കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍വനമുള്ള നാടാണ് കണ്ണൂരിലെ കുഞ്ഞിമംഗലം. കണ്ടലിന്റെ പ്രാധാന്യം വരുംതലമുറയെ ബോധ്യപ്പെടുത്തിയും ഇടതടവില്ലാത്ത ജനകീയ സമരങ്ങളും നിയമപോരാട്ടങ്ങള്‍ നടത്തിയും കണ്ടലിനെ സംരക്ഷിച്ച് നിര്‍ത്തുകയാണ് ഇവിടത്തെ ജനങ്ങള്‍. സംസ്ഥാനത്ത് ആകെയുള്ള 17 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍ക്കാടുകളില്‍ 8.08 ശതമാനം കുഞ്ഞിമംഗലത്താണ്.

To advertise here,

1.374 ചതുരശ്ര കിലോമീറ്റര്‍ ചതുപ്പുകളില്‍ കണ്ടലുകള്‍ ഇടതൂര്‍ന്ന് വളര്‍ന്ന് പടര്‍ന്നുകിടക്കുന്നു. കണ്ടല്‍വന സംരക്ഷണത്തിന് നിരവധി പദ്ധതികളാണ് ഇവിടെ നടക്കുന്നത്. 1998-ല്‍ മൂന്നേക്കറും മൂന്നു സെന്റും കണ്ടല്‍ക്കാടുകള്‍ വിലകൊടുത്തു പരിസ്ഥിതി പ്രവര്‍ത്തകര്‍ വാങ്ങുകയായിരുന്നു. തുടര്‍ന്ന് പരിസ്ഥിതി സംഘടനയായ സീക്ക് തൊട്ടടുത്തു തന്നെയുള്ള നാലേക്കര്‍ കണ്ടല്‍ക്കാടും വിലയ്ക്ക് വാങ്ങി.

2003-ല്‍ ഡബ്ലു.ടി.ഐ. എന്ന സംഘടനയും കണ്ടല്‍ക്കാടുകള്‍ വിലകൊടുത്തു വാങ്ങി സംരക്ഷിക്കാന്‍ മുന്നോട്ട് വന്നു. 2023 ആയപ്പോള്‍ 43 ഏക്കറോളം കണ്ടല്‍ക്കാടുകള്‍ സംരക്ഷിതവനമായി മാറി. ഡബ്ലു.ടി.ഐ. കുഞ്ഞിമംഗലത്തെ എടാട്ട് സ്ഥാപിച്ച 'കണ്ണൂര്‍ കണ്ടല്‍ പ്രോജക്ട്' പഠനത്തിനം ഗവേഷണത്തിനുമായി കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പരിസ്ഥിതി പഠിതാക്കള്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കുന്നു.

കൂടാതെ തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുള്ള നിരവധി ക്യാമ്പുകളും ശില്‍പശാലകളും ഇവിടെ നടക്കുന്നുണ്ട്.

ഒളിഞ്ഞും തെളിഞ്ഞും കണ്ടല്‍ കൈയേറ്റം

കണ്ടല്‍ക്കാടുകള്‍ക്ക് നേരയുള്ള കൈയേറ്റങ്ങള്‍ വ്യാപകമായുണ്ട്. തീരദേശ നിയമങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ട് കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചും തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും ഭൂമാഫിയ ഇവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍സംഭവങ്ങളാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടെ ചെറുത്തുനില്‍പ് കൊണ്ടാണ് ഒരു പരിധിവരെ ഇവ തടയുന്നത്. നിലവിലുള്ള കണ്ടല്‍ക്കാടുകളുടെ സിംഹഭാഗവും സ്വകാര്യമേഖലയില്‍ ആയതിനാല്‍ വെട്ടിനശിപ്പിക്കാനും തണ്ണീര്‍ത്തടങ്ങള്‍ നികത്താനും സാധ്യതയുണ്ട്.

കൈയേറ്റങ്ങള്‍ തടയാനുള്ള ഫലപ്രദമായ വഴി, വ്യക്തികളുടെ കൈവശമുള്ളവ വില കൊടുത്തുവാങ്ങി സംരക്ഷിക്കുക എന്നതാണ്. ജില്ലയില്‍ മാത്രം 287 ഭൂവുടമകള്‍ കണ്ടല്‍ക്കാടുകള്‍ സര്‍ക്കാരിന് നല്‍കാന്‍ മുന്നോട്ട് വന്നിട്ട് ഒരു വര്‍ഷമായി. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല.