
ചിറ്റൂർ: ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. ഡിജിറ്റൽ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി കൃത്യംനടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് ഗൂഢാലോചനയുടെ ചുരുളഴിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ സൂളഗിരി സ്വദേശിയായ രമേഷ് (23) ആണ് കൊല്ലപ്പെട്ടത്.
പോലീസ് റിപ്പോർട്ടുകളനുസരിച്ച് രണ്ട് വർഷം മുമ്പാണ് രമേഷ് ശാന്തിപുരം സ്വദേശിനിയായ 19 വയസ്സുകാരി ഹാസിനിയെ വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് ഒരു മകളുണ്ട്. ഹൊസൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്തിരുന്ന രമേഷിന്റെ വിവാഹജീവിതത്തിൽ പറയത്തക്ക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ, ഹാസിനി തന്റെ ബാല്യകാല സുഹൃത്തായ യുഗന്ധർ (20) എന്നയാളുമായി പ്രണയത്തിലായിരുന്നതായി പോലീസ് പറയുന്നു.
ഇരുവരും ചേർന്നാണ് രമേഷിനെ വകവരുത്താൻ തീരുമാനിച്ചത്. ചൊവ്വാഴ്ച ഗുഡുപള്ളെ മണ്ഡലിലെ മല്ലപ്പ കൊണ്ടയിലുള്ള ശ്രീ മല്ലേശ്വരസ്വാമി ക്ഷേത്രം സന്ദർശിക്കാൻ എന്നുപറഞ്ഞാണ് ഹാസിനി രമേഷിനെ കൃത്യം നടന്ന സ്ഥലത്ത് എത്തിച്ചത്. 'രമേഷിനെ നിർബന്ധിച്ചാണ് ഹാസിനി ക്ഷേത്രത്തിലേക്ക് പോകാൻ സമ്മതിപ്പിച്ചത്. യാത്രയ്ക്കിടയിൽ ഹാസിനി തന്റെ ഫോണിലൂടെ യുഗന്ധറിന് നിരന്തരം ലൈവ് ലൊക്കേഷൻ പങ്കുവെച്ചിരുന്നു', പോലീസ് പറഞ്ഞു.
ഹിൽ റോഡിലെ മൂന്നാമത്തെ ഹെയർപിൻ വളവിന് സമീപംവെച്ചാണ് പ്രതികൾ കൃത്യം നടപ്പിലാക്കിയത്. സംഭവസ്ഥലത്തെത്തിയപ്പോൾ ഹാസിനി മനഃപൂർവം തന്റെ ഹാൻഡ്ബാഗ് താഴെയിട്ടു. ഇത് എടുക്കാനായി രമേഷ് മോട്ടോർസൈക്കിൾ നിർത്തിയപ്പോൾ, ഒളിച്ചിരുന്ന യുഗന്ധറും കൂട്ടാളികളും രമേഷിനെ പിന്തുടർന്ന് വനത്തിനുള്ളിലേക്ക് ഓടിക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം നടന്നതെന്നും പോലീസ് പറയുന്നു. സമയം ഏറെയായിട്ടും മകളും കുടുംബവും തിരികെ എത്താതായതോടെ ഹാസിനിയുടെ അമ്മ പോലീസിനെ സമീപിച്ചതോടെയാണ് കുറ്റകൃത്യം പുറത്തറിഞ്ഞത്.
തുടർന്ന്, പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ രമേഷ് ഭാര്യക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്നത് കണ്ടെങ്കിലും പിന്നീട് ഹാസിനി ഭർത്താവിന്റെ ബൈക്കിൽ മറ്റ് രണ്ട് പുരുഷന്മാർക്കൊപ്പം പോകുന്നതായാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. മൊബൈൽ ഫോൺ രേഖകളും ലൊക്കേഷൻ വിവരങ്ങളും പരിശോധിച്ച പോലീസ് രമേഷിന്റെ മൃതദേഹം കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു.
ഹാസിനിയെയും കാമുകനെയും മറ്റ് രണ്ട് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, വിവാഹസമയത്ത് ഹാസിനി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും പ്രായപൂർത്തിയാകാത്ത ആളുമായിരുന്നുവെന്ന ഗ്രാമവാസികളുടെ അവകാശവാദവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇത് സ്ഥിരീകരിച്ചാൽ ബാലവിവാഹ നിയമപ്രകാരം പ്രത്യേക നടപടികൾ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
Content Highlights: Husband murdered during a planned temple visit in Chittoor. Wife and her lover arrested for orchestrating the conspiracy. Digital evidence and CCTV footage were instrumental in solving the case. Investigation ongoing into potential child marriage allegations.
Published: 17 Jul 2026, 10:48 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented