
ഇന്ത്യയിലെ പ്രധാന തീര്‍ഥാടനകേന്ദ്രമായ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്നു എന്ന വാര്‍ത്ത കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളില്‍ ഇടം പിടിച്ചുകൊണ്ടിരിക്കുന്നു. അറുനൂറിലേറെ വീടുകളില്‍ വിള്ളല്‍ വീണു. അവിടെ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള മാര്‍ഗങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ തേടിക്കൊണ്ടിരിക്കുകയുമാണ്. ജോഷിമഠിലെ പ്രധാന റോഡില്‍ വിള്ളല്‍ വീഴുന്നത് അവിടേക്കുള്ള യാത്രക്കാരെയും ബാധിക്കുന്നു.
ജോഷിമഠില്‍ സംഭവിക്കുന്നതിനു കാരണമന്വേഷിച്ചാല്‍ ആ പ്രദേശത്തു നടക്കുന്ന പലതരത്തിലുള്ള നിര്‍മാണപദ്ധതികളുടെ അശാസ്ത്രീയതയിലാകും നാം എത്തിച്ചേരുക. കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഭക്തര്‍ക്ക് എളുപ്പം എത്തിച്ചേരാവുന്ന 'ചാര്‍ധാം ഹൈവേ' നിര്‍മാണപദ്ധതി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുവരുകയാണ്. ഈ സ്ഥലങ്ങളിലേക്കുള്ള ഏഴോളം റോഡുകളുടെ വീതി പത്തുമീറ്ററോളം കൂട്ടുകയും അവയെല്ലാം രണ്ടുവരിപ്പാതയാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.
ഭൂമിയെ മനസ്സിലാക്കാത്ത വികസനം
ഈ പദ്ധതിയുടെ ആലോചനകള്‍ മോദിസര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുമുമ്പുതന്നെ ആരംഭിച്ചിരുന്നെങ്കിലും അതോടനുബന്ധിച്ചു നടത്തിയ പരിസ്ഥിതിയാഘാതപഠനങ്ങള്‍ ഒന്നുംതന്നെ പദ്ധതിയെ അനുകൂലിക്കുന്ന തരത്തിലുള്ളവയല്ലായിരുന്നു. അതുകൊണ്ടുതന്നെ പദ്ധതിയുടെ പുരോഗതി മന്ദഗതിയിലായിരുന്നു. എന്നാല്‍, മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടുകൂടി ഈ പദ്ധതിക്ക് തുടക്കമിട്ടു. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്തെ ഉണര്‍വിന് ഈ പദ്ധതി ആക്കം കൂട്ടുമെന്ന വാദം ശക്തിപ്രാപിച്ചു. പരിസ്ഥിതി പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ വിദഗ്ധരില്‍ ചിലര്‍ ഈ പദ്ധതിയെ എതിര്‍ത്തെങ്കിലും മറ്റു ചിലര്‍ സര്‍ക്കാരിനെ അനുകൂലിച്ചു. പിന്നീട് ഈ പദ്ധതിക്ക് നാഷണല്‍ ഹരിത ട്രിബ്യൂണലിന്റെ അനുമതിയും ലഭിച്ചു. എന്നാല്‍, പാരിസ്ഥിതിക പ്രശ്‌നങ്ങളുന്നയിച്ച് പദ്ധതി വീണ്ടും സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെടുകയുണ്ടായി. തുടര്‍ന്നു നടന്ന ചര്‍ച്ചകളില്‍ സര്‍ക്കാര്‍ പ്രധാനമായും ഉന്നയിച്ചത് രാജ്യസുരക്ഷസംബന്ധിച്ച വാദങ്ങളായിരുന്നു. ചൈനയുമായുള്ള അതിര്‍ത്തിപ്രദേശത്തേക്ക് ദ്രുതഗതിയില്‍ എത്താന്‍പറ്റുന്ന പാത സായുധസേനയ്ക്ക് ആവശ്യമാണെന്നായിരുന്നു സര്‍ക്കാരിന്റെ പ്രധാനവാദം. അങ്ങനെ സുപ്രീംകോടതിയില്‍നിന്ന് അനുകൂലമായ വിധി ലഭിച്ചതോടെ 'ചാര്‍ധാം' ഹൈവേ പദ്ധതി നടപ്പാക്കാന്‍ മറ്റു തടസ്സങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.
ഇപ്പോഴത്തെ കണക്കനുസരിച്ച് മൊത്തം 889 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പദ്ധതിയുടെ ചെലവ് 11,700 കോടി രൂപയാണ്. 15 ഫ്‌ലൈ ഓവറുകള്‍, 101 പാലങ്ങള്‍, 3596 കള്‍വെര്‍ട്ടുകള്‍, 12 ബൈപ്പാസ് റോഡുകള്‍ തുടങ്ങിയവയും ഈ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കേണ്ടിവരും. അതോടൊപ്പമാണ് ചാര്‍ധാം റെയില്‍വേ പദ്ധതിക്കും തുടക്കമിട്ടത്. ഋഷികേശ് മുതല്‍ കര്‍ണപ്രയാഗ് വരെ 126 കിലോമീറ്റര്‍ നീളത്തില്‍ പണിയുന്ന ഈ പദ്ധതിയും തീര്‍ഥാടകരെ ലക്ഷ്യംവെച്ചുള്ളതാണ്. ഇതിനുവേണ്ടിയും കിലോമീറ്ററോളം പര്‍വതങ്ങള്‍ തുരന്ന് ടണലുകള്‍ നിര്‍മിക്കേണ്ടിവരും. ഏതാണ്ട് 105 കിലോമീറ്റര്‍ ടണലുകളിലൂടെയായിരിക്കും സഞ്ചരിക്കുക. ഹൈവേകള്‍ക്കും ?െറയില്‍പ്പാതയ്ക്കും ഒപ്പം നടക്കുന്ന ഒന്നാണ് പന്ത്രണ്ട് ജലവൈദ്യുതപദ്ധതികള്‍ക്കു വേണ്ടിവരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍.
ഇവിടെനടക്കുന്ന വന്‍തോതിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പര്‍വതത്തിന്റെ പരിസ്ഥിതിയെ അപ്പാ?ടെ തകിടംമറിക്കുമെന്നും വര്‍ധിതമായ തോതില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകുമെന്നും ജനജീവിതം ദുസ്സഹമാകുമെന്നും അഭിപ്രായപ്പെട്ട ശാസ്ത്രകാരന്മാരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും വികസനവിരോധികള്‍ എന്നാരോപിച്ച് പാര്‍ശ്വവത്കരിച്ചു. ലാഭേച്ഛമാത്രം ലക്ഷ്യംെവച്ചുകൊണ്ടു നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ ഇന്ന് പലതരത്തിലുള്ള ദുരന്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് 2021 ഫെബ്രുവരിയില്‍ ധൗളി ഗംഗാനദിയില്‍ സംഭവിച്ച വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും അവിടത്തെ ഋഷി ഗംഗ ജലവൈദ്യുതപദ്ധതിയെ തകര്‍ത്തുകളഞ്ഞു.
ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ വേണം ജോഷിമഠില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ദുരന്തത്തെ നാം കാണേണ്ടത്. ഇത് വെറുതേയങ്ങ് സംഭവിക്കുന്നതല്ല. തുരങ്കങ്ങളുടെയും റോഡുകളുടെയും നിര്‍മാണത്തിനിടയില്‍ നടക്കുന്ന വന്‍ തോതിലുള്ള സ്‌ഫോടനങ്ങള്‍ കുത്തനെയുള്ള മലഞ്ചെരിവുകളെ ദുര്‍ബലപ്പെടുത്തുന്നു. ഈ പദ്ധതികള്‍ ആരംഭിച്ചതിനുശേഷം ആ പ്രദേശത്തെ മണ്ണിടിച്ചിലുകള്‍ മുമ്പത്തെക്കാള്‍ പതിന്മടങ്ങു വര്‍ധിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി നടക്കുന്ന മേഘവിസ്‌ഫോടനങ്ങളും അവയെ തുടര്‍ന്നു സംഭവിക്കുന്ന അതിവൃഷ്ടിയും മണ്ണിടിച്ചിലുകളുടെ ആക്കം കൂട്ടുന്നു.
കുന്നുകള്‍ തുരക്കുമ്പോള്‍
കുന്നുകളിലേക്കു തുരന്നുകയറി, പാറകള്‍ നീക്കംചെയ്യുമ്പോള്‍ അവയ്ക്കുള്ളില്‍ മര്‍ദവ്യത്യാസങ്ങള്‍ സംഭവിക്കാം. കൂടാതെ പാറകള്‍ക്കിടയിലുള്ള ജലഭൃതങ്ങളെ (aquifer ) അസ്ഥിരമാക്കാനും ഇത്കാരണമാകുന്നു. 2009-ല്‍ ജോഷിമഠിനടുത്തുള്ള തപോവന്‍ വിഷ്ണുഗഢ് എന്ന് പേരുള്ള വലിയ ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണത്തിന്റെ ഭൂമിക്കടിയിലൂടെയുള്ള തുരങ്കനിര്‍മാണത്തിനു തുടക്കമിടുകയുണ്ടായി. അത് ജോഷിമഠിലെ ഭൂഗര്‍ഭജലത്തിന്റെ പ്രധാന ഉറവിടമായ ജലഭ്യതയ്ക്കു വിള്ളല്‍ വീഴ്ത്തി. വന്‍തോതില്‍ ജലം ഒഴുകിപ്പോയി. ഓരോ ദിവസവും 60 മുതല്‍ 70 ദശലക്ഷം ലിറ്റര്‍വരെ വെള്ളം വൃഥാ ഒലിച്ചുപോയി എന്നാണ് ശാസ്ത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഫലമായി പ്രദേശത്തെ പല ഉറവകളും വറ്റിപ്പോകുമെന്നും കാലക്രമേണ ജോഷിമഠ് താഴ്ന്നു പോകുമെന്നും 2010-ല്‍ കറന്റ് സയന്‍സ് എന്ന ജേണലില്‍ അവര്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ പറയുന്നു. ഹിമാലയത്തിലെ അനേകം വരുന്ന ജലസ്രോതസ്സുകള്‍ അപ്രത്യക്ഷമാകും എന്നതാണ് ഈ തുരങ്കനിര്‍മാണത്തിന്റെ മറ്റൊരു പ്രത്യാഘാതം. ഇപ്പോള്‍ത്തന്നെ ജോഷിമഠില്‍ മാത്രമല്ല, ഉത്തരാഖണ്ഡിലെ ഹിമാലയത്തിന്റെ പല ഭാഗങ്ങളിലും നീരുറവകള്‍ വറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിനെക്കുറിച്ച് 2018-ല്‍ നിതി ആയോഗ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന് ഇതില്‍ പങ്കുണ്ടെങ്കിലും തുരങ്കനിര്‍മാണം ഉറവകളുടെ ക്ഷയത്തിന് ആക്കം കൂട്ടുന്നു എന്ന് നമുക്ക് കാണാതിരിക്കാനാവില്ല.
കാരണം ഭൂഗര്‍ഭ ജലശോഷണം
വളരെ കാലത്തിനുള്ളില്‍ രൂപപ്പെടുന്ന ഒരു പ്രതിഭാസമാണ് മണ്ണിടിച്ചില്‍. ഇതിനൊരു പ്രധാനകാരണം ഭൂഗര്‍ഭ ജലത്തിന്റെ ശോഷണമാണ്. ഇത് പലകാരണങ്ങള്‍കൊണ്ട് സംഭവിക്കാം. ജോഷിമഠിനടുത്തുള്ള ഭൂഗര്‍ഭ തുരങ്കം സമീപത്തുള്ള ജലഭൃത സ്രോതസ്സിന്റെ ശോഷണത്തിനു കാരണമായത് നേരത്തേ സൂചിപ്പിച്ചിരുന്നുവല്ലോ. ഭൂഗര്‍ഭ ജലവിതാനം ക്ഷയിക്കുമ്പോള്‍ അത് മണ്ണിന്റെ ഘടനാപരമായ ദൃഢതയെ ബാധിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സങ്കോചം (shrinking) ഉപരിതലം താഴാനും വിള്ളലുകള്‍ രൂപപ്പെടാനും കാരണമാകുന്നു. ഉത്തരാഖണ്ഡ് ഹിമാലയത്തില്‍ത്തന്നെ നൈനിറ്റാളിലും കര്‍ണപ്രയാഗിലുമൊക്കെ ഇതുപോലുള്ള പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നുണ്ട്.
ഹിമാലയത്തിന്റെ ഘടനാപരമായ അവസ്ഥ മനസ്സിലാക്കിയാല്‍ ഇപ്പോള്‍ നടക്കുന്നത് അപ്രതീക്ഷിതമെന്ന് പറയാനാവില്ല. ഭൗമശാസ്ത്രപ്രകാരം ഹിമാലയപര്‍വതം നന്നേ ചെറുപ്പമാണ്. ഏതാണ്ട് 40 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പു മാത്രമാണ് ഇന്ന് നാം കാണുന്ന പര്‍വതനിരകള്‍ ഉയര്‍ന്നുവന്നത്. പര്‍വതനിര്‍മിതിക്കു കാരണമായ ഇന്ത്യ-യൂറേഷ്യ ഭൂവല്‍ക്കപാളികള്‍ തമ്മിലുള്ള സംഘര്‍ഷണം (collision) തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭൂവല്‍ക്കപാളി വര്‍ഷത്തില്‍ ഏതാണ്ട് രണ്ടു സെന്റിമീറ്റര്‍ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. തുടര്‍ന്നുകൊണ്ടിരിക്കുന്ന ഭൂഭൗതിക പ്രക്രിയകളാണ് ഈ പര്‍വതനിരകളെ അസ്ഥിരവും അപകടകാരികളുമാകുന്നത്. സ്വതവേ ചലനാത്മകമായ ഈ പര്‍വതനിരകളില്‍ അടിക്കടി ഭൂകമ്പങ്ങളുണ്ടാകുന്നതും ഈ പ്രദേശത്തു നിലനില്‍ക്കുന്ന അസ്ഥിരതകൊണ്ടാണ്. വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പര്‍വതം സ്വാഭാവികമായും ബലഹീനമായിരിക്കും. ഈ പ്രക്രിയകള്‍ വേണ്ടവിധം മനസ്സിലാക്കിയാല്‍ ജോഷിമഠില്‍ നടക്കുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാകും.
എന്താണ് ജോഷിമഠിന്റെ ഭാവി? ഇപ്പോള്‍ നടക്കുന്ന ഭൂമി ഇടിഞ്ഞുതാഴല്‍ പ്രക്രിയ എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങിയതാവാം. അതിന്റെ മൂര്‍ധന്യാവസ്ഥയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രക്രിയ കുറച്ചുകാലം കൂടി തുടരുകതന്നെ ചെയ്യും. വര്‍ഷങ്ങള്‍ക്കുശേഷം ആ പ്രദേശം പുതിയ ഒരു തുലനാവസ്ഥയില്‍ എത്തിയേക്കാം. ഹിമാലയത്തില്‍ ഇപ്പോള്‍ നടക്കുന്ന മനുഷ്യപ്രചോദിതമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യാവുന്ന ഒരു കാര്യം. ആ പ്രദേശത്തിന്റെ പരിസ്ഥിതിയെ കണക്കിലെടുത്തുകൊണ്ട് നടത്താവുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കുമാത്രമേ ഇനി അവിടെ സാംഗത്യമുള്ളൂ.
(പ്രമുഖ ഭൗമശാസ്ത്രജ്ഞനാണ് ലേഖകന്‍)
Content Highlights: reason behind joshimath sinking
Published: 13 Jan 2023, 10:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented