്കുന്ന ഇന്ത്യയുടെ വാര്‍ഷിക ദേശീയ ശീതകാല ഗെയിമുകള്‍ റദ്ദാക്കേണ്ടിവരും.
ഇനി കാത്തിരിപ്പ്...
ജനുവരി 25 മുതല്‍ കശ്മീരിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ചെറിയ അളവില്‍ മഞ്ഞുവീഴ്ച തുടങ്ങുമെന്നാണ് ഞായറാഴ്ച കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇത് ചിലപ്പോള്‍ രണ്ടുദിവസത്തേക്ക് കൂടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച വരെ വരണ്ട കാലാവസ്ഥ തുടരും. ജനുവരി 24, 25 തീയതികളില്‍ ഒറ്റപ്പെട്ട ഉയര്‍ന്ന പ്രദേശങ്ങളില്‍ നേരിയ മഞ്ഞിനും മേഘാവൃതമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ഡോ. മുക്താര്‍ അഹമ്മദ് റൈസിങ് കശ്മീരിനോട് പറഞ്ഞിരിക്കുന്നത്. ജനുവരി 27-28 വരെ ഈ കാലാവസ്ഥയായിരിക്കും ഉണ്ടായിരിക്കുക.
ജനുവരി അവസാനവാരം ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് 65% സാധ്യതയുണ്ടെന്ന് സ്വതന്ത്ര കാലാവസ്ഥാ നിരീക്ഷകന്‍ ആബിദ് മഖ്ബൂലും അറിയിച്ചിട്ടുണ്ട്. ജനുവരി അവസാന വാരത്തില്‍ പ്രധാനമായും സോനാമാര്‍ഗ്, ഗുല്‍മാര്‍ഗ്, പഹല്‍ഗാം എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നത്.
കാലാവസ്ഥാ വകുപ്പ് നല്‍കുന്ന പ്രവചനങ്ങളില്‍ വിശ്വസിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുന്ന എന്നല്ലാതെ മറ്റുവഴികളൊന്നും പ്രദേശവാസികള്‍ക്കോ വിനോദസഞ്ചാരമേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്കോ ചെയ്യാനില്ല. പലര്‍ക്കും ഉപജീവനമാണ് പ്രതിസന്ധിയിലായത്. ആഴ്ചകള്‍ക്കുള്ളില്‍ സഞ്ചാരികളെത്തിയാലും പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെടുന്നില്ല. വേനല്‍ക്കാലത്തെ ജലക്ഷാമത്തെ അവര്‍ എങ്ങനെ നേരിടുമെന്നത്, കൃഷിയിലുണ്ടായ നഷ്ടം എങ്ങനെ മെച്ചപ്പെടുത്തുമെന്നത് ഒരു ചോദ്യം തന്നെയാണ്.
പ്രത്യക്ഷത്തില്‍ അല്ലെങ്കിലും നിലവിലെ കശ്മീരിലെ അവസ്ഥയ്ക്ക് കാരണം നമ്മുടെ ചെയ്തികള്‍ തന്നെയാണ്. കാലങ്ങളായി പറഞ്ഞുക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനവും അതിന്റെ പ്രതിഫലനവും തന്നെയാണ് ഉണ്ടായിരിക്കുന്നത്. സ്വയം തിരുത്താന്‍ തയ്യാറാവാതിരിക്കുന്നിടത്തോളം ഇത്തരം അസാധാരണതത്വത്തെ കൂടി നേരിടാന്‍ പഠിക്കേണ്ടിവരും, ഇതിലും വലുത് പ്രതീക്ഷിക്കേണ്ടിവരും.
Content Highlights: kashmir without snowfall; the reason and effect
Published: 22 Jan 2024, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented