
വന്യജീവികളുടെ വംശനാശം പുതിയ കഥയല്ല. എന്നാൽ, ഒറ്റയ്ക്കൊരാൾ ജീവിവർഗത്തെ മാത്രമല്ല, ഒരു ജൈവവ്യവസ്ഥയെ തന്നെ നാശത്തിൽ നിന്ന് കരകയറ്റിയ ഒരു കഥയുണ്ട് കാടിന് പറയാൻ. അതിലെ നായകനാണ് എം 93. അഥവാ ദി ഓള്‍ഡ് ഗ്രേ ഗയ്. കാനഡയിൽ നിന്ന് മഞ്ഞുപാളികൾ കടന്നെത്തിയ ഒരു ചാരനിറക്കാരൻ ചെന്നായ്.
കനൈന്‍ പാവോവൈറസും ജനിതകപരമായി അടുത്തു ബന്ധം പുലര്‍ത്തുന്നവര്‍ തമ്മിലുള്ള പ്രജനനപ്രക്രിയയായ ഇന്‍ബ്രീഡിങ്ങും കാരണം വംശനാശത്തിന്റെ വക്കിലെത്തിയ അമേരിക്കയിലെ ഐല്‍ റോയാലിലെ ചെന്നായ് വർഗത്തിനും അവരുടെ ആവാസ വ്യവസ്ഥയ്ക്കുമാണ് എം 93 രണ്ടാം ജന്മം നൽകിയത്.
നാശത്തിന്റെ തുടക്കം
'1940-കളിലാണ് ഐല്‍ റോയാലിലെ ദ്വീപ് സമൂഹത്തില്‍ ചെന്നായ്കള്‍ ആദ്യം എത്തുന്നത്. ഈ ചെന്നായ്കളെ കുറിച്ച് 1950-കളിലാണ് ഗവേഷകര്‍ പഠിച്ചു തുടങ്ങിയത്. എൺപതുകളിൽ അവയ്ക്കിടയിൽ മാരകമായ കനൈന്‍ പാവോവൈറസ് വ്യാപകമായ പടര്‍ന്നുപിടിച്ചു. എഴുപത്തിയെട്ടിൽ കണ്ടെത്തിയ ഈ വൈറസ് രണ്ടു വർഷം കൊണ്ടു തന്നെ ലോകമെങ്ങും പടർന്നുപിടിച്ചിരുന്നു. ഇതാണ് ഐല്‍ റോയാലിലെ ചെന്നായ്ക്കളെയും ബാധിച്ചത്. ഇതോടെ ചെന്നായ്കളുടെ എണ്ണം 50-ല്‍ നിന്നും 12-ലേക്ക് ചുരുങ്ങി. 1980-കളുടെ അവസാനം വൈറസ് കളം വിട്ടെങ്കിലും ചെന്നായ്കളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായില്ല. പക്ഷെ വില്ലനായത് വൈറസ് മാത്രമായിരുന്നില്ല. ഏറെ നാളുകള്‍ക്ക് ശേഷം നടന്ന പഠനത്തില്‍ പ്രദേശത്തെ ചെന്നായ്കള്‍ ബ്രീഡിങ് ഡിപ്രഷന്‍ നേരിട്ടതായി കണ്ടെത്തി. ഈ അവസ്ഥ ചെന്നായ് കുഞ്ഞുങ്ങളുടെ അതിജീവനത്തെയും അവയുടെ പ്രത്യുത്പാദനശേഷിയെയും ബാധിച്ചു.
സ്ഥിതി രൂക്ഷമായി
ചെന്നായ്കളുടെ എണ്ണം കുറയലിന് പിന്നില്‍ വൈറസ് മാത്രമാണെന്ന് കരുതിയ ഗവേഷകര്‍ വൈകിയാണ് ഇന്‍ബ്രീഡിങ് ഡിപ്രഷനെന്ന രോഗാവസ്ഥ തിരിച്ചറിയുന്നത്. അപ്പോഴേക്കും സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായിരുന്നു. ചെന്നായ്കള്‍ക്ക് സാധാരണയായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ പോലും കുറവുണ്ടായി. ജനിക്കുന്നവ പോലും അതിജീവനത്തിന് ബുദ്ധിമുട്ടുന്ന അവസ്ഥ. സാധാരണ തങ്ങളുടെ ശരീരത്തിന്റെ ഇരട്ടിഭാരമുള്ള മൂസുകളാണ് ഇവയുടെ ഭക്ഷണം. ശാരീരികശേഷി കുറഞ്ഞതോടെ ചെന്നായ്ക്കൾക്ക് മൂസുകളെ വേട്ടയാടാൻ കഴിയാതെയായി. ഇത് ഇവരുടെ വംശനാശത്തിന് ആക്കംകൂടി.
മിക്ക ചെന്നായ്കളുടെ നട്ടെല്ലിന്റെ ഭാഗത്തുള്ള എല്ലിന്റെ ആകൃതിയിലും വ്യത്യാസങ്ങളുണ്ടായിരുന്നു. ഐല്‍ റോയാലിലെ ചെന്നായ്കളുടെ ഏറിയ പങ്കും വിദൂരപ്രദേശങ്ങളിലാണ്. മറ്റ് ചെന്നായ്കള്‍ക്ക് പ്രധാന ഇടങ്ങളില്‍ നിന്നും ദ്വീപ് സമൂഹത്തിലേക്ക് എത്താനുള്ള മാര്‍ഗം ഐസ് ബ്രിഡ്ജുകളായിരുന്നു. ആഗോള താപനം മൂലം ഐസ് ബ്രിഡ്ജുകള്‍ രൂപപ്പെടുന്ന തോത് കുറഞ്ഞു. ഇതോടെ ദ്വീപ് സമൂഹത്തിലുള്ള ചെന്നായ്കള്‍ തമ്മിലുള്ള ഇന്‍ബ്രീഡിങ് വ്യാപകമായി.
'പ്രധാനമായും നായകളെ ബാധിക്കുന്ന പകര്‍ച്ചവ്യാധിയാണ് കനൈന്‍ പാവോവൈറസ്. കുത്തിവെപ്പിലൂടെ രോഗപ്രതിരോധ ശേഷി നേടാം. കുറുക്കന്‍, ചെന്നായ് പോലുള്ള ജീവിവിഭാഗങ്ങളെയും ഈ രോഗം ബാധിക്കും'
'ദ ഓള്‍ഡ് ഗ്രേ ഗയ്' എന്ന രക്ഷകന്‍
1997-ലാണ് ദി ഓള്‍ഡ് ഗ്രേ ഗയ് എന്ന രക്ഷകന്റെ കഥ ആരംഭിക്കുന്നത്. കാനഡയെയും ഐല്‍ റോയാലിനെയും ബന്ധിപ്പിക്കുന്ന 15 മൈല്‍ വരുന്ന ഐസ് ബ്രിഡ്ജിലൂടെയായിരുന്നു ഈ രക്ഷകന്റെ വരവ്. എം93 എന്നും അറിയപ്പെടുന്ന ചെന്നായയുടെ വരവോടെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു. മറ്റ് ചെന്നായ്കളുമായി എം93 ഇണചേര്‍ന്നു തുടങ്ങി. ഇതോടെ ഐല്‍ റോയാലിലെ ചെന്നായ്കളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. തൊട്ടടുത്ത വര്‍ഷങ്ങളില്‍ 12 ചെന്നായ്കളെന്നത് 30 ലേക്ക് ഉയര്‍ന്നു. തദ്ദേശീയ വിഭാഗത്തില്‍പ്പെടുന്ന മറ്റ് ചെന്നായ്കളുമായി അടുത്തു ബന്ധം പുലര്‍ത്തുന്ന ചെന്നായ് വിഭാഗമല്ലായിരുന്നു എം 93. ഇത് കൂടുതല്‍ മെച്ചപ്പെട്ട ചെന്നായ് കുഞ്ഞുങ്ങള്‍ ജനിക്കാന്‍ കാരണമായി.
മാറ്റങ്ങളുടെ തുടക്കം
ഐല്‍ റോയാലിലെ തനത് ചെന്നായ് വിഭാഗങ്ങളെക്കാള്‍ കൂടുതല്‍ വലിപ്പം എം93ക്കുണ്ടായിരുന്നു. അതിര്‍ത്തി സംരക്ഷിക്കാനും വലിപ്പം കൂടിയ മൂസ് പോലുള്ള ഇരകളെ പിടിക്കാനും ഇത് സഹായകരമാകും. ചെന്നായ്കളുടെ എട്ടിരട്ടി ഭാരമാണ് മൂസുകള്‍ക്കുള്ളത്. എട്ടുവര്‍ഷത്തിനിടെ ഇണചേര്‍ന്ന് 34 കുട്ടികളാണ് എം 93ക്കുണ്ടായത്. ഇന്‍ബ്രീഡിങ് തോത് കുറയ്ക്കുക മാത്രമല്ല, ഏതാനും പുതിയ ജീനുകളെ അംഗസംഖ്യയിലേക്ക് എം93 അവതരിപ്പിക്കുകയും ചെയ്തു. എം93യുടെ വരവോടെ ഇരതേടലിലും മാറ്റങ്ങളുണ്ടായി. മുന്‍പ് ഉണ്ടായിരുന്നതിനെക്കാള്‍ മെച്ചപ്പെട്ട നിലയില്‍ ചെന്നായ്കള്‍ മൂസുകളെ പിടികൂടുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഐല്‍ റോയാലിലെ സസ്യഭുക്കായ ഏറ്റവും വലിയ ജീവിവിഭാഗം കൂടിയാണ് മൂസുകള്‍.

എണ്ണം കുറഞ്ഞു, കാട് വളര്‍ന്നു
എം 93യുടെ വരവോടെ ചെന്നായ്കളുടെ പ്രധാന ഇരയായിരുന്ന മൂസുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. ഇത് ഐല്‍ റോയാലിന്റെ കാടുകളിലും പ്രതിഫലിച്ചു. സസ്യഭുക്കുകളായ മൂസുകള്‍ കൂടുതലായും ആഹാരമാക്കിയിരുന്നത് ബോള്‍സം ഫര്‍ എന്ന മരത്തിന്റെ ഇലകളെയാണ്. ഐല്‍ റോയാലിലെ മറ്റനേകം വന്യജീവികള്‍ക്ക് ആഹാരവും അഭയവുമാണ് ബോള്‍സം ഫര്‍ മരങ്ങള്‍' മൂസുകളുടെ എണ്ണം കുറഞ്ഞതോടെ ബോള്‍സം ഫര്‍ മരങ്ങളില്‍ ഭക്ഷണം തേടുന്ന വന്യജീവികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. ഇതോടെ കാടുകളിലെ ബോള്‍സം ഫര്‍ മരങ്ങള്‍ നല്ലോണം വളര്‍ന്ന് തുടങ്ങി. മൂസുകള്‍ ആഹാരം തേടുന്നതോടെ പല മരങ്ങള്‍ക്കും വളര്‍ച്ച പോലും ലഭിക്കാത്ത അവസ്ഥയാണ് മുന്‍പ് ഉണ്ടായിരുന്നത്. ഇതിന് മാറ്റമുണ്ടായി. 2008-18 കാലയളവില്‍ ചെന്നായ്കളുടെ എണ്ണം വീണ്ടും മോശം ജനിതക ആരോഗ്യനില അഭിമുഖീകരിച്ചു. ഈ സമയത്താണ് മൂസുകളുടെ എണ്ണം വീണ്ടും ഉയരുന്നത്.

വിട്ട് പിരിഞ്ഞ എം93
എം93യുടെ വരവോടെ ചെന്നായ് വംശത്തിനാകെ ഐല്‍ റോയാലില്‍ മാറ്റങ്ങളുണ്ടായി എന്നതില്‍ ഗവേഷകര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ മാറ്റങ്ങള്‍ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. 2006-ലാണ് ഒരു വംശത്തെ ആകെ സംരക്ഷിക്കാന്‍ വിധിക്കപ്പെട്ട എം93 എന്ന ചെന്നായ് ചാകുന്നത്. 2008-ല്‍ എം 93 ഏകിയ നിറങ്ങളെല്ലാം പതിയെ മാഞ്ഞ് തുടങ്ങി. തുടക്കത്തില്‍ ഐല്‍ റോയാലിലെ ചെന്നായ്കളുമായി യാതൊരു ബന്ധവും പുലര്‍ത്താത്തിരുന്ന എം 93 ഒടുവില്‍ ദ്വീപിലെ ചെന്നായ്കളുടെ അടുത്ത ബന്ധുക്കളായി. മാത്രവുമല്ല തന്റെ യഥാര്‍ത്ഥ ഇണയുടെ മരണത്തിനുശേഷം എം 93 മകളുമായി ഇണചേര്‍ന്നു. നിലവില്‍ ഈ ചെന്നായയുടെ മക്കള്‍ പരസ്പരം ബ്രീഡിങ് നടത്തുന്നുണ്ട്. വീണ്ടും കാട്ടില്‍ ഇന്‍ബ്രീഡിങ് നടന്നു. ഇത് 2015 വരെ വീണ്ടും ചെന്നായ്കളുടെ എണ്ണം കുറയാന്‍ കാരണമായി.
2008-ലെ കണക്കുകള്‍ പ്രകാരം 60 ശതമാനം ചെന്നായ്കളുടെയും ജീന്‍ പൂള്‍ (എല്ലാ ജീനുകളുടെയും, അല്ലെങ്കില്‍ ജനിതകവിവരങ്ങളുടെയും സഞ്ചയമാണ് ജീന്‍ പൂള്‍) എം 93യില്‍ നിന്നുള്ളതായിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു. 2018-ല്‍ നടത്തിയ ദ്വീപില്‍ ഏതാനും ചെന്നായ്കളെ അവതരിപ്പിച്ചിരുന്നു. ഇതോടെ ഇവയുടെ എണ്ണം വീണ്ടും ഉയര്‍ന്നു. നിലവില്‍ ദ്വീപില്‍ 31 ഓളം ചെന്നായ്കള്‍ ഉള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്‍ബ്രീഡിങ് നടത്തുന്ന ജീവിവിഭാഗങ്ങളുടെ സംഘത്തിലേക്ക് അതേ വിഭാഗത്തിലെ തന്നെ മറ്റൊരാളെ അവതരിപ്പിച്ച് അതുവഴി എണ്ണം കൂട്ടുന്നതിനെ ജെനിറ്റിക് റെസ്‌ക്യുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഐല്‍ റോയാലില്‍ സംഭവിച്ചത് അതല്ലെന്നാണ് മിഷിഗണ്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് പ്രൊഫസറായ റോള്‍ഫ്. ഒ പീറ്റേഴ്‌സണ്‍ പറയുന്നത്.

ജെനിറ്റിക് റെസ്‌ക്യു
വിരലിലെണ്ണാവുന്ന വട്ടം മാത്രമാണ് ലോകമെമ്പാടും ഇതുവരെ ജെനറ്റിക് റെസ്‌ക്യു നടത്തിയിട്ടുള്ളത്. ലോകമെമ്പാടും ഇതുവരെ നടത്തിയ ജെനറ്റിക് റെസ്‌ക്യുവിന് ഏറ്റവും വലിയ ഉദാഹരണമാണ് ഫ്‌ളോറിഡ പാന്തറുകളുടേത്. 1980-കളില്‍ ഫ്‌ളോറിഡയിലെ പാന്തറുകളുടെ അംഗസംഖ്യ വെറും 30 മാത്രമായിരുന്നു. ഇത്ര ചെറിയ അംഗസംഖ്യയില്‍ ഇന്‍ബ്രീഡിങ് പോലുള്ള പ്രജനന രീതി വ്യാപകമായി നിലനിന്നിരുന്നു. ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കാകട്ടെ ജനിതക തകരാറുകളും രോഗങ്ങളും. 1990-കളില്‍ വിദഗ്ധര്‍ ഇണചേരലിനായി ടെക്‌സാസില്‍ നിന്ന് പ്യൂമകളെ അവതരിപ്പിച്ചു. ഇതോടെ ഫ്‌ളോറിഡ പാന്തറുകളുടെ അംഗസംഖ്യ 120-230 വരെയായി വര്‍ധിച്ചു. ഫ്‌ളാറിഡ പാന്തറുകളുടെ സംരക്ഷണത്തിനായി നടത്തിയ ജെനറ്റിക് റെസ്‌ക്യുവിന് പക്ഷേ ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ അടുത്തിടെ നടത്തിയ പഠനം പറയുന്നത്.
ചെന്നായ്കളെ അവതരിപ്പിക്കുന്നു
മിനിസോട്ട, കാനഡ തുടങ്ങിയവിടങ്ങളില്‍ നിന്ന് ജീവശാസ്ത്രജ്ഞര്‍ ചെന്നായ്കളെ പിടികൂടി ദ്വീപില്‍ എത്തിക്കാന്‍ ആരംഭിച്ചു. കൃത്യം ഒരുവര്‍ഷത്തിന് ശേഷം 2019-ല്‍ ചെന്നായ് കുഞ്ഞുങ്ങള്‍ ദ്വീപില്‍ പിറന്നു. 2020, 2021 എന്നീ വര്‍ഷങ്ങളിലും ഇത്തരം സംഭവങ്ങള്‍ ദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്തു. മുതിര്‍ന്ന ചെന്നായ്കളുടെ ആയുസ്സിലും നേരിയ വര്‍ധനവുണ്ടായി.
പുതിയ റിപ്പോര്‍ട്ടുകള്‍
2023-ലെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐല്‍ റോയാലില്‍ ചെന്നായ്കളുടെ എണ്ണം കൂടിയപ്പോള്‍ മൂസുകളുടെ അംഗസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തി. മിഷിഗണ്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച് വിവരങ്ങളുള്ളത്. നിലവില്‍ 31 ചെന്നായ്കളാണ് മേഖലയിലുള്ളത്. മുന്‍കാലങ്ങളില്‍ നിന്ന് വിപിരീതമായി ദ്വീപിന്റെ മധ്യഭാഗത്തും ചെന്നായ്കളുടെ സാന്നിധ്യം രേഖപ്പെടുത്തി. നാലര വര്‍ഷമാണ് കാട്ടുചെന്നായ്കളുടെ ശരാശരി ആയുസ്സ്. മൂസുകളുടെ എണ്ണം 1,346-ല്‍ നിന്ന് 967-ലേക്ക് ചുരുങ്ങി. 2019-മുതല്‍ ഇവയുടെ എണ്ണത്തിലുണ്ടായ ഇടിവ് 54 ശതമാനമാണ്.
എം93 നല്‍കുന്ന പാഠങ്ങള്‍
വേരറ്റു കൊണ്ടിരുന്ന ചെന്നായ് വംശത്തെയാകെ സംരക്ഷിക്കാനെത്തിയ എം93 പ്രധാനമായും മൂന്ന് പാഠങ്ങളാണ് നല്‍കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഒറ്റയൊരാളുടെ വരവോട് കൂടി തന്നെ അംഗസംഖ്യയുടെ ജനിതക ആരോഗ്യത്തിലും, ശാരീരിക ആരോഗ്യത്തിലും കാതലായ മാറ്റങ്ങളുണ്ടാകും. ഇന്‍ബ്രീഡിങ് പോലുള്ള പ്രതിഭാസങ്ങള്‍ മുഴുവന്‍ ആവാസവ്യവസ്ഥയില്‍ തന്നെയുണ്ടായേക്കാമെന്നാണ് രണ്ടാമത്തെ പാഠം. ലോകമെമ്പാടുമുള്ള മുന്‍നിര വേട്ടക്കാരായ ജീവിവിഭാഗങ്ങളുടെ അംഗസംഖ്യ കുറഞ്ഞു കൊണ്ടിരിക്കുകയായിരിക്കും. ആവാസവ്യവസ്ഥ നാശം പോലുള്ളവ ഇന്‍ബ്രീഡിങിന് ആക്കം കൂട്ടുന്നു. ആവാസവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന രണ്ട് ജീവിവിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധമാണ് എം93 നല്‍കുന്ന മൂന്നാമത്തെ പാഠം. ഒരു ജീവിവിഭാഗത്തിന്റെ ആരോഗ്യം ഇതുവഴി മറ്റൊരു വിഭാഗത്തെയും ബാധിക്കുന്നു.

ഐല്‍ റോയാല്‍ വൂള്‍ഫ്-മൂസ് പ്രൊജ്ക്ട്
1958-ലാണ് ഐല്‍ റോയാല്‍ വൂള്‍ഫ്-മൂസ് പ്രൊജ്ക്ട് എന്ന പദ്ധതി പ്രാബല്യത്തില്‍ വരുന്നത്. മിഷിഗണ്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് വര്‍ഷങ്ങളായി പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഐല്‍ റോയാലിലെ മുന്‍നിര വേട്ടക്കാരായ ചെന്നായ്കളെയും സസ്യഭുക്കുകളായ മൂസുകളെയും കേന്ദ്രീകരിച്ചുള്ളതാണ് പദ്ധതി. ദശാബ്ദങ്ങളായി ഐല്‍ റോയാലിലെ മൂസുകളുടെയും ചെന്നായ്കളുടെയും എണ്ണത്തിലെ വ്യതിയാനങ്ങള്‍ രേഖപ്പെടുത്തി പോരുന്നത് ഈ പദ്ധതി പ്രകാരമാണ്. ഈ രണ്ട് ജീവിവിഭാഗങ്ങളും നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും പദ്ധതിയിലൂടെയാണ് പുറത്തു വന്നത്. 1970-കളിലാണ് ഐല്‍ റോയാല്‍ വൂള്‍ഫ്-മൂസ് പ്രൊജ്ക്ടിന്റെ നേതൃനിരയിലേക്ക് റോള്‍ഫ് വരുന്നത്. 1990-കളില്‍ കണ്ടെത്തിയ ചെന്നായ്കളുടെ അസ്ഥികൂടങ്ങളില്‍ അസ്വാഭാവികതയുണ്ടായിരുന്നു (abnormaltiy). ചെന്നായ് കുഞ്ഞുങ്ങളുടെ ജനനം രേഖപ്പെടുത്താത്ത വര്‍ഷങ്ങളുമുണ്ട്. 2012-ല്‍ ചെന്നായ്കള്‍ക്ക് യാതൊരു കുഞ്ഞുങ്ങളും പിറന്നില്ല. 2013-ല്‍ പിറന്നതാകട്ടെ വെറും രണ്ടോ മൂന്നോ കുഞ്ഞുങ്ങളും.
ചാര ചെന്നായ് അഥവാ ഗ്രേ വൂള്‍ഫ്
1948-ലെ ശീതക്കാലത്ത് കാനഡയില്‍ നിന്ന് ഐല്‍ റോയാല്‍ ദ്വീപിലേക്ക് രൂപപ്പെട്ട ഐസ് ബ്രിഡ്ജിലൂടെയാണ് ചാര ചെന്നായ്കള്‍ ആദ്യമായി എത്തിയതെന്നാണ് കരുതപ്പെടുന്നത്. ടിംബര്‍ വൂള്‍ഫെന്നും അറിയപ്പെടുന്ന ഇവര്‍ ദ്വീപിലെ മുന്‍നിര വേട്ടക്കാരാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചാര നിറം കലര്‍ന്നതാണ് ശരീരം. ബീവര്‍, സ്‌നോഷൂ ഹെയര്‍ എന്നിവയെ ചെന്നായ്കള്‍ ആഹാരമാക്കുന്നുണ്ടെങ്കിലും നാലോ എട്ടോ പേര് ഉള്‍പ്പെടുന്ന സംഘം മൂസ് പോലുള്ള ജീവികളെയാകും ഇരതേടി ഭക്ഷിക്കുക. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാകും ബ്രീഡിങ് നടക്കുക. ഏപ്രില്‍, മേയ് മാസങ്ങളില്‍ കുഞ്ഞുങ്ങള്‍ ജനിക്കും. നാല് മുതല്‍ ഏഴ് വരെ കുഞ്ഞുങ്ങള്‍ ഒരുപ്രസവത്തിലുണ്ടാകും. ആദ്യ ആറ് മുതല്‍ ഏട്ട് വരെ ആഴ്ചകളില്‍ ഗുഹകളില്‍ തന്നെയാകും കുഞ്ഞുങ്ങള്‍ കഴിയുക. ദേശാടന സ്വഭാവം കാട്ടാറില്ലെങ്കിലും വേട്ടയാടലിനായി മറ്റിടങ്ങളിലേക്ക് ചാര ചെന്നായ്കള്‍ യാത്ര ചെയ്യും.
"ചെന്നായ്കളുടെ അംഗസംഖ്യയോട് മാത്രം ചേര്‍ത്തു വായിക്കാവുന്ന ഒന്നല്ല എം93യുടെ പൈതൃകം. മൂസെന്ന മറ്റൊരു ഐതിഹാസികമായ ജീവിവിഭാഗത്തിന്റെ കഥ കൂടിയാണ് അത് നമ്മുടെ മുന്നിലേക്ക് എത്തിക്കുന്നത്"
സാറ ഹോയ്, (കോ-ലീഡര്‍, ഐല്‍ റോയാല്‍ വൂള്‍ഫ്-മൂസ് സ്റ്റഡി)
Content Highlights: lone immigrant wolf leads to the increase in number of wolfs in isle royale, story of m93
Published: 03 Sept 2023, 03:18 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented