സർപ്പദ്വീപ് | By Фотонак - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=62277127
കരിങ്കടലില്‍ സ്ഥിതിചെയ്യുന്ന യുക്രൈന്റെ ചെറുദ്വീപായ സ്മിനി (പാമ്പ് എന്നാണ് ഈ വാക്കിനര്‍ഥം) റഷ്യ പിടിച്ചെടുത്തിരിക്കുകയാണ്. യുക്രൈന്‍ കാവല്‍നിര്‍ത്തിയ 13 സൈനികരെയും വെടിവെച്ചുകൊന്നശേഷമാണ് ദ്വീപ് റഷ്യ പിടിച്ചെടുത്തത്. ആയുധംവെച്ചു കീഴടങ്ങാന്‍ റഷ്യന്‍ സേന ആവശ്യപ്പെട്ടപ്പോള്‍ തങ്ങളുടെ സൈനികര്‍ തയ്യാറായില്ലെന്നും യോദ്ധാക്കളെപ്പോലെ അവര്‍ മരണത്തിനു കീഴടങ്ങുകയായിരുന്നെന്നും സെലെന്‍സ്‌കി പറഞ്ഞു. ഇവര്‍ക്ക് 'ഹീറോ ഓഫ് യുക്രൈന്‍' മെഡല്‍ നല്‍കി ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആരെയും കൊന്നിട്ടില്ലെന്നും എല്ലാ സൈനികരും കീഴടങ്ങുകയായിരുന്നെന്നുമാണ് റഷ്യയുടെ പക്ഷം. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത സര്‍പ്പദ്വീപിന്റെ ഭൂമിശാസ്ത്രവും ചരിത്രവുമറിയാം.
യുക്രൈന്റെ അധീനതയില്‍ കരിങ്കടലില്‍ സ്ഥിതിചെയ്യുന്ന ദ്വീപാണ് സ്‌നേക്ക് ഐലന്റ് അഥവാ സെര്‍പ്പന്റ് ഐലന്റ്. സ്മിനി ദ്വീപ് എന്നാണ് മറ്റൊരു നാമം. മലയാളത്തില്‍ സര്‍പ്പ ദ്വീപ് എന്നും വിളിക്കുന്നു. ഡാന്യൂബ് ഡെല്‍റ്റക്ക് സമീപമുള്ള ഈ ദ്വീപിന് യുക്രൈന്റെ ജലാതിര്‍ത്തി കാക്കുന്നതില്‍ വലിയ പങ്കാണുള്ളത്. 2008ലെ കണക്കെടുപ്പ് പ്രകാരം വെറും 30 പേരാണ് ഈ ദ്വീപില്‍ താമസക്കാരായുള്ളത്. ഇന്ന് നൂറോളം പേരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ജനവാസ മേഖല എന്ന നില ഉറപ്പിക്കുന്നതിനായി 2007-ല്‍ ഒരു ഗ്രാമീണ കുടിയേറ്റം തന്നെ ഇവിടെ നടത്തുകയുണ്ടായി. ദ്വീപിലെ മനുഷ്യവാസമുള്ള ഈ മേഖല ബൈൽ എന്നാണറിയപ്പെടുന്നത്. കടലിലെ വെറുമൊരു പാറ എന്നതിനു പകരം ദ്വീപ് എന്ന് രേഖപ്പെടുത്തിയില്ലെങ്കിൽ സർപ്പ ദ്വീപും ചുറ്റുമുള്ള സമുദ്ര പ്രദേശവും യുക്രൈന്റെ സമ്പൂർണ്ണ അധീനതയിൽ വരുന്നതിന് സാങ്കേതിക തടസ്സമാകും.അതുകൊണ്ടാണ് യുക്രൈൻ ഇവിടെ ബൈൽ കോളനി സ്ഥാപിക്കുന്നത്.

Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=49006107
ഭൂഘടന
ഡാന്യൂബ് നദിക്കരയുടെ 35 കിലോമീറ്റര്‍ കിഴക്കായാണ് സര്‍പ്പദ്വീപ് സ്ഥിതിചെയ്യുന്നത്. X ആകൃതിയാണ് ദ്വീപിന്. മലമ്പ്രദേശമെന്ന് വിളിക്കാന്‍ കഴിയില്ലെങ്കിലും ചെറിയ പാറക്കെട്ടുകളും ചെരിവുകളും ഉള്ള പ്രദേശമാണിത്. ലക്ഷക്കണക്കിന് വര്‍ഷം മുമ്പുള്ള വ്യത്യസ്ത കാലഘട്ടത്തിലെ കല്ലും മണ്ണും കളിമണ്ണും ക്വാര്‍ട്ട്‌സും പ്രത്യേകതരം പാറകളുംകൊണ്ട് രൂപപ്പെട്ടതാണ് ഈ ദ്വീപ്.
ലക്ഷക്കണക്കിന് വര്‍ഷം മുമ്പ് രൂപപ്പെട്ട മണ്ണും കല്ലും കൊണ്ടുള്ള പാറക്കെട്ട് ഘടന കാരണം യുക്രൈന്റെ ജിയോളജിക്കല്‍ മൊണ്യുമെന്റ് ആയാണ് ഈ പ്രദേശം പരിഗണിക്കപ്പെട്ടിരിക്കുന്നത്.

കുബാന്‍സ്‌കി ദ്വീപ് ആണ് സർപ്പദ്വീപിന് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന തീരം. സ്മിനി ദ്വീപില്‍ നിന്ന് ഏതാണ്ട് 35 കിലോമീറ്റര്‍ ദൂരെയാണ് ഈ യുക്രൈന്‍ തീരം റോമേനിയല്‍ കടല്‍തീര നഗരമായ സുലിനയിലേക്ക് 45 കിലോമീറ്റര്‍ മാത്രമാണ് ദൂരം.
വാണിജ്യ, സൈനിക പ്രാധാന്യം
ഒരു കാലഘട്ടം വരെ വലിയ സാമ്പത്തിക പ്രാധാന്യമുള്ള മേഖലയായിരുന്നില്ല സ്മിനി ദ്വീപ്. ഭൂരിഭാഗം മേഖലയിലും വലിയ ചുണ്ണാമ്പുകല്ലായതിനാലാണ് കുടിയേറ്റ പ്രാധാന്യം ഈ സ്ഥലത്തിനില്ലാതെ പോയത്. വെള്ളത്തിനടിയിലുള്ള വിവിധ തരത്തിലുള്ള പാറകളുടെ ശ്രേണിയാണ് ഈ പ്രദേശത്തെ മത്സ്യവര്‍ഗ്ഗങ്ങളുടെ ഇഷ്ട മേഖലയാക്കുന്നത്. ദ്വീപിന് ചുറ്റുമുള്ള ഭൂഗര്‍ഭ ഭാഗത്ത് എണ്ണയുടെയും വാതകത്തിന്റെയും ഗണ്യമായ ശേഖരം കണ്ടെത്തിയതിന് ശേഷമാണ് ദ്വീപിന് അന്താരാഷ്ട്ര പ്രാധാന്യം കൈവരുന്നത്. 1948 വരെ റൊമേനിയയുടെ ഭാഗമായിരുന്നു. പിന്നീടാണ് റഷ്യ ദ്വീപ് പിടിച്ചെടുക്കുന്നത്.
1948-ല്‍ സോവിയറ്റ് യൂണിയന്‍ ഇത് കൈവശപ്പെടുത്തിയ ശേഷം സമുദ്ര, വ്യോമ ഗതാഗതം നിയന്ത്രിക്കുന്നതിനും വ്യോമ സൈനിക മുന്നേറ്റങ്ങള്‍ക്കും ഉള്ള ഒരു സൈനിക താവളം ഇവിടെ സ്ഥാപിച്ചു. യുഎസ്എസ്ആര്‍ വിഭജനത്തിനു ശേഷം നിലവില്‍ മുഴുവന്‍ പ്രദേശവും യുക്രൈയിന്റെ അധീനതയിലാണ്. റോമേനിയയുമായുള്ള യുക്രൈൻ തർക്കത്തിലും സർപ്പ ദ്വീപ് വാർത്തകളില്‍ ഇടംപിടിച്ചു. 2004 മുതല്‍ 2009 വരെ റൊമേനിയ-യുക്രൈന്‍ അതിര്‍ത്തി തര്‍ക്കങ്ങളുടെ ഭാഗമായിരുന്നു സര്‍പ്പദ്വീപ്. അന്താരാഷ്ട്ര കോടതിയില്‍ എത്തിയ തര്‍ക്കത്തില്‍ സമുദ്രാതിര്‍ത്തിയുടെ 80 ശതമാനത്തിന്റെയും അവകാശം റൊമേനിയക്ക് നല്‍കിയാണ് കോടതി തീര്‍പ്പാക്കുന്നത്. സർപ്പദ്വീപ് യുക്രൈന്റെ അധീനതയിലുമായി. ലിബിയയുടെ തീരം വരെ കരിങ്കടലിന്റെയും മെഡിറ്ററേനിയന്റെയും മുഴുവന്‍ പ്രദേശങ്ങളുടെയും വ്യോമ നിയന്ത്രണവും നിരീക്ഷണവും ഈ ദ്വീപിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. യുക്രൈൻ ആണവ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതും ഇവിടെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതുകൂടാതെ റേഡിയോ ജാമിങ് സ്റ്റേഷനുകളും കേബിള്‍, ഓഡിയോ കമ്മ്യൂണിക്കേഷന്‍ മോണിറ്ററിങ് സൗകര്യങ്ങളും ദ്വീപിലുണ്ട്.
പേരിനു പിന്നിലെ പുരാണം
ഗ്രീക്കുകാര്‍ ഈ ദ്വീപിനെ ലക്ക്(Leuke) എന്നാണ് വിളിച്ചിരുന്നത്. വെളുത്ത ദ്വീപെന്നാണ് ഇതിനര്‍ഥം. ചുണ്ണാമ്പ് കല്ലിന്റെ സാന്നിധ്യം കൊണ്ടാണ് വെളുത്ത ദ്വീപ് എന്ന പേര് ഇട്ടതെന്നാണ് പറയപ്പെടുന്നത്. വെളുത്ത പാമ്പുകളുള്ളതിനാലാണ് ലക്ക് എന്ന പേര് വന്നതെന്നും ഇതില്‍ നിന്നാവാം സര്‍പ്പ ദ്വീപ് എന്ന പേരിന്റെ ഉദ്ഭവം എന്നും കരുതപ്പെടുന്നു.
Reference:
https://web.archive.org/web/20040822040518/http:/www.tomrad.ro/iserpi/ENGLISH.HTM
https://en.wikipedia.org/wiki/Snake_Island_(Black_Sea)#:~:text=The%20island%20was%20named%20by,the%20serpents%20there%20were%20white.
Content Highlights: specialities, snake island aka Serpent of Ukraine Zmiinyi Island russia war,environment,mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..