പ്രതീകാത്മക ചിത്രം | Photo: gettyimages.in
1984-ലെ ഒരു വസന്തകാലം. പതിവ് പരിശോധനകളുടെ ഭാഗമായി അന്റാര്‍ട്ടിക്കയിലെ ഡോബ്‌സണ്‍ ഓസോണ്‍ സ്‌പെക്ട്രോഫോട്ടോമീറ്ററില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിക്കുകയായിരുന്നു ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ (ബി.എ.എസ്.) ശാസ്ത്രജ്ഞന്മാരിലൊരാളായ ജോനാഥന്‍ ഷാങ്ക്ലിന്‍. അസാധാരണമായ ഒരു റീഡിങ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു! ആശങ്ക തോന്നിയെങ്കിലും അതൊരു ഒറ്റപ്പെട്ട സംഭവമാണോ എന്ന് സ്ഥിരീകരിക്കുകയായുന്നു അദ്ദേഹത്തിന്റെ അപ്പോഴത്തെ ലക്ഷ്യം. 1970 മുതലുള്ള കണക്കുകളെടുത്ത് പരിശോധിച്ചതോടെ ഷാങ്ക്ലിന് ഒരു കാര്യം വ്യക്തമായി. അതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. 1970-കളുടെ മധ്യത്തില്‍ മുതല്‍ അന്റാര്‍ട്ടിക്കയില്‍ വസന്തകാലത്ത് ഓസോണിന്റെ അളവില്‍ ക്രമാനുഗതമായ കുറവുണ്ടാകുന്നതായി ഷാങ്ക്ലിന്‍ കണ്ടെത്തി. 1984 ആയപ്പോഴേക്കും അന്റാര്‍ട്ടിക്കയിലെ ഹാലി റിസര്‍ച്ച് സ്റ്റേഷന് മുകളിലുള്ള ഓസോണ്‍ പാളിയുടെ കനം വല്ലാതെ കുറഞ്ഞു വന്നിരുന്നു. മുന്‍ ദശകങ്ങളില്‍ ഉണ്ടായിരുന്നതിന്റെ മൂന്നില്‍ രണ്ട് കനം മാത്രമേ അപ്പോള്‍ അതിനുണ്ടായിരുന്നുള്ളൂ. ഓസോണില്‍ ദ്വാരങ്ങള്‍ വീണിരിക്കുന്നു. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതായിരുന്നു ഷാങ്ക്ലിന്റെ കണ്ടെത്തല്‍. ഭൂമി മുന്നില്‍കാണുന്ന അപകടത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ ലോകരാജ്യങ്ങള്‍ ഒന്നടങ്കം ഉണര്‍ന്നുപ്രവര്‍ത്തിച്ചു. അതിന് ഫലവുമുണ്ടായി. അതാണ് ചരിത്രപ്രസിദ്ധമായ മോണ്‍ട്രിയല്‍ ഉടമ്പടി.
മൂന്ന് പതിറ്റാണ്ടിനിപ്പുറം, ഭൂമിയെ കാക്കുന്ന ഓസോണ്‍ പാളികളെ സംരക്ഷിക്കാന്‍ ലോകം ഒരുമിച്ചതിനു ഫലം കണ്ടുതുടങ്ങി. ഓസോണ്‍ പാളികള്‍ വീണ്ടെടുക്കലിന്റെ പാതയിലാണെന്നാണ് പുതിയ പഠനങ്ങള്‍ നല്‍കുന്ന സൂചന. 35 വര്‍ഷത്തെ നമ്മുടെ പ്രയത്‌നങ്ങള്‍ ശരിയായ ദിശയില്‍ തന്നെയാണെന്നാണ് പുതിയ പഠനങ്ങളും പറയുന്നത്. ഓസോണിന് നാശം വരുത്തുന്ന രാസവസ്തുക്കളെ നിയന്ത്രിക്കാനായി എന്നതിന്റെ സൂചനയാണിത്. ഓസോണ്‍ പാളിയിലെ വിള്ളല്‍ ചെറുതാകാന്‍ തുടങ്ങിയതായി യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം (യു.എന്‍.ഇ.പി.) പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. 2000-ല്‍ 2.91 ചതുരശ്ര കിലോമീറ്ററായിരുന്നു വിള്ളല്‍. ഇതു 2.31 കോടി ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. ഇങ്ങനെ പോയാല്‍ 2040-ല്‍ വിള്ളല്‍ അടയുമെന്നാണു യു.എന്‍.ഇ.പി. റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഓസോണ്‍ പാളികളെ നാശത്തിലേക്ക് നയിക്കുന്ന 99 ശതമാനം വസ്തുക്കളും ഇതിനകം നിരോധിച്ചിട്ടുണ്ട്. ഇത് തുടരുകയാണെങ്കില്‍ 1980-ലേതിന് സമാനമായ അവസ്ഥയിലേക്ക് ഓസോണ്‍ പാളികള്‍ 2040 ഓടെ മടങ്ങുമെന്നാണ് റിപ്പോര്‍ട്ടില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.
ഓസോണും ഓസോണ്‍ പാളിയും
മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്ന നിറമില്ലാത്ത വാതകമാണ് ഓസോണ്‍. അന്തരീക്ഷത്തിലെ മറ്റ് വാതകങ്ങളുമായി പെട്ടെന്ന് പ്രതിപ്രവര്‍ത്തിക്കുന്ന ഓസോണ്‍ മനുഷ്യനില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാന്‍സറിനുംവരെ കാരണമാകുന്ന അപകടകാരിയായ വാതകമാണ്. എന്നാല്‍, ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് അന്തരീക്ഷത്തിന്റെ ഏകദേശം 10 മുതല്‍ 50 കിലോമീറ്റര്‍ മുകളിലായുള്ള ഓസോണ്‍ പാളി, സൂര്യനില്‍നിന്നുള്ള ഹാനികരമായ അള്‍ട്രാവൈലറ്റ് വികിരണത്തെ ആഗിരണം ചെയ്ത് നമുക്ക് സംരക്ഷണമൊരുക്കുന്നു. ഈപാളി സ്ട്രാറ്റോസ്ഫിയറിന്റെ ഒരു ഭാഗമാണ്. ട്രോപോസ്ഫിയറിലും കുറഞ്ഞ അളവില്‍ ഓസോണ്‍ കാണപ്പെടുന്നുണ്ട്. ഓക്‌സിജന്‍ അന്തരീക്ഷത്തില്‍ 21 ശതമാനമുള്ളപ്പോള്‍ ഓസോണ്‍ വെറും 0.001 ശതമാനം മാത്രമാണ്. വളരെ കുറഞ്ഞ അളവിലാണെങ്കിലും നമുടെ ജീവിതത്തിന് ഓസോണ്‍ നല്‍കുന്ന പങ്ക് ചെറുതല്ല. സൂര്യനില്‍നിന്നും ഭൂമിയിലേക്കെത്തുന്ന അപകടകാരികളായ അള്‍ട്രാവൈലറ്റ് ഉള്‍പ്പെടെയുള്ള കിരണങ്ങളെ അന്തരീക്ഷത്തില്‍ വെച്ചുതന്നെ തടയുകയാണ് ഓസോണ്‍ പാളി ചെയ്യുന്നത്. ഓസോണ്‍ പാളിയുടെ അളവ് ശൈത്യകാലത്ത് ഏറ്റവും കുറഞ്ഞും ഉഷ്ണകാലത്ത് ഏറ്റവും കൂടിയുമിരിക്കും.
അള്‍ട്രാവൈലറ്റ് രശ്മികളുടെ സാന്നിധ്യത്തില്‍ ഓക്‌സിജന്‍ (O 2) തന്മാത്ര വിഘടിച്ചുണ്ടാകുന്ന ഒരു സ്വതന്ത്ര ഓക്‌സിജന്‍ ആറ്റം മറ്റൊരു ഓക്‌സിജന്‍ (O2) തന്മാത്രമായി കൂടിച്ചേര്‍ന്നാണ് ഓസോണ്‍ (O3) രൂപപ്പെടുന്നത്. 1913-ല്‍ ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞരായ ഹെൻറി ബിഷണും ചാള്‍സ് ഫാബ്രിയുമാണ് ഓസോണ്‍ പാളി കണ്ടെത്തുന്നത്. ഓസോണ്‍ പാളിയുടെ ഘടനയും സ്വഭാവങ്ങളും വിശദീകരിച്ചത് ബ്രിട്ടീഷ് കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജി.എം.ബി ഡോബ്‌സണാണ്. ഓസോണ്‍ പാളി നിരീക്ഷിക്കാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിച്ചതും ഭൂമിയില്‍ നിന്ന് സ്ട്രാറ്റോസ്‌ഫെറിക് ഓസോണിനെ അളക്കാന്‍ ഉപയോഗിക്കാവുന്ന ഒരു ലളിതമായ സ്‌പെക്ട്രോഫോട്ടോമീറ്റര്‍ ( ഡോബ്‌സണ്‍ ഓസോണ്‍ സ്‌പെക്ട്രോഫോട്ടോമീറ്റര്‍) വികസിപ്പിച്ചതും അദ്ദേഹമാണ്. എന്നാല്‍ ഓസോണ്‍ എന്ന വാതകം കണ്ടെത്തിയതാകട്ടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേസല്‍ സര്‍വകലാശാലയിലെ ഗവേഷകനായിരുന്ന ക്രിസ്റ്റ്യൻ ഫ്രഡറിക് ഷോണ്‍ബെയ്ന്‍ ആയിരുന്നു. 1839-ലായിരുന്നു ഷോണ്‍ബെയ്ന്‍ ഓസോണ്‍ കണ്ടെത്തിയത്.
ഒരു വസന്തകാലത്തെ ഭീതിപ്പെടുത്തുന്ന തിരിച്ചറിയല്‍
ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ (ബി.എ.എസ്.) ശാസ്ത്രജ്ഞരാണ് ഓസോണ്‍ ശോഷണം ആദ്യമായി കണ്ടെത്തുന്നത്. ജോനാഥന്‍ ഷാങ്ക്ലിന്‍, ബ്രയാന്‍ ഗാര്‍ഡിനര്‍, ജോസഫ് ചാള്‍സ് ഫാര്‍മാന്‍ എന്നിവരടക്കമുള്ള ഒരു സംഘം ശാസ്ത്രജ്ഞരായിരുന്നു ഇതിന്റെ പിന്നില്‍. 1957-58 ലെ അന്താരാഷ്ട്ര ജിയോഫിസിക്കല്‍ വര്‍ഷത്തില്‍ ബി.എ.എസ്. ശാസ്ത്രജ്ഞര്‍ ഓസോണിന്റെ നിരീക്ഷണം നടത്താനായി അന്റാര്‍ട്ടിക്കയിലെ ഹാലി ബേയില്‍ ഒരു ഡോബ്സണ്‍ സ്പെക്ട്രോഫോട്ടോമീറ്റര്‍ സ്ഥാപിച്ചിരുന്നു. ഭൂമിയിലേക്കെത്തുന്ന അള്‍ട്രാവയലറ്റ് രശ്മികളുടെ അളവ് കണക്കാക്കി അന്തരീക്ഷത്തില്‍ എത്രമാത്രം ഓസോണ്‍ ഉണ്ടെന്നതിന്റെ കൃത്യമായ ചിത്രം നല്‍കുന്നതായിരുന്നു ആ ഉപകരണം.
1984-ല്‍ അന്റാര്‍ട്ടിക്കയിലെ ഡോബ്‌സണ്‍ സ്‌പെക്ട്രോഫോട്ടോമീറ്ററില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് ഓസോണ്‍ ശോഷണം ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പ്പെടുന്നത്. സംഘത്തിലുണ്ടായിരുന്ന ജോനാഥന്‍ ഷാങ്ക്ലിന്‍ അതൊരു ഒറ്റപ്പെട്ട സംഭവമാണോ എന്ന് പരിശോധിച്ചു. തുടര്‍ന്നാണ് 1970-കളുടെ മധ്യത്തില്‍ മുതല്‍ വസന്തകാലത്ത് (സെപ്റ്റംബര്‍-ഒക്ടോബര്‍) ഓസോണിന്റെ അളവില്‍ ക്രമാനുഗതമായ കുറവുണ്ടായി കണ്ടെത്തുന്നത്. 1984 ആയപ്പോഴേക്കും അന്റാര്‍ട്ടിക്കയിലെ ഹാലി റിസര്‍ച്ച് സ്റ്റേഷന് മുകളിലുള്ള ഓസോണ്‍ പാളിക്ക് മുന്‍ ദശകങ്ങളില്‍ ഉണ്ടായിരുന്നതിന്റെ മൂന്നില്‍ രണ്ട് കനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജാപ്പനീസ് ശാസ്ത്രജ്ഞനായ ഷിഗെരു ചുബാച്ചി, ജാപ്പാന്റെ അന്റാര്‍ട്ടിക് ഗവേശണ സ്റ്റേഷനായ ഷോവയില്‍ നിന്നുമുള്ള 1982-ലെ ഓസോണിന്റെ വ്യതിയാനം ഉപയോഗിച്ച് ഇതേകുറവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജോനാഥന്‍ ഷാങ്ക്ലിന് തുടക്കത്തില്‍ തന്റെ കണ്ടെത്തലിന്റെ പ്രാധാന്യം മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്റാര്‍ട്ടികയെ മാത്രം ബാധിക്കുന്ന ഒന്നായിരിക്കുമെന്നാണ് അദ്ദേഹം കരുതിയത്. എങ്കിലും നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിക്കാനായി ഷാങ്ക്‌ലിന്‍ പ്രബന്ധം തയ്യാറാക്കി. 1985-ലാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടത്. ലോകത്തിന് വലിയ ഞെട്ടലാണ് ആ കണ്ടെത്തല്‍ നല്‍കിയത്. തുടര്‍ന്ന് ഫാര്‍മാനും സംഘവും ഇതേക്കുറിച്ച് പഠിക്കാനായി ഹാലി ബേയില്‍നിന്ന് ഏകദേശം 1500 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുമാറി പുതിയ ഒരു സ്‌പെക്ട്രോഫോട്ടോമീറ്റര്‍ സ്ഥാപിച്ചു. ഹാലി ബേയിലേതിന് സമാനമായി അവിടെയും വസന്തകാലത്ത് ഓസോണിന്റെ അളവ് കുറയുന്നത് അദ്ദേഹവും കൂട്ടരും തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഒരു സംഘം സ്വതന്ത്ര ഗവേഷകര്‍ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുകയും ചെയ്തു. 20 ദശലക്ഷം കിലോമീറ്റര്‍ വിസ്തൃതിയില്‍ ഓസോണ്‍ ദ്വാരം വ്യാപിച്ചതായാണ് ഉപഗ്രഹസഹായത്താല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

വില്ലനായത് ക്ലോറോ ഫ്ളൂറോ കാര്‍ബണുകള്‍
അമ്പതുവര്‍ഷം മുന്‍പ് നമുക്ക് ഏറെ പ്രിയങ്കരമായ മനുഷ്യനിര്‍മിത വസ്തുവായിരുന്നു ക്ലോറോ ഫ്ളൂറോ കാര്‍ബണുകള്‍ (സി.എഫ്.സി.). അന്നോളണുണ്ടായിരുന്ന പലതിനും പകരമായി ഉപയോഗിക്കാന്‍ കഴിയുന്ന ശരിക്കും അദ്ഭുതവസ്തു എന്ന് വിശേഷിപ്പിക്കാവുന്ന ഒരു രാസവസ്തു. ദ്രാവക രൂപത്തിലോ വാതകരൂപത്തിലോ ഉള്ള മനുഷ്യ നിര്‍മിതമായ രാസസംയുക്തങ്ങളാണ് സി.എഫ്.സി.കള്‍ അഥവാ ക്ളോറോ ഫ്ളൂറോ കാര്‍ബണുകള്‍. ഹാലോണുകളില്‍ ക്ലോറിനുപകരം ബ്രോമിനാണുള്ളത്. ഫ്രിയോണുകള്‍ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. നിറമോ മണമോ ഇല്ലാത്തത്, വിഷമല്ലാത്തത്, സ്ഫോടന സാധ്യതയില്ല എന്നീ സവിശേഷതകള്‍ക്കു പുറമേ ഉത്പാദനച്ചെലവ് നന്നേ കുറഞ്ഞതും ക്ലോറോ ഫ്ളൂറോ കാര്‍ബണുകളെ പെട്ടന്ന് തന്നെ ജനപ്രിയമാക്കി. അതുകൊണ്ട് റഫ്രിജറേറ്ററുകളിലും എയര്‍കണ്ടീഷനറുകളിലും എയറോസോള്‍ സ്പ്രേകളിലും ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു.
എന്നാല്‍ വിശദമായ പഠനത്തില്‍ സി.എഫ്.സി. ഓസോണിന്റെ അന്തകനാണെന്ന് ലോകം തിരിച്ചറിഞ്ഞു. ഉപകരണങ്ങളില്‍നിന്നും മറ്റും പുറത്തുവരുന്ന സി.എഫ്.സികള്‍ സാവധാനം സ്ട്രാറ്റോസ്ഫിയറില്‍ എത്തുന്നു. മറ്റു പലതിനെയും പോലെ സി.എഫ്.സി മഴവെള്ളത്തില്‍ കലര്‍ന്ന് നശിക്കുന്നില്ല. പകരം വായുവില്‍ തങ്ങിനില്‍ക്കുന്ന ഇത് കാറ്റിലൂടെ സ്ട്രാറ്റോസ്ഫിയറിലെത്തി ഓസോണിന്റെ അന്തകനാകുകയായിരുന്നു. അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തില്‍ സി.എഫ്.സി വിഘടിച്ച് ക്ലോറിന്‍ വാതകം സ്വതന്ത്രമാകുന്നു. ഈ ക്ലോറിന്‍ ആറ്റങ്ങള്‍ ഓസോണ്‍ തന്‍മാത്രകളെ വിഘടിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഒരു ക്ലോറിന്‍ ആറ്റത്തിനുതന്നെ ഒരു ലക്ഷത്തോളം ഓസോണ്‍ തന്മാത്രകളെ വിഘടിപ്പിക്കാനാകും. പ്രകൃതിദത്തമായ ഓസോണ്‍ പുനര്‍നിര്‍മാണത്തിന്റെ എത്രയോ മടങ്ങാണ് ഈ നാശം എന്നതിനാല്‍ തന്നെ അതിന്റെ വ്യാപ്തി വളരെ വലുതായിരുന്നു. അതാണ് ഓസോണിന്റെ വലിയ നാശത്തിന് കളമൊരുക്കിയത്.
സംരക്ഷണത്തിന് മോണ്‍ട്രിയല്‍ ഉടമ്പടി
അപകടം മണത്തതോടെ ലോകരാജ്യങ്ങള്‍ ഒന്നടങ്കം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. അതിന്റെ ഫലമായിരുന്നു മോണ്‍ട്രിയല്‍ ഉടമ്പടി. ഓസോണ്‍ ശോഷണം ചെറുക്കാന്‍ കൂട്ടായ ഒരു പരിഹാരം ഉന്നയിക്കാന്‍ ലോകരാഷ്ട്രങ്ങളുടെ നേതാക്കള്‍ 1987-ല്‍ കാനഡയിലെ മോണ്‍ട്രിയലില്‍ ഒത്തുകൂടി. 1987 സെപ്റ്റംബര്‍ 16-ന് അവര്‍ ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന ഓസോണ്‍ ഡിപ്ലെറ്റിങ് സബ്സ്റ്റന്‍സസ് എന്ന് അറിയപ്പെടുന്ന വസ്തുക്കളെ പൂര്‍ണമായി ഒഴിവാക്കാനുള്ള വ്യവസ്ഥയില്‍ ഒരു കരടുപ്രമേയം തയ്യാറാക്കിക്കൊണ്ട് ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഓസോണ്‍ പാളിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകജനതയെ ബോധവാന്മാരാക്കുക ലക്ഷ്യമിട്ട് 1994 മുതല്‍ ഐക്യരാഷ്ട്ര സംഘടന ഓസോണ്‍ ദിനം ആചരിക്കാന്‍ തുടങ്ങി. ഓസോണ്‍ സംരക്ഷണ ഉടമ്പടിയായ മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ ഒപ്പുവെച്ച സെപ്റ്റംബര്‍ 16 ആണ് ഓസോണ്‍ ദിനാചരണത്തിനായി ഐക്യരാഷ്ട്ര സഭ തിരഞ്ഞെടുത്തത്.
1985-ല്‍ തന്നെ പ്രധാന സി.എഫ്.സി. നിര്‍മാതാക്കള്‍ ഉള്‍പ്പെടെ 20 രാജ്യങ്ങള്‍ വിയന്ന കണ്‍വെന്‍ഷനില്‍ ഒപ്പുവച്ചിരുന്നു. ഓസോണിനെ നശിപ്പിക്കുന്ന വസ്തുക്കളെക്കുറിച്ചുള്ള അന്താരാഷ്ട്ര നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു ചട്ടക്കൂട് ആദ്യമായി സ്ഥാപിച്ചത് ഈ കണ്‍വെന്‍ഷനിലാണ്. തുടര്‍ന്നാണ് ലോകരാജ്യങ്ങള്‍ മോണ്‍ട്രിയോളില്‍ ഒത്തുകൂടിയത്. 1989 ജനുവരി ഒന്നിന് മോണ്‍ട്രിയല്‍ ഉടമ്പടി പ്രാബല്യത്തില്‍ വരുകയും ചെയ്തു. ഓസോണിന്റെ നാശത്തിനിടയാക്കുന്ന വസ്തുക്കളുടെ ഉല്‍പാദനം, ഉപഭോഗം എന്നിവയെ നിയന്ത്രിക്കുന്നതിലൂടെ ഓസോണിനെ സംരക്ഷിക്കുക എന്നതായിരുന്നു ഉടമ്പടി. 197 അംഗങ്ങള്‍ ഒപ്പുവെച്ചപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തില്‍ എല്ലാവരും അംഗീകരിക്കുന്ന ആദ്യത്തെ ഉടമ്പടിയായി.
1991 മാര്‍ച്ച് 18-ന് ഇന്ത്യ, ഓസോണ്‍ സംരക്ഷണം ലക്ഷ്യമിട്ടുള്ള വിയന്ന കണ്‍വെന്‍ഷന്റെ ഭാഗമായി. 1992 ജൂണ്‍ 19-ന് മോണ്‍ട്രിയല്‍ ഉടമ്പടിയുടെ ഭാഗമായി. 1993 നവംബറില്‍ ഓസോണ്‍ സംരക്ഷണത്തിനായി ഒരു പരിപാടി രാജ്യം തയ്യാറാക്കി. ദേശീയ പരിസ്ഥിതിമന്ത്രാലയത്തിന് കീഴില്‍ ഒരു ഓസോണ്‍ സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. ഉടമ്പടിപ്രകാരം 2010 ജനുവരി ഒന്നിന് നുമുന്‍പ് സി.എഫ്.സി.യുടെയും സി.ടി.സിയുടെയും ഹാലോണിന്റെയും ഉത്പാദനവും ഉപയോഗവും പൂര്‍ണമായും ഇല്ലാതാക്കാന്‍ നമുക്ക് കഴിഞ്ഞതും വലിയ നേട്ടമാണ്.

ഫലപ്രദമായ പരിസ്ഥിതി സംരക്ഷണ ഉടമ്പടി
ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും ഫലപ്രദമായ പരിസ്ഥിതി സംരക്ഷണ ഉടമ്പടിയെന്ന് മോണ്‍ട്രിയല്‍ ഉടമ്പടിയെ വിശേഷിപ്പിച്ചാല്‍ തെറ്റുപറയാനാകില്ല. ലോകത്തിന് തന്നെ മാതൃകയായി നിലനില്‍ക്കുന്ന ഒന്നാണ് ഈ ഉടമ്പടി. ഭൂമിയില്‍ മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്ന ആഗോളതാപനം എന്ന വിപത്തിനെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചില രാജ്യങ്ങളുടെ നിര്‍ബന്ദബുദ്ധിക്ക് മുന്നില്‍ പാഴായിപ്പോകുമ്പോഴാണ് മോണ്‍ട്രിയല്‍ ഉടമ്പടി ഫലപ്രദമായി നടപ്പാക്കാന്‍ നമുക്ക് സാധിച്ചത്. ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകളുടെ ഉപയോഗം 98 ശതമാനത്തോളം കുറയ്ക്കാനും അതുവഴി ഓസോണ്‍ സംരക്ഷണത്തില്‍ ബഹുദൂരം മുന്നേറാനും ഈ ഉടമ്പടി വഴി കഴിഞ്ഞിട്ടുണ്ട്.
ഉടമ്പടിയില്‍ ഒപ്പിട്ട അംഗരാജ്യങ്ങള്‍ അത് പ്രകാരം പ്രവര്‍ത്തിച്ചാല്‍ അന്റാര്‍ട്ടിക്കിലെ ഓസോണ്‍ ദ്വാരം 2046-ന്റെയും 2057-ന്റെയും ഇടയില്‍ പൂര്‍ണമായും അടയും എന്നാണ് കണക്കാക്കിയിരുന്നത്. ഈ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ 1980-നു മുന്‍പുള്ള അവസ്ഥയിലേക്ക് ഓസോണ്‍പാളി തിരിച്ചെത്തുമെന്നും കരുതുന്നു. മോണ്‍ട്രിയല്‍ ഉടമ്പടി വന്നില്ലായിരുന്നെങ്കില്‍ ഓസോണ്‍ ദ്വാരത്തിന്റെ വലുപ്പം 2050 ആവുമ്പോഴേക്ക് പത്തുമടങ്ങ് വര്‍ധിക്കുമായിരുന്നുവെന്നാണ് ഇതിനിടയില്‍ പുറത്തുവന്ന പഠനങ്ങള്‍ സൂചിപ്പിച്ചത്. ഓസോണ്‍ പാളി സംരക്ഷണത്തിലൂടെ 2065 ആകുമ്പോഴേക്കും 6.3 മില്ല്യണ്‍ ആളുകളെ ത്വക്ക് ക്യാന്‍സര്‍ മരണത്തില്‍ നിന്ന് രക്ഷിക്കാമെന്നാണ് ചില പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഭൂമിയെ രക്ഷിക്കാന്‍ ഓസോണ്‍ വീണ്ടെടുപ്പ്
1984-ല്‍ കണ്ടെത്തുമ്പോള്‍ 7.3 മില്ല്യന്‍ സ്‌ക്വയര്‍ മൈല്‍ വിസ്തൃതിയുള്ളതായിരുന്നു ഓസോണ്‍ പാളിയിലെ ദ്വാരം. പ്രശ്‌നം തിരിച്ചറിഞ്ഞതോടെ പലരാജ്യങ്ങളും കമ്പനികളും ഓസോണിനെ നശിപ്പിക്കുന്ന രാസവസ്തുക്കളുടെ നിര്‍മാണം പൂര്‍ണമായി നിര്‍ത്തുകയോ നിര്‍മാണത്തില്‍ വലിയ തോതില്‍ കുറവ് വരുത്തുകയോ ചെയ്തു. ഇക്കാര്യത്തില്‍ മോണ്‍ട്രിയല്‍ ഉടമ്പടി വഹിച്ചത് വലിയ പങ്കാണ്. മോണ്‍ട്രിയല്‍ ഉടമ്പടി നടപ്പാക്കിയതിനുശേഷം ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള സംയുക്തങ്ങളുടെ അന്തരീക്ഷത്തിലെ സാന്നിധ്യം കുത്തനെ കുറയ്ക്കാനും കഴിഞ്ഞു. 1980- 90 കാലഘട്ടങ്ങളില്‍ വലുതായി വന്ന ഓസോണിലെ വിള്ളലുകള്‍ നാള്‍ക്കുനാള്‍ ചുരുങ്ങുന്നുവെന്ന സന്തോഷ വാര്‍ത്ത നേരത്തെ തന്നെ വന്നിരുന്നു. 2000 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ ശ്രദ്ധിച്ചപ്പോഴാണ് ഈ നേട്ടം ഗവേഷകരുടെ ശ്രദ്ധയാകര്‍ഷിച്ചത്.
മോണ്‍ട്രിയല്‍ ഉടമ്പടി നടപ്പാക്കി 35 വര്‍ഷത്തിനുശേഷം, ഓസോണ്‍ പാളി പുനരുജ്ജീവനത്തിന്റെ പാതയിലാണ്. 2055-2065 വര്‍ഷത്തോടെ ഓസോണ്‍ പാളി പൂര്‍ണമായും വീണ്ടെടുക്കുമെന്ന ശുഭപ്രതീക്ഷ നേരത്തെ തന്നെ ശാസ്ത്രലോകം പങ്കുവെച്ചിരുന്നു. എന്നാല്‍, ക്ലോളോ ഫ്‌ളൂറോ കാര്‍ബണില്‍ നിന്ന് ഹൈഡ്രോ ഫ്‌ളൂറോ കാര്‍ബണുകളിലേക്കുള്ള (എച്ച്.എഫ്.സി.) നമ്മുടെ മാറ്റവും പരിസ്ഥിതിക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു. ഇവ ആഗോളതാപനത്തിന് കാരണമാകുന്ന ശക്തമായ ഹരിതഗൃഹവാതകമായി പ്രവര്‍ത്തിക്കും എന്നത് തന്നെയാണ് കാരണം. തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ റുവാണ്‍ഡയുടെ തലസ്ഥാനമായ കിഗാലിയില്‍ 2016 ഒക്ടോബര്‍ 15-ന് ലോകരാജ്യങ്ങള്‍ വീണ്ടും ഒരു യോഗം ചേര്‍ന്ന് 2050-ഓടെ എച്ച്.എഫ്.സികളള്‍ 80 ശതമാനം കുറയ്ക്കുന്നതിനുള്ള കിഗാലി ഭേദഗതി വിഭാവനം ചെയ്യുകയുണ്ടായി.
ഓസോണ്‍ വീണ്ടെടുപ്പ് ശരിയായ പാതയില്‍
ഭൂമിയുടെ ഓസോണ്‍ പാളികള്‍ വീണ്ടെടുക്കലിന്റെ പാതയിലാണെന്നാണ് പുതിയ പഠനങ്ങള്‍ നല്‍കുന്ന സൂചന. ഓസോണിന് നാശം വരുത്തുന്ന കെമിക്കലുകളില്‍ നിന്നുള്ള സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഫലവത്തായി എന്നതിന്റെ കൂടി സൂചനയാണിത്. മോണ്‍ട്രിയല്‍ ഉടമ്പടിയുടെ ഭാഗമായി ഓസോണ്‍ പാളികളെ നാശത്തിലേക്ക് നയിക്കുന്ന 99 ശതമാനം വസ്തുക്കളും ഇതിനകം ലോകമെമ്പാടും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഫലമായി ഓസോണ്‍ ഡിപ്ലെറ്റിങ് സബ്സ്റ്റന്‍സസ് എന്ന് അറിയപ്പെടുന്ന വസ്തുക്കളില്‍ നിന്നുള്ള ട്രോപ്പോസ്ഫിയറിലെ ബ്രോമിന്റേയും ക്ലോറിന്റേയും അളവ് നിയന്ത്രിക്കാനായി എന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. ഒപ്പം ഓസോണ്‍ പാളിയിലെ വിള്ളല്‍ ചെറുതാകാന്‍ തുടങ്ങിയതായും യു.എന്‍. അറിയിച്ചു. 2000-ല്‍ 2.91 ചതുരശ്ര കിലോമീറ്ററായിരുന്നു വിള്ളല്‍. ഇതു 2.31 കോടി ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. നിലവിലെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെങ്കില്‍ 1980-ലേതിന് സമാനമായ അവസ്ഥയിലേക്ക് ഓസോണ്‍ പാളികള്‍ 2040 ഓടെ മടങ്ങുമെന്നാണ് റിപ്പോര്‍ട്ടില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. എന്നാല്‍ ധ്രുവപ്രദേശങ്ങളില്‍ ഇതിന് കുറച്ചുകൂടി സമയമെടുക്കും. അര്‍ട്ടിക്കില്‍ ഇത് 2045 ഓടെയും ആന്റാര്‍ട്ടിക്കില്‍ 2066 ഓടെയും 1980-ലേതിന് സമാനമായ അവസ്ഥയിലേക്ക് ഓസോണ്‍ പാളികള്‍ മടങ്ങുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
Content Highlights: Ozone layer recovery is on track, due to success of Montreal Protocol
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..